Special Report

‘ഒതുക്കാമെന്നും വായമൂടിക്കെട്ടാമെന്നും കരുതേണ്ട’; സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാരിന് മുന്നില്‍ കൈനീട്ടാനില്ലെന്ന് കെമാല്‍ പാഷ

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

സുരക്ഷ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കം പ്രതികാരനടപടിയാണെന്നും ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. പല വിഷയങ്ങളിലും പൊലീസിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ചിരുന്നു. സുരക്ഷ പിന്‍വലിക്കുന്നതിലൂടെ വായമൂടാനുള്ള സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. സുരക്ഷ പിന്‍വലിച്ചതുകൊണ്ട് ദുര്‍ബലനാകില്ല. ആശയം വിനിമയം നടത്തുക എന്നത് ഓരോരുത്തരുടേയും അവകാശമാണ്. സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാരിന് മുന്നില്‍ കൈനീട്ടില്ല. ചൂണ്ടിക്കാട്ടേണ്ടത് ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് പറയുക തന്നെ ചെയ്യുമെന്നും കെമാല്‍ പാഷ 'ദ ക്യു'വിനോട് പ്രതികരിച്ചു.

സര്‍ക്കാരിന് വേണ്ടി മാത്രം സംസാരിക്കുന്നവര്‍ക്ക് ജുഡീഷ്യല്‍ കമ്മീഷന്റേയും മറ്റും പേരില്‍ വാരിക്കോരി കൊടുക്കും. അങ്ങനെയുള്ളവര്‍ക്കൊന്നും ഒരു പ്രശ്‌നവുമുണ്ടാകില്ല. അതൊന്നും വേണ്ടാ എന്ന് പറയുന്നവര്‍ക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
കെമാല്‍ പാഷ
കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന നാല് പൊലീസുകാരെ ഇന്ന് ഉച്ചയോടെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയാണ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വാളയാര്‍ കേസിലും പാലക്കാട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിലും രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിലും നിശിതമായി തന്നെ പൊലീസിനെയും സര്‍ക്കാരിനേയും വിമര്‍ശിച്ചിരുന്നു. സത്യമാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് വിമര്‍ശിച്ചത്. അതെല്ലാം ഇത്തരമൊരു പ്രതികാര നടപടിക്ക് കാരണമാണ്. പൊലീസ് അസോസിയേഷന് വലിയ വിരോധമുണ്ടായി. പൊലീസ് അസോസിയേഷന്‍ ശക്തമായ ഒരു സംവിധാനമാണ്. അവര്‍ വിചാരിച്ചാല്‍ എന്തും ചെയ്യിപ്പിക്കാം. എന്നെ ഒരു പാഠം പഠിപ്പിക്കാമെന്ന് കരുതിയാണ് ഇപ്പോള്‍ സുരക്ഷ പിന്‍വലിച്ചിരിക്കുന്നത്.

പൊലീസിനെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് മുഖ്യമന്ത്രി വന്നെന്നിരിക്കും. അതിന് ഞാന്‍ അല്ല ഉത്തരവാദി. അവര്‍ക്കൊക്കെ ദേഷ്യം വന്നിരിക്കാം.
കെമാല്‍ പാഷ

സുരക്ഷ പിന്‍വലിച്ചാലൊന്നും ഞാന്‍ ദുര്‍ബലനാകില്ല. അത് അവരുടെ തെറ്റിദ്ധാരണയാണ്. സുരക്ഷ പിന്‍വലിച്ചെന്ന് കരുതി ഞാന്‍ വീട്ടിലിരിക്കാനൊന്നും പോകുന്നില്ല. ഇപ്പോള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഇനിയും പറയും. ഒന്നും വെറുതേ പറയാറില്ല. ആശയവിനിമയം നടത്തുക എന്നത് എന്റെ അവകാശമാണ്. അത് ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്. അതിനെതിരെ ഇത്തരത്തില്‍ പ്രതികാര നടപടി സ്വീകരിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല. എന്റെ വായമൂടാന്‍ വേണ്ടിയാണ് ഈ നീക്കമെന്നതില്‍ സംശയമില്ല. ആ സന്ദേശം തന്നെയാണ് നല്‍കിയത്. എന്റെ വായമൂടാമെന്നത് അവരുടെ വ്യാമോഹം മാത്രമാണ്. അടങ്ങിയിരിക്കാന്‍ പോകുന്നില്ല. പാവങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രതികരിക്കേണ്ട അവസരങ്ങളിലൊക്കെ പ്രതികരിക്കും. വീഴ്ച്ചകളുണ്ടായാല്‍ ഇനിയും ചൂണ്ടിക്കാണിക്കും. അതിന്റെ പേരില്‍ ഇങ്ങനെ ഒതുക്കാമെന്നൊന്നും ആരും വിചാരിക്കേണ്ട. അങ്ങനെയാകാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.

മറ്റുള്ളവര്‍ക്ക് കൂടിയുള്ള സന്ദേശമായിരിക്കും ഇത്. അധികാരും ഇങ്ങനെ വിമര്‍ശിക്കാറില്ല. സര്‍ക്കാരിന്റെ എച്ചില്‍ വേണമെന്ന് തീരുമാനിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. അവരാരും ഒന്നും പറയാറില്ല. ഞാന്‍ സര്‍ക്കാരില്‍ നിന്നും അനധികൃതമായി ഒന്നും വാങ്ങിക്കാറില്ല. സുരക്ഷ എന്നത് സര്‍ക്കാര്‍ എനിക്ക് കനിഞ്ഞ് തരുന്ന കാര്യമല്ല. ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ചെയ്തിട്ടുള്ള കാര്യത്തിന് എനിക്ക് സുരക്ഷാ ഭീഷണിയുള്ളതുകൊണ്ട് നല്‍കിയതാണ്. ആരുടേയും വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണമല്ല അത്. എന്റേയും ജനത്തിന്റേയും നികുതിപ്പണമാണ്. മിണ്ടാതിരുന്നതുകൊണ്ടല്ല സുരക്ഷാ ഭീഷണിയുണ്ടായത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ ഭീഷണികളുണ്ടാകുന്നത് സ്വാഭാവികമാണ്. സുരക്ഷയ്ക്ക് വേണ്ടി ആരുടേയും മുന്നില്‍ കൈ നീട്ടാനില്ല.

സര്‍ക്കാരിന് വേണ്ടി മാത്രം സംസാരിക്കുന്നവര്‍ക്ക് ജുഡീഷ്യല്‍ കമ്മീഷന്റേയും മറ്റും പേരില്‍ വാരിക്കോരി കൊടുക്കും. അങ്ങനെയുള്ളവര്‍ക്കൊന്നും ഒരു പ്രശ്‌നവുമുണ്ടാകില്ല. അതൊന്നും വേണ്ടാ എന്ന് പറയുന്നവര്‍ക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. എനിക്കീ പിച്ചക്കാശ് വേണ്ട, ജനങ്ങളുടെ കാശ് മുടിക്കുന്ന ഒരു കാര്യത്തിനും ഞാന്‍ തയ്യാറല്ല എന്നെല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ജനങ്ങള്‍ക്ക് വേണ്ടി എന്റെ എന്ത് സേവനം ആവശ്യമുണ്ടെങ്കിലും തയ്യാറാണെന്നും ഒരു ശമ്പളവും വേണ്ടെന്നും മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ എച്ചിലിന് വേണ്ടി കൈനീട്ടി നില്‍ക്കുന്നവരാണ്. അവര്‍ കമ്മീഷന്‍ സ്ഥാനങ്ങള്‍ കൊടുക്കുമ്പോള്‍ വാങ്ങും. അവര്‍ക്കൊരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT