കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ച മറിയം ത്രേസ്യയുടെ നാമകരണത്തിന് ഡോ. വി കെ ്ശ്രീനിവാസന്‍ പറഞ്ഞ സാക്ഷ്യം അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ. മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ആശുപത്രി കിടക്കയില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോഴാണ് ഗുരുതരാവസ്ഥയിലായ കുട്ടി രക്ഷപ്പെട്ടതെന്ന സാക്ഷ്യപ്പെടുത്തല്‍ ഡോ. ശ്രീനിവാസന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി സുള്‍ഫി നൂഹ് വ്യക്തമാക്കി. ശാസ്ത്രബോധമുള്ള സമൂഹത്തിനോ ഡോക്ടര്‍മാര്‍ക്കോ ഐഎംഎയ്‌ക്കോ അതിനോട് യോജിക്കാനാകില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ള കാര്യങ്ങളാണ് പറയേണ്ടത്. ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുതെന്നും സുള്‍ഫി നൂഹ് 'ദ ക്യു'വിനോട് പറഞ്ഞു.
ചികിത്സ അടിസ്ഥാനപരമായി ശാസ്ത്രീയതയില്‍ ഊന്നി മാത്രമേ ചെയ്യാന്‍ കഴിയൂ. വിശ്വാസത്തെ ചികിത്സയുമായി ബന്ധപ്പെടുത്തുന്നതും പ്രാര്‍ത്ഥന മാത്രം മതിയെന്ന സന്ദേശം നല്‍കുന്നതും തെറ്റാണ്. ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുത്.ഡോ. സുള്‍ഫി നൂഹ്
മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ അമ്മ പ്രാര്‍ത്ഥിച്ചതിന്റെ പിറ്റേന്ന് ശ്വാസഗതി സാധാരണഗതിയിലായെന്ന് ഡോ. വി കെ ശ്രീനിവാസ് സാക്ഷ്യപ്പെടുത്തുന്നു. ഈ ‘അത്ഭുതമാണ്’ വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘവും മെത്രാന്‍ സമിതിയും അംഗീകരിച്ചത്.
പല സമുദായങ്ങള്‍ക്കിടയിലും ശാസ്ത്രീയ അടിത്തറയില്ലാത്ത രീതികളുണ്ട്. പ്രാര്‍ത്ഥനയിലൂടെ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ലഭിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യമാണ്. പ്രാര്‍ത്ഥിക്കേണ്ട, വിശ്വസിക്കേണ്ട എന്നൊന്നും പറയാന്‍ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതുണ്ട്. പക്ഷെ, ഒരു ചികിത്സ ഫലിച്ചു എന്ന് സ്ഥാപിക്കണമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ വേണം. അല്ലെങ്കില്‍ ശാസ്ത്രബോധമുള്ള സമൂഹത്തിനോ ഐഎംഎയ്‌ക്കോ അത് അംഗീകരിക്കാന്‍ കഴിയില്ല. മറിയം ത്രേസ്യയ്ക്ക് വിശിഷ്ട പദവി കിട്ടുന്നതില്‍ ഐഎഎയ്ക്ക് ഒരു എതിര്‍പ്പുമില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ സ്വന്തം സമുദായത്തില്‍ നിന്ന് പോലും ചോദ്യങ്ങളുയരും. ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ഡോക്ടര്‍ സുള്‍ഫി നൂഹ് കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാത ശിശു ചികിത്സകനും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. വി കെ ശ്രീനിവാസന്‍. ജനിച്ചപ്പോള്‍ മുതല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി ഒറ്റ ദിവസം കൊണ്ട് സാധാരണ നിലയിലെത്തിയത് അവിശ്വസനീയമാണെന്ന് ശ്രീനിവാസന്‍ പറയുന്നു. വൈദ്യന്റെ കഴിവുകള്‍ക്കപ്പുറം ദൈവത്തിന്റെ കരുണയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിദേശകാര്യമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തില്‍ ഡോ. ശ്രീനിവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയുമുണ്ട്.
ഡോ. സുള്‍ഫി നൂഹുവിന്റെ പ്രതികരണം
ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് ശ്വസനത്തിന് പ്രശ്‌നമുണ്ടായിരുന്നെന്നും പ്രാര്‍ത്ഥിച്ചതുകൊണ്ട് അത് മാറിയെന്നും ഡോക്ടര്‍ വി കെ ശ്രീനിവാസന്‍ സര്‍ട്ടിഫൈ ചെയ്തതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഡോ. ശ്രീനിവാസനുമായി ബന്ധപ്പെടാന്‍ ഐഎംഎ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അത് പൂര്‍ണമായും ഡോക്ടര്‍ ശ്രീനിവാസന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഡോക്ടര്‍ സമൂഹത്തിന്റേയോ ഐഎംഎയുടേയോ അഭിപ്രായമല്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ള കാര്യങ്ങളാണ് പറയേണ്ടത്. അദ്ദേഹം വിശ്വസിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മറ്റൊരു കാര്യമാണ്. ആ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതാണ്. പക്ഷെ, ഒരു ചികിത്സ ഫലിച്ചു എന്ന് സ്ഥാപിക്കണമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ വേണം. അല്ലെങ്കില്‍ ശാസ്ത്രബോധമുള്ള സമൂഹത്തിനോ ഐഎംഎയ്‌ക്കോ അത് അംഗീകരിക്കാന്‍ കഴിയില്ല. അത് ഒരാളുടെ വിശ്വാസം മാത്രമാണ്. അയാള്‍ കണ്ടു എന്ന് പറയുന്ന കാര്യം മാത്രമാണ്. അത് വളരെ ചെറുതായ 'ലെവല്‍ സെവന്‍' എവിഡന്‍സാണ്. ഒരാള്‍ എത്ര വിദ്യാഭ്യാസമുള്ള ആളാണെങ്കില്‍ കൂടിയും തോന്നുന്ന കാര്യം പറഞ്ഞാല്‍ സ്വീകാര്യമാകില്ല.
ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് കണ്‍ട്രോള്‍ ആക്ട് ഇന്ത്യാ മഹാരാജ്യത്ത് നിലവിലുള്ളതാണ്. ഏത് മതവിഭാഗത്തിന്റെ ആണെങ്കിലും, ഓതിക്കൊടുക്കല്‍, തലയില്‍ വരച്ചുകൊടുക്കല്‍, പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ചികിത്സ തുടങ്ങിയവയെ ഒന്നും തന്നെ അംഗീകരിക്കാന്‍ കഴിയില്ല. ക്യാന്‍സര്‍ പ്രാര്‍ത്ഥിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ചിലര്‍ പെന്തക്കോസ്ത് വിഭാഗക്കാര്‍ക്കിടയിലുണ്ട്. വാക്‌സിനേഷനെതിരെ മുസ്ലീം സമുദായത്തില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായി. ആ സമുദായത്തിനെതിരെയുള്ള ഒരു നീക്കമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. മുസ്ലീം സമുദായത്തെ വന്ധ്യംകരിക്കാനുള്ള ശ്രമമാണെന്നുവരെ കുപ്രചരണങ്ങള്‍ നടന്നു.
മറിയം ത്രേസ്യയ്ക്ക് വിശിഷ്ട പദവി കിട്ടുന്നതില്‍ ഐഎംഎയ്ക്ക് ഒരു എതിര്‍പ്പുമില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ ചോദ്യം ചെയ്യപ്പെടും, സ്വന്തം സമുദായത്തില്‍ നിന്ന് പോലും ചോദ്യങ്ങളുയരും.
പ്രാര്‍ത്ഥനയിലൂടെ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ലഭിക്കുന്നുണ്ടാകാം. നല്ല കാര്യമാണ്. പക്ഷെ, ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ശ്രദ്ധയില്ലാതെ ഓപ്പറേഷന്‍ ചെയ്താല്‍ എന്താണ് സംഭവിക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചുതന്നെ ചെയ്യണം. ചികിത്സ അടിസ്ഥാനപരമായി ശാസ്ത്രീയതയില്‍ ഊന്നി മാത്രമേ ചെയ്യാന്‍ കഴിയൂ. ചികിത്സയിലൂടെ രക്ഷിക്കുന്നത് ഡോക്ടര്‍മാര്‍ മാത്രമല്ല. ശക്തമായ ഒരു ശാസ്ത്രമാണ് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നത്. ഞാന്‍ ചന്ദനത്തിരി കത്തിച്ചു, കുറിയിട്ടു, നിസ്‌കരിച്ചു അതുകൊണ്ടാണ് അസുഖം മാറിയതെന്ന് വിശ്വസിക്കുന്നത് തെറ്റാണ്. പ്രാര്‍ത്ഥിക്കേണ്ട, വിശ്വസിക്കേണ്ട എന്നൊന്നും പറയുന്നില്ല. വിശ്വാസം ചികിത്സയുമായി ബന്ധപ്പെടുത്തുന്നതും പ്രാര്‍ത്ഥന മാത്രം മതിയെന്ന സന്ദേശം നല്‍കുന്നതും തെറ്റാണ്. ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം