Special Report

അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്

അനുദിനം മാറുന്ന നിയമങ്ങള്‍, സമരം ചെയ്താല്‍ പോലും തടവിലാക്കുന്ന ഭരണകൂടം, കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്ക, പുതിയ നിയമങ്ങള്‍ കെട്ടിപ്പെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം തന്നെ ഇല്ലാതാകുമോ എന്ന ഭയം, പെരുകുന്ന കൊവിഡ്, ഇന്ത്യയിലെ ഏറ്റവും ചെറിയതും 99 ശതമാനം മുസ്ലിം ജനസംഖ്യയുമുള്ള കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ നിവാസികള്‍ ഇന്ന് വലിയൊരു ഭയാശങ്കയിലൂടെയാണ് കടന്നു പോകുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ അപ്രതീക്ഷിത വിയോഗത്തോടുകൂടിയാണ് കാര്യങ്ങള്‍ മാറി മറയുന്നത്. ദിനേശ്വര്‍ ശര്‍മ്മയ്ക്ക് പകരം ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന അധിക ചുമതല കൂടി 2020 ഡിസംബര്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു പ്രഫുല്‍ പട്ടേല്‍. ചാര്‍ജെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ അനേകം വിവാദങ്ങളില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് ഉയര്‍ന്നിരുന്നു.

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ അഡ്മിനിസ്‌ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത്.

2020 ഡിസംബര്‍ അഞ്ചിന് അദ്ദേഹം ലക്ഷദ്വീപിന്റെ അധിക ചുമതലയും ഏറ്റെടുത്തു. പ്രഫുല്‍ കെ.പട്ടേലിന്റെ പേര് ദാദ്ര & നഗര്‍ ഹവേലിയുടെ എംപിയായിരുന്ന മോഹന്‍ ദാല്‍ക്കറെയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ആത്മഹത്യകുറിപ്പില്‍ അദ്ദേഹം എഴുതിയത്. ദേല്‍ക്കറിന്റെ ആത്മഹത്യയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം പ്രഫുല്‍ കെ.പട്ടേലിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഫൂൽ പട്ടേലും

പ്രഫുല്‍ കെ.പട്ടേലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ നടക്കുന്ന അട്ടിമറി ശ്രമങ്ങളുമാണ് ദ്വീപ് നിവാസികളെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ലക്ഷദ്വീപിലെ ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പ്രഫുല്‍ കെ. പട്ടേലിന്റേതെന്നും, നിബന്ധനകള്‍ മറികടന്ന് എന്തിന് ദ്വീപില്‍ ഒരു രാഷ്ട്രീയ പ്രതിനിധിയെ അഡ്മിനിസ്‌ട്രേറ്ററാക്കിയെന്നുമാണ് അവിടുത്തെ ജനങ്ങള്‍ ചോദിക്കുന്നത്.

ഇപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ദ്വീപിലെ മത്സ്യതൊഴിലാളികളുള്‍പ്പെടെയുള്ളവര്‍. പതിയെ പതിയെയുള്ള നിയന്ത്രണങ്ങള്‍ ഇന്നവരുടെ തൊഴില്‍ തന്നെ ഇല്ലാതാക്കിയേക്കാവുന്ന തരത്തിലേക്ക് വളര്‍ന്നപ്പോഴാണ് ദ്വീപ് നിവാസികളും അപകടം അടുത്തെത്തിയെന്ന് മനസിലാക്കി തുടങ്ങിയത്.

2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റല്‍ റെഗുലേറ്ററി സോണുകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പിന്നീടിത് 20 മീറ്ററാക്കി മാറ്റി. പക്ഷേ അപ്പോഴും കടലിനോട് ചേര്‍ന്ന് ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവന മാര്‍ഗത്തിന് ആവശ്യമായ വലകളും മറ്റ് ഉപകരണങ്ങളുമൊന്നും കടല്‍ തീരത്തിനടുത്ത് സൂക്ഷിക്കുന്നതില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് പറഞ്ഞ് മത്സ്യ ബന്ധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഉപയോഗിച്ച ഷെഡുകളുള്‍പ്പെടെ ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചു കളയുകയാണ്.

നിലവില്‍ കടല്‍ തീരത്ത് മത്സ്യ തൊഴിലാളികള്‍ക്ക് തങ്ങളുടെ ബോട്ടുകളോ വലകളോ പോലും വെക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കടമത്ത് ദ്വീപിലെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറിയായ സാബിത്ത് ദ ക്യൂവിനോട് പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ഷെഡ് പൊളിച്ച നിലയിൽ

''ഇവിടെ ഭൂരിഭാഗം ആളുകള്‍ക്കും ബോട്ടോ, ചെറിയൊരു വഞ്ചിയോ ഉണ്ടാകും. അത് കടല്‍തീരത്ത് സൂക്ഷിക്കുന്നതിലൊന്നും ഇതുവരെ തടസമുണ്ടായിരുന്നില്ല. ലോകത്തിന് തന്നെ മാതൃകയായ സസ്റ്റെയിനബിള്‍ ഫിഷിങ്ങാണ് ഇവിടെ ചെയ്യുന്നത്. അത് തന്നെയാണ് ദ്വീപിലെ ഭൂരിഭാഗം പേരുടെ ഉപജീവനമാര്‍ഗവും.

ഇവിടെ ചൂര മീന്‍ പ്രത്യേക രീതിയില്‍ ഉണക്കിയെടുത്തുണ്ടാക്കുന്ന മാസ് എന്ന ഉത്പന്നം ഉണ്ട്. മാസൊക്കെ പ്രൊസസ് ചെയ്യുന്നത് തീരപ്രദേശത്ത് തന്നെയാണ്. ഇപ്പോള്‍ അത്തരം ആവശ്യങ്ങള്‍ക്കായി കെട്ടിയ ഷെഡുകളുള്‍പ്പെടെ പൊളിച്ചു നീക്കിയിരിക്കുകയാണ്.

ലക്ഷദ്വീപിലെ പ്രധാന പ്രദേശങ്ങളെല്ലാം ടൂറിസത്തിന് മാറ്റിവെച്ച് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിക്കുന്ന ചില പ്രദേശങ്ങളില്‍ മാത്രമാണ് ഫിഷിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുക എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും ഫിഷിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കണമെന്നില്ല ഫലത്തില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും വഴി വെക്കും,'' സാബിത്ത് കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തുള്‍പ്പെടെയുളളവയ്ക്ക് ലക്ഷദ്വീപില്‍ വലിയ അധികാരമൊന്നുമില്ലെന്നും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അഡ്മിനിസ്‌ട്രേറ്ററാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൗണ്‍സിലറുമായ ഹസന്‍ ദ ക്യൂവിനോട് പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി എന്ന് പറഞ്ഞാണ് ബില്‍ഡിങ്ങുകള്‍ പൊളിക്കുന്നത്. ഇപ്പോള്‍ തന്നെ പലതും പൊളിച്ചു കഴിഞ്ഞു. പലതും പൊളിച്ചുകൊണ്ടിരിക്കുകയുമാണ്. ആളുകള്‍ക്ക് പ്രശ്‌നം ഉള്ളത് കൊണ്ടൊന്നും ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് പരിമിധികളുണ്ട്. ഈ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഇത് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയാണെന്നും പകരം ആളുകള്‍ക്ക് വേറെ സ്ഥലം ലഭിക്കുമെന്നും ദ്വീപ് ഭരണകൂടം പറയുന്നുണ്ട്.
ഹസന്‍

ഇതിനോടകം ലക്ഷദ്വീപിലെ ദ്വീപുകളില്‍ പൊളിക്കേണ്ട ബില്‍ഡിങ്ങുകളുടെ ലിസ്റ്റും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്മാർട്ട് സിറ്റി പദ്ധതി ആവശ്യമാണെങ്കിലും മത്സ്യതൊഴിലാളികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ഷെഡുകള്‍ പൊളിക്കുമ്പോള്‍ കൂടിയാലോചന വേണമായിരുന്നുവെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പിപി ദ ക്യൂവിനോട് പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിനായാണ് ഇപ്പോള്‍ ഷെഡുകള്‍ പൊളിച്ചിരിക്കുന്നത്. അവ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്ളവയുമായിരുന്നു. മത്സ്യതൊഴിലാളികള്‍ക്ക് മറ്റ് പ്രദേശം അവരുടെ ഉപകരണങ്ങള്‍ സൂക്ഷിക്കാനും മറ്റുമായും കണ്ടെത്തി നല്‍കുമെന്ന് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോള്‍ പോലും ഇത് ആളുകളുമായി കൂടിയാലോചിച്ച് ചെയ്യേണ്ട കാര്യമായിരുന്നു. ഏകപക്ഷീയമായി കൈക്കൊള്ളേണ്ട തീരുമാനമായിരുന്നില്ല. കൊവിഡിന്റെ സമയത്ത് പല നിയന്ത്രണങ്ങളുമുള്ളപ്പോള്‍ തന്നെ ഇത് പൊളിച്ചത് മനുഷ്യത്വപരമായ കാര്യമല്ലെന്നും ലക്ഷദ്വീപ് എം.പി കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പിപി

ലക്ഷദ്വീപ് ചോദിക്കുന്നു പ്രഫുല്‍ പട്ടേലിന്റെ രാഷ്ട്രീയലക്ഷ്യമെന്ത്?

കൊവിഡിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ വലിയ പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇന്ന് ലക്ഷദ്വീപും കൊവിഡിന്റെ പിടിയിലായിരിക്കുകയാണ്. കൂടുതല്‍ രോഗികളെ താങ്ങാനുള്ള ആരോഗ്യ സംവിധാനം ലക്ഷദ്വീപിലില്ല. ഇപ്പോള്‍ തന്നെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ കൊച്ചിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നുണ്ട്.

പ്രഫുല്‍ കെ.പട്ടേലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് രീതികളും പുതുതായി ചുമതലയെടുത്ത അദ്ദേഹം പൊതുപരിപാടികള്‍ സംഘടിപ്പിച്ചതും, ക്വാറന്റീന്‍ നിയമങ്ങളില്‍ ഇളവു വരുത്തിയതും ദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയായെന്ന ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.

എഴുദിവസത്തെ ക്വാറന്റീന് ശേഷം മാത്രമേ ലക്ഷദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ദ്വീപില്‍ എത്തിയവരെ വീണ്ടും ഏഴുദിവസം ക്വാറന്റീന്‍ ഇരുത്തിയിരുന്നു. പ്രഫൂല്‍ പട്ടേല്‍ ചാര്‍ജെടുത്തതിന് ശേഷം അദ്ദേഹം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ ലംഘിച്ച് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും, ഉദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്തു. പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് സാബിത്ത് പറഞ്ഞു.

ശക്തമായ നിയന്ത്രണങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൃത്യമായി ആലോചിക്കാതെ ഇളവുകള്‍ നല്‍കിയത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായെന്ന് ലക്ഷദ്വീപ് എം.പിയും പറയുന്നു.

ലക്ഷദ്വീപില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയറുകളില്‍ ഇളവുവരുത്തുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ തന്നെയാണ്. സാമ്പത്തിക മേഖല തുറന്നു പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അത് ചെയ്തത്. ലക്ഷദ്വീപിന്റെ ആരോഗ്യ പരിമിതികള്‍ കണക്കിലെടുത്തുകൊണ്ട് മിനിമം ക്വാറന്റീന്‍ സംവിധാനം കൊച്ചിയില്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ആകുന്നവരെ കപ്പലില്‍ കയറുന്നതുവരെയെങ്കിലും ക്വാറന്റീനില്‍ നിര്‍ത്തണം എന്നും ആവശ്യപ്പെട്ടതാണ്. പക്ഷേ അതൊന്നും അദ്ദേഹം മാനിച്ചില്ല. ഇപ്പോഴും നിയന്ത്രണം കൊണ്ടുവരാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറായിട്ടുമില്ല
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പിപി

ലക്ഷദ്വീപില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത സമയത്തായിരുന്നു ദ്വീപ് ഭരണകൂടം ക്വാറന്റീന്‍ നിയമങ്ങള്‍ മാറ്റിയത്.

ദ്വീപിനെ വരിഞ്ഞു മുറുക്കുന്ന കരടു നിയമങ്ങള്‍

പഞ്ചായത്ത് റെഗുലേഷന്റെ മേലും സഹകരണ സംഘങ്ങളുടെ മേലും ദ്വീപ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

രണ്ടിലധികം കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുന്നതിന്റെ കരട് നിയമം 2021ല്‍ ദ്വീപ് ഭരണകൂടം അവതരിപ്പിച്ചു. ഭാവിയില്‍ രണ്ടിലധികം കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. ഒറ്റ പ്രസവത്തില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ നിന്നും ഇളവ് ലഭിക്കുന്നത്. പ്രഫൂല്‍ പട്ടേലിന്റെ ഇത്തരം നീക്കങ്ങളെല്ലാം ദ്വീപ് നിവാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. ദ്വീപിലെ സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന നിയമത്തിന്റെ കരടും പുറത്തിറക്കിയിരുന്നു. ദമാന്‍ ദിയു മാതൃകയിലുള്ള നിയമങ്ങള്‍ ലക്ഷദ്വീപിലും നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് പ്രദേശത്ത് നടക്കുന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

​ഗൂണ്ടാ ആക്ട്

2021 ജനുവരി 28ന് തന്നെ ലക്ഷദ്വീപില്‍ ഗൂണ്ടാ ആക്ടിന് സമാനമായി ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ റെഗുലേഷന്‍ ബില്‍ കൊണ്ടുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദമാന്‍ ദിയുവുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും സമാധാനപരമായ അന്തരീക്ഷമുള്ള സീറോ ക്രൈം റേറ്റുള്ള പ്രദേശത്ത് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

സമാധാനപരമായ ലക്ഷദ്വീപ് പോലൊരു പ്രദേശത്ത് ഇത്തരം നിയമങ്ങള്‍ അവതരിപ്പിക്കേണ്ടതില്ലെന്നും അവ ദ്വീപിലെ പൗരന്മാര്‍ക്കിടയില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിന് കവരത്തിയിലെ ജില്ലാ പഞ്ചായത്ത് അധികൃതര്‍ കത്തയക്കുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ സി.എ.എ എന്‍.ആര്‍.സി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ലക്ഷദ്വീപിലും സമരങ്ങളും പ്രതിഷേധവും സമാധാനപരമായി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കവരത്തിയില്‍ നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് '' ഇന്ത്യ ഈസ് നോട്ട് നരേന്ദ്ര മോദീസ് ഫാദേഴ്‌സ് പ്രോപ്പര്‍ട്ടി'' എന്ന് പറഞ്ഞ് ഒരു പോസ്റ്റര്‍ വെച്ചിരുന്നു. പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശത്തില്‍ ഈ പോസ്റ്ററിനെതിരെ കേസ് എടുത്തിരുന്നു. ലക്ഷദ്വീപിലെ ഡി.സി.സി പ്രസിഡന്റ് എം.എ ആറ്റ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയായിരുന്നു കേസ്.

രണ്ട് സംഘടനകള്‍ തമ്മിലുള്ള വിദ്വേഷം വളര്‍ത്താന്‍ വേണ്ടി ശ്രമിച്ചു എന്ന് ആരോപിച്ചാണ് ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്ററില്‍ ഭരണഘടന സംരക്ഷ സമിതി എന്ന പേര് ഉള്ളതിന്റെ പേരിലാണ് സമിതിയുടെ ചെയര്‍മാനായ തന്റെ പേരില്‍ കേസ് വന്നതെന്ന് എം.ഐ ആറ്റ പറയുന്നു.

''2019ലാണ് പോസ്റ്റര്‍ വെക്കുന്നത്. അതിന് പിന്നില്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ ഈ പോസ്റ്റര്‍ സ്ഥാപിച്ചതിന് ശേഷം ലക്ഷദ്വീപില്‍ രണ്ട് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വന്നു പോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. റോഡ് സൈഡില്‍ വെച്ച ബോര്‍ഡ് കണ്ട് 2020ല്‍ വന്ന അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കിയതും കേസെടുക്കണമെന്ന് നിര്‍ദേശിച്ചതും. ഞങ്ങള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം 124(എ) വകുപ്പ് പ്രകാരം രാജ്യദ്രോഹ കുറ്റം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.
എം.ഐ ആറ്റ

ലക്ഷദ്വീപ് ഭരണകൂടം മുൻപൊരിക്കലും ഇല്ലാത്ത ചില നടപടികളാണ് തുടങ്ങിവെച്ചിട്ടുള്ളതെന്ന് ജെ.ഡി.യു പ്രസിഡന്റ് ഡോ സാദിഖ് ദ ക്യൂവിനോട് പറഞ്ഞു. ‌

ഭരണകൂടം ജനങ്ങൾക്ക് ഉപകാരപ്രധമായ കാര്യങ്ങൾ ചെയ്യുന്നതിന് പകരം ജനദ്രോഹവും തലമുറകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ചില തീരുമാനങ്ങളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രദേശത്ത് ടൂറിസ്റ്റുകൾക്ക് മദ്യ വിൽപ്പനക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനു പുറമെ ദ്വീപുകാർ പട്ടയമടക്കം കൈവശം വച്ച് അനുഭവിച്ച് വരുന്ന ഭൂമിയിൽ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റ് നൽകാതെ, ഡൈവർഷൻ സർട്ടിഫിക്കറ്റ് നൽകാതെ, ഭൂമി കൈമാറ്റമോ റെജിസ്ട്രേഷനോ സമ്മതിക്കാതെ, അവിടത്തെ ബിൽഡിംഗുകൾ പൊളിച്ച് മാറ്റാൻ ഉത്തരവിറക്കുകയാണ്. ലാൻഡ് ലീസ് റേറ്റ് തുച്ഛമായ വിലയ്ക്ക് നിശ്ചയിക്കുന്നതും ദ്വീപ് നിവാസികൾക്ക് വലിയ പ്രയാസമാണ്. നിലവിൽ ലക്ഷദ്വീപിൽ തൊഴിലസരങ്ങൾ കുറച്ച് കൂട്ടപിരിച്ചുവിടൽ നടത്തുകയാണ്. ഇതൊക്കെ ടൂറിസത്തിന്റെ പേരും വികസനത്തിന്റെ പേരും പറഞ്ഞിട്ടാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്
ഡോ.സാദിഖ്

ലക്ഷദ്വീപില്‍ പശുമാംസ നിരോധനം കൊണ്ടുവരാനുള്ള തീരുമാനം, മദ്യത്തിനുള്ള നിയന്ത്രണം എടുത്ത് കളയാനുള്ള നീക്കങ്ങള്‍ എന്നിവ 99 ശതമാനം മുസ്ലിം ജനസംഖ്യയുള്ള പ്രദേശത്തെ ജനങ്ങളില്‍ വലിയ ആശങ്കയും എതിര്‍പ്പുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദ്വീപ് നിവാസികളുടെ നിത്യ ജീവിതത്തില്‍ കേന്ദ്ര ഭരണ പ്രദേശമെന്ന പ്രത്യേക പ്രിവിലേജ് ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തിന് എളുപ്പം ഇടപെടാന്‍ സാധിക്കുമെന്നതിനാല്‍ തന്നെ ദ്വീപ് ഭരണകൂടം എടുക്കുന്ന ഓരോ തീരുമാനങ്ങളെയും ഭയപ്പാടോടുകൂടിയാണ് ഇവിടെയുള്ള ജനങ്ങള്‍ നോക്കികാണുന്നതെന്ന് ലക്ഷദ്വീപിലെ പ്രദേശവാസികള്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT