Special Report

സൈക്കിള്‍ ഓടിക്കാനറിയാത്ത എന്റെ മോന്‍ എങ്ങനെ കാറെടുക്കും, കാര്‍ മോഷണക്കേസില്‍ റിമാന്റിലായ ആദിവാസി യുവാവിന്റെ അമ്മ ചോദിക്കുന്നു

സൈക്കിള്‍ പോലും ഓടിക്കാനറിയാത്ത ആദിവാസി യുവാവിനെ കാറ് മോഷണക്കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ സമരത്തില്‍. വയനാട് മീനങ്ങാടി അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ 22 കാരനായ ദീപുവിനെ കാര്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പോലീസ് പിടിച്ച് കൊണ്ടുപോയത്. സുല്‍ത്താന്‍ബത്തേരി പോലീസാണ് ദീപുവിനെ അറസ്റ്റ് ചെയ്തത്. വാഹനമോഷണത്തിന് പുറമേ സ്വര്‍ണക്കവര്‍ച്ച കേസിലും ദീപു കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. എസ്.ടി പ്രെമോട്ടറാണ് അറസ്റ്റ് വിവരം അറിയിച്ചതെന്ന് ദീപുവിന്റെ അമ്മ ലീല ദ ക്യുവിനോട് പറഞ്ഞു. ജില്ലാ ജയിലിലാണ് ദീപു ഇപ്പോള്‍ ഉള്ളത്. ദീപുവിനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.

സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മാ, എനിക്ക് ഒന്നും അറിയില്ല, വീട്ടില്‍ പോകാമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്ന് ദീപുവിന്റെ അമ്മ ലീല പറയുന്നു.

നവംബര്‍ അഞ്ചിനായിരുന്നു ദീപുവിന്റെ അറസ്റ്റ്. സുല്‍ത്താന്‍ബത്തേരിയില്‍ കാറില്‍ ചാരി നിന്ന ദീപു കാറ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ഉടമ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ദീപുവിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. പിറ്റേ ദിവസം സ്റ്റേഷനിലെത്തിയ ബന്ധുക്കളോട് ദീപു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച കാര്‍ ദീപു രണ്ട് കിലോമീറ്ററോളം ഓടിച്ച് കൊണ്ടു പോയെന്നാണ് മഹസില്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മാ, എനിക്ക് ഒന്നും അറിയില്ല, വീട്ടില്‍ പോകാമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്ന് ദീപുവിന്റെ അമ്മ ലീല പറയുന്നു. എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ പോലീസുകാര്‍ ദീപുവിനെ അകത്തേക്ക് കൊണ്ടുപോയെന്നും ലീല പറഞ്ഞു.

എന്താണ് കേസെന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍ത്തിയിട്ട കാറിന് പുറകില്‍ ചാരി നില്‍ക്കുകയായിരുന്നുവെന്നും പിന്നീട്് ഓടിച്ച് പോയെന്നുമായിരുന്നു പോലീസിന്റെ മറുപടി. സൈക്കിള്‍ പോലും ഓടിക്കാനറിയാത്തവന്‍ എങ്ങനെ കാറ് ഓടിക്കുമെന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ പോലീസ് പ്രതികരിച്ചില്ല. കാറും ജീപ്പും ബൈക്കുമെല്ലാം ഓടിക്കുമെന്ന് ദീപു സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

ദീപു കാറോടിക്കുന്നത് ഞങ്ങള്‍ക്ക് കാണിച്ച് തരൂ എന്ന് പറഞ്ഞിട്ടും പോലീസുകാര്‍ മിണ്ടിയില്ല. പത്താം ക്ലാസിന് ശേഷം കൂലിപ്പണിക്ക് പോയതാണ് ദീപു. അവന് വണ്ടിയൊന്നും ഓടിക്കാന്‍ അറിയില്ല. കാറിന്റെ ഉടമ പത്ത് മണിക്ക് വരും എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ വൈകുന്നേരം കാത്തിരുന്നു. അയാള്‍ വന്നില്ല.
ലീല

അന്വേഷിച്ച് ചെന്ന ബന്ധുക്കളോട് പോലീസ് മോശമായി പെരുമാറിയെന്നും തങ്ങളുടെ മുന്നില്‍ വച്ച് ദീപുവിനെ മര്‍ദ്ദിച്ചുവെന്നും ലീല പരാതിപ്പെടുന്നു.

ദീപു ജയിലിലായതോടെ കുടുംബം പട്ടിണിയിലാണെന്ന് അമ്മ ലീല പറയുന്നു. ദീപു കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ദീപു ജയിലിലായിട്ട് ദിവസങ്ങളായിട്ടും ജനപ്രതിനിധികളോ എസ്ടി പ്രെമോട്ടറോ സഹായിക്കാനെത്തിയില്ലെന്നും പരാതിയുണ്ട്.

മറ്റ് മോഷണക്കേസുകളിലും ദീപു പ്രതിയാണെന്ന് പോലീസ് ആരോപിക്കുന്നു.ഒക്ടോബര്‍ 30ന് മോഷ്ടിച്ച ബൈക്ക് തള്ളി മീനങ്ങാടി സ്‌റ്റേഡിയത്തിന് സമീപം കൊണ്ടുവച്ചു, നവംബര്‍ 2ന് വീട് കുത്തിത്തുറന്ന് മൊബൈല്‍ ഫോണും സ്വര്‍ണവും പണവും മോഷ്ടിച്ചുവെന്നുമാണ് കേസുകള്‍. ഈ കുറ്റങ്ങളും ദീപു സമ്മതിച്ചതായാണ് പോലീസിന്റെ വാദം. പരാതിയില്‍ അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ ദീപുവിനെ പോലീസ് പ്രതിയാക്കിയെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസ് വനിതാ പ്രസ്ഥാനം ആരോപിക്കുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT