Special Report

മകളെ ക്ലീനിംഗും കുക്കിംഗും പഠിപ്പിക്കാറുണ്ട്, വേറെ വീട്ടില്‍കയറി ചെല്ലേണ്ടതല്ലേ; സ്റ്റാര്‍ മാജിക്കിലെ മുക്തയുടെ പരാമര്‍ശത്തില്‍ പരാതി

ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന മട്ടില്‍ അവതരിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് പ്രോഗ്രാം പുതിയ വിവാദത്തില്‍. സ്റ്റാര്‍ മാജിക് 404ാം എപ്പിസോഡില്‍ നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് വിമര്‍ശനം ഉയരുന്നത്. മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത മകളുടെ സാന്നിധ്യത്തില്‍ ഈ എപ്പിസോഡില്‍ പറയുന്നുണ്ട്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും കാട്ടി അഡ്വ. ഷഹീന്റെ നേതൃത്വത്തില്‍ എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ വിനോദ് തുടങ്ങിയവര്‍ ചേര്‍ന്ന് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്തയച്ചു.

പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ലിംഗപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അതില്ലാതാക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഇത്തരം പരാമര്‍ശങ്ങള്‍ വലിയരീതിയില്‍ പിന്നോട്ടടിക്കും. ഇപ്പോള്‍ തുടങ്ങിയാലെ ഇനിയും ഒരു മുപ്പതോ നാല്‍പ്പതോ വര്‍ഷം കഴിയുമ്പോഴെങ്കിലും ഒരു മാറ്റം ഉണ്ടാകൂ. അത് മുന്‍നിര്‍ത്തിയാണ് കത്ത് നല്‍കാന്‍ തീരുമാനിച്ചതെന്ന് തനുജ ഭട്ടതിരി ദ ക്യുവിനോട് പറഞ്ഞു.

'ഫ്‌ളവേഴ്‌സ് ടിവിയുടെയോ പരിപാടി ചെയ്യുന്നവരുടെയോ പ്രശ്‌നമായിട്ടല്ല, സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും നമ്മള്‍ അത് കാണുകയും ചെയ്യുന്ന ഒരു കാലമാണിത്. പ്രണയ നൈരാശ്യം കാരണം മുഖത്ത് ആസിഡ് ഒഴിക്കുന്നവരുടെ, കത്തിയെടുത്ത് കുത്തുന്നവരുടെ, കല്യാണം കഴിച്ചു ചെല്ലുമ്പോള്‍ വീട്ടിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അവരെ ഉപദ്രവിക്കുന്ന, ഒരു പെണ്‍കുട്ടിയെ ജോലിക്ക് പോകാനുള്ള സാഹചര്യങ്ങളെ വരെ നിഷേധിക്കുന്ന, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് നമ്മള്‍ നേരിട്ട് കാണുന്നതുമാണ്.

പലപ്പോഴും ഒരു മകനെ പഠിപ്പിക്കുന്നത് പോലെ മകളെ പഠിപ്പിക്കുന്നില്ല, ഇനി പഠിപ്പിച്ചാല്‍ തന്നെ അവള്‍ മറ്റൊരു വീട്ടില്‍ ചെന്നു കയറേണ്ടതാണെന്ന സമൂഹം അവളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. എന്തൊക്കെ പറഞ്ഞാലും നീ ഒരു ഭാര്യയാണ്, ഒരു കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താനുള്ളതാണ് തുടങ്ങിയ കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരും. എപ്പോഴും ഫോക്കസ് മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഉയരുന്നത്. അമ്മ, ഭാര്യ സഹോദരി തുടങ്ങിയ റോളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന ധാരണയിലാണ് ഇന്നും പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഏറ്റവും വിദ്യാഭ്യാസം ഉള്ളവര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതും വളര്‍ത്തുന്നതും.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വളര്‍ത്തുന്നതിലും ലിംഗപരമായി അവരെ വളര്‍ത്താതിരിക്കാനും അച്ഛനെയും അമ്മയെയും വളര്‍ത്താന്‍ കൂടി ട്രെയിന്‍ ചെയ്യിക്കേണ്ട കാലമാണ് കടന്നു പോകുന്നത്. വ്യക്തി എന്ന നിലയില്‍ നമ്മളൊക്കെ തുല്യരാണ് എന്ന് കാണേണ്ട കാലമാണിത്. ഇപ്പോള്‍ തുടങ്ങിയാലെ ഇനിയും ഒരു മുപ്പതോ നാല്‍പ്പതോ വര്‍ഷം കഴിയുമ്പോഴെങ്കിലും ഒരു മാറ്റം ഉണ്ടാകൂ. അത് മുന്‍നിര്‍ത്തിയാണ് കത്ത് അയക്കാന്‍ തീരുമാനിച്ചത്,' തനുജ ഭട്ടതിരി ദ ക്യുവിനോട് പറഞ്ഞു.

പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. അമ്മയെയും മോളെയും ചീത്ത വിളിച്ചു കൊണ്ട് കമന്റ് ഇടുന്നതായും കണ്ടു. ഇതൊരു സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. വ്യക്തിപരമായി ഫോക്കസ് ചെയ്ത് ആക്രമിക്കുന്നതിന് പകരം ഈ സിസ്റ്റം മാറാനാണ് ശ്രമിക്കേണ്ടതെന്നും തനുജ ഭട്ടതിരി കൂട്ടിച്ചേര്‍ത്തു.

കത്തിന്റെ പൂര്‍ണരൂപം

ഇതില്‍ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്‌ലവേര്‍ഴ്‌സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്

പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.

ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT