Special Report

'വീടില്ല, ചികിത്സയില്ല, വിദ്യാഭ്യാസമില്ല, വന്യമൃഗ ഭീഷണിയും'; ജീവിക്കാന്‍ മാര്‍ഗമില്ലാതെ അറേക്കാപ്പിലെ ആദിവാസി സമൂഹം

അടിസ്ഥാന സൗകര്യമെന്ന ആവശ്യവുമായി വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമില്ലാതായതോടെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അറേക്കാപ്പ് ഊരിലെ ആദിവാസി സമൂഹം. മന്നാന്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന ഊരില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പോലും ചികിത്സിക്കാന്‍ മാര്‍ഗമില്ല. പഠനം ഓണ്‍ലൈന്‍ ആയതോടെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി. ജീവിക്കാന്‍ പോലും മാര്‍ഗമില്ലാതെയായതോടെയാണ് ഇവര്‍ ഊരുവിട്ടിറങ്ങിയതും പിന്നീട് കോടതിയെ സമീപിച്ചതും. വാസയോഗ്യമായ വാസസ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്നത് മാത്രമാണ് ഇവരുടെ ആവശ്യം.

'ദിശ' ലീഗല്‍ സെല്ലിന്റെ പിന്തുണയോടെയാണ് അറേക്കാപ്പിലെ ആദിവാസി സമൂഹം കോടതിയെ സമീപിച്ചിരിക്കുന്നത്. ആവശ്യവുമായി 2018 മുതല്‍ ഇവര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ദ ക്യു വിനോട് പറഞ്ഞു.

ചികിത്സയില്ല, വിദ്യാഭ്യാസമില്ല, വന്യമൃഗങ്ങളുടെ ആക്രമണവും

തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ എന്ന സ്ഥലത്തുനിന്നും നാല് കിലോമീറ്റര്‍ ഇറങ്ങി വേണം അറേക്കാപ്പ് എന്ന പ്രദേശത്തെത്താന്‍. ഈ നാല് കിലോമീറ്ററിനകത്ത് പൊതു റോഡോ മറ്റ് സൗകര്യങ്ങള്‍ ഒന്നുമില്ല. കുത്തനെയുള്ള ഒരിറക്കമാണിത്.

ഊരില്‍ വാസയോഗ്യമായ വീടുകളില്ല, വന്യമൃഗങ്ങളുടെ ആക്രമണമാണ് നേരിടുന്ന മറ്റൊരു ഭീഷണി. ആനപ്പാറയാണ് രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതിന് പോലും പരിമിതികളുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷ്മി എന്ന ഒരു ആദിവാസി സ്ത്രീയെ പുലി കടിച്ച് കൊന്ന് ഒരാഴ്ചയോളം കഴിഞ്ഞാണ് അവരുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്.

അറേക്കാപ്പിലെ കുട്ടികള്‍ക്ക് രണ്ട് വര്‍ഷമായി വിദ്യാഭ്യാസം ലഭിക്കുന്നില്ല. പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെയായി. കൊവിഡ് മുമ്പാണെങ്കിലും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പോലും റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ക്കേണ്ട അവസ്ഥയായിരുന്നു. അവിടെ ചേര്‍ത്താലും ഹോസ്റ്റലില്‍ നിന്ന് പഠിക്കേണ്ടി വരും. പ്രദേശത്തെവിടെയും അംഗനവാടി പോലും നിലവിലില്ല.

ആരോഗ്യ സംബന്ധമായി പ്രാഥമിക സൗകര്യങ്ങളും അറേക്കാപ്പില്‍ ഇല്ല. ഊരില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. റോഡുപോലുമില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വേണം ചികിത്സയ്ക്കായി ചാലക്കുടി എത്താന്‍. അല്ലെങ്കില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് പോകേണ്ടി വരും. രോഗം വന്നാല്‍ എടുത്തുകൊണ്ടു പോവുകയേ നിവര്‍ത്തിയുള്ളൂ.

ഗര്‍ഭിണിയായ യുവതി രാത്രി വീട്ടില്‍ പ്രസവിക്കേണ്ടി വന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു യുവതിക്ക് പോകുന്ന വഴിക്ക് പ്രസവിക്കേണ്ടി വന്നിട്ടുണ്ട്. ഹൃദയാഘാതമുണ്ടായി സമയത്ത് ആശുപത്രിയിലെത്തിക്കാത്തത് മൂലം രണ്ടോ മൂന്നോ പേരുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടത്.

സ്വന്തം ഗ്രാമപഞ്ചായത്തിലേക്ക് പോലും അറുപത് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം പോകാന്‍. 2018ലെ പ്രളയം മുതല്‍ ഉരുള്‍പ്പൊട്ടലടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള ഭീഷണിയും അറേക്കാപ്പിലുള്ളവര്‍ നേരിടുന്നുണ്ട്.

വേണ്ടത് വാസയോഗ്യമായ സ്ഥലം

യാതൊരു വിധത്തിലും വികസനത്തിന് സാധ്യതയില്ലാത്ത പ്രദേശമാണ് അറേക്കാപ്പെന്നും ഇവിടെ റോഡ് പോലും നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും ദിനു വെയില്‍ ദ ക്യുവിനോട് പറഞ്ഞു. 'വനാവകാശ നിയമ പ്രകാരം ഇവര്‍ക്കെല്ലാവര്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ട്, പക്ഷെ അതും അറേക്കാപ്പില്‍ തന്നെയാണ്.

കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. ഇതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടേക്ക് എത്തിക്കാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. മാത്രമല്ല സാധനങ്ങള്‍ വില്‍ക്കണമെങ്കില്‍ ഇവ ചാലക്കുടി ചന്തയില്‍ ചുമന്ന് എത്തിക്കണം. കൊവിഡ് വ്യാപനം മൂലം ഇതിനുള്ള സാധ്യതകളും അടഞ്ഞു.

വാസയോഗ്യമായ സ്ഥലം എന്ന ആവശ്യവുമായി 2018 മുതല്‍ ഇവര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. അവസാനം ഗതിയില്ലാതെയാണ് ചങ്ങാടത്തില്‍ സാധനങ്ങളെല്ലാം വാരിക്കൂട്ടി ഇവര്‍ അവിടുന്ന് ഇറങ്ങിയത്. വൈശാലി എന്ന ഗുഹയുടെ സമീപത്താണ് അവര്‍ ആദ്യമെത്തിയത്. അവരുടെ പൂര്‍വികര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. വനംവകുപ്പ് ഇവിടുന്ന് ഇവരെ ഒഴിപ്പിക്കുകയും, ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റുകയുമായിരുന്നു', ദിനു പറഞ്ഞു.

പ്രണയവിവാഹത്തെ തുടര്‍ന്ന് ഊരുവിലക്ക് നേരിട്ട യശോദ-ചെല്ലപ്പന്‍ ദമ്പതികള്‍ വഴിയാണ് വിവരം 'ദിശ' അറിയുന്നത്. വേനല്‍ക്കാലമായാല്‍ അറേക്കാപ്പില്‍ വെള്ളമുണ്ടാകില്ല, ഈ സമയങ്ങളില്‍ ഇവര്‍ എല്ലാവരും ഇടമലയാര്‍ ഡാമിന്റെ ഭാഗങ്ങളിലേക്ക് മാറി കുടില്‍കെട്ടി ജീവിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ഊരിലുള്ളവര്‍ യശോദ-ചെല്ലപ്പന്‍ ദമ്പതികളെ പരിചയപ്പെടുന്നതും ഇവര്‍ക്കൊപ്പം കൂട്ടുന്നതും.

'നാലംഗ സമിതിയുണ്ടാക്കി ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തി. ഞങ്ങള്‍ടെ മക്കള്‍ക്കെങ്കിലും അന്തസ്സായ് ജീവിക്കണം എന്നാണ് അവരോരുത്തരും ഉറച്ച് പറഞ്ഞിരുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചിരുന്നു, എന്നിട്ടും വേണ്ട നടപടികളുണ്ടായില്ല', ദിനു ദ ക്യുവിനോട് പറഞ്ഞു.

വാസയോഗ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും നല്‍കി പുനരധിവസിപ്പിക്കുവാന്‍ ആവശ്യപ്പെട്ട് അറേക്കാപ്പ് ആദിവാസി ഊരിലെ 11 പേര്‍ ദിശയുടെ ലീഗല്‍ സെല്ലിന്റെ പിന്തുണയോടെ അഡ്വ. പി.കെ.ശാന്തമ്മ വഴി നല്‍കിയ ഹര്‍ജ്ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അടിയന്തര വിശദീകരണം തേടിയിരുന്നു. വിഷയം ഗൗരവമേറിയതാണെന്നും പ്രാഥമികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആയതിനാല്‍ പ്രത്യേക പരിഗണന ഈ ഹര്‍ജ്ജിയില്‍ ഉണ്ടായിരിക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ വാക്കാല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ജ്ജി സെപ്റ്റംബര്‍ 6ന് വീണ്ടും പരിഗണിയ്ക്കും.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT