ആലുവ യുസി കോളേജില്‍ അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട പരാതിയില്‍ എത്രയും പെട്ടന്ന് ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി അന്വേഷണം നടത്തുമെന്ന് മാനേജര്‍ റെവ. തോമസ് ജോണ്‍. നിലവിലെ കൊവിഡ് സാഹചര്യം കമ്മിറ്റി മീറ്റിങ്ങ് കൂടുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ എത്രയും പെട്ടന്ന് തന്നെ കമ്മിറ്റി മീറ്റിങ്ങ് കൂടും. ഏഴ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. അവര്‍ എത്രയും വേഗത്തില്‍ വിദ്യാര്‍ഥിനിയുടെയും അധ്യാപകന്റെയും മൊഴി എടുക്കും. തുടര്‍ന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നത് അനുസരിച്ച് നടപടി എടുക്കുമെന്നും ഇതെല്ലാം സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കുമെന്നും മാനേജര്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ശ്രദ്ധയില്‍ പെട്ടിരുന്നു. അത് പഴയൊരു കാര്യമാണെങ്കിലും അത് വിദ്യാര്‍ഥികളെ നിര്‍ണായകമായി ബാധിക്കുന്ന ഒരു ഇഷ്യൂ ആയത് കൊണ്ട് വസ്തുത വേണ്ട പോലെ അറിയണമെന്നും അതില്‍ നടപടി വേണമെന്ന് മാനേജ്‌മെന്റിന് ബോധ്യം വന്ന സാഹചര്യത്തിലാണ് കംപ്‌ളയിന്റ് കമ്മിറ്റിക്ക് വിട്ടുകൊടുത്തതെന്ന് മാനേജര്‍ പറഞ്ഞു.
കോളജ് കാമ്പസില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമവും ചൂഷണവും തുറന്നുപറയണമെന്ന കാമ്പയിന് തുടക്കിമിട്ടായിരുന്നു പാപിച്ച എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെ യുസി കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിനി അധ്യാപകനില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞത്. വെളിപ്പെടുത്തലിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന് കത്തുമയച്ചിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ചെറി ജേക്കബിനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
കോളേജില്‍ അറിയിച്ചിട്ട് ഒന്നും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കുറ്റവാളികളാണ്, പക്ഷേ ഇത് അറിഞ്ഞപ്പോള്‍ തന്നെ നടപടി എടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനി പരാതി നല്‍കാന്‍ വൈകി എന്നത് ഇക്കാര്യത്തില്‍ വിഷയമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാവുന്ന നടപടി സ്വീകരിച്ചു കഴിഞ്ഞു.മാനേജര്‍ റെവ. തോമസ് ജോണ്‍.
ലൈംഗിക അതിക്രമ പരാതികള്‍ ഉണ്ടായാല്‍ പെണ്‍കുട്ടികളുടെ പേര് രഹസ്യമാക്കി വെച്ചുകൊണ്ട് തന്നെ അതില്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ ക്യാമ്പസില്‍ കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം നടത്താന്‍ ബുദ്ധിമുട്ടുണ്ട്. ക്യാമ്പസ് തുറന്ന് കഴിഞ്ഞാല്‍ അത് ഗൗരവമായി തന്നെ കണ്ട് നടപടി എടുക്കും. എത്രയും പെട്ടന്ന് തന്നെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും മാനേജര്‍ അറിയിച്ചു.
വൈശാഖ് ജഡ്ജ്‌മെന്റിന് പിന്നാലെ ആദ്യമായി ഇന്റേര്‍ണല്‍ കംപ്ലയന്റ് കമ്മിറ്റിയുണ്ടാക്കിയ കോളേജുുകളിലൊന്നാണിത്. 2011-12 കാലഘട്ടത്തില്‍ ഒരു അധ്യാപകന് എതിരെ ലൈംഗിക ആരോപണം വന്നിരുന്നു. ആ പരാതിയില്‍ നടപടി എടുക്കുകയും ഹൈക്കോടതി വരെ കേസ് പോവുകയും അധ്യാപകന് ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും ചെയ്തിരുന്നു. അത്തരമൊരു പാരമ്പര്യം ഉളള കോളേജാണിതെന്നും മാനേജര്‍ പറയുന്നു.
ഈ അടുത്ത കാലത്ത് ഈ വിഷയത്തില്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് വേണ്ട പോലെ ബോധവത്കരണം നടത്താന്‍ പരാജയപ്പെട്ടു എന്നത് വലിയ വീഴ്ചയായി കരുതുന്നു, അതിന് പ്രതിവിധി കണ്ടെത്തും.മാനേജര്‍ റെവ. തോമസ് ജോണ്‍.
വീഡിയോയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയെ കൂടാതെ തന്നെ മറ്റ് രണ്ട് പേര്‍ കൂടി അതേ അധ്യാപകനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനെ കുട്ടികളെ പഠിപ്പിക്കുക എന്ന്ത് ഒഴിച്ച് മറ്റ് എല്ലാ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇത്രയും കാലതാമസം വന്ന ഒരു കേസ് അതിന്റെ വസ്തുതകളിലേക്ക് പോകാതെ സസ്‌പെന്‍ഷനിലേക്കോ മറ്റ് നടപടികളിലേക്കോ പോകാന്‍ കഴിയില്ല, അതുകൊണ്ടാണ് ഇപ്പോള്‍ സാധ്യമായ നടപടി ആയി എച്ച്ഒഡി സ്ഥാനതത് നിന്ന് മാറ്റി നിര്‍ത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.