Special Report

ഹക്കീം ഫൈസിയില്‍ സമസ്തയ്ക്ക് വഴങ്ങി ലീഗ്

ഹക്കീം ഫൈസി ആദൃശ്ശേരി കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ(സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതോടെ മുസ്ലിം ലീഗിന് മേല്‍ രാഷ്ട്രീയമായ വിജയം കൂടി നേടിയിരിക്കുകയാണ് സമസ്ത. വഖഫ് വിഷയത്തിലുള്‍പ്പെടെ ഇടതുപക്ഷത്തോടൊപ്പം നിന്ന് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട സമസ്തയെ, ഹക്കീം ഫൈസിയെ പിന്തുണച്ച് കൂടുതല്‍ പിണക്കാന്‍ മുസ്ലീം ലീഗ് തയ്യാറായില്ല.

2022 നവംബറില്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സമസ്ത ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനും ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറത്തേക്ക് നീണ്ടത് പാണക്കാട് കുടുംബത്തിലുള്ള സ്വാധീനവും പിന്തുണയും കൊണ്ടായിരുന്നു. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന നിര്‍ദേശം അവഗണിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സി.ഐ.സി അധ്യക്ഷനുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് നാദാപുരത്തെ സി.ഐ.സി ചടങ്ങില്‍ ഹക്കീം ഫൈസിക്കൊപ്പം പങ്കെടുത്തതോടെയാണ് സമസ്ത നിലപാട് കടുപ്പിച്ചത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും ഇനി ചര്‍ച്ചയില്ലെന്ന് കടുപ്പിച്ചു പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലീയാറും ഇതേ നിലപാട് സ്വീകരിച്ചതോടെ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് മുന്നിലെ വഴിയടഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈന്‍ തങ്ങളും സമസ്തയ്‌ക്കൊപ്പം നിന്ന് സാദിഖലി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി രാജി ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹക്കീം ഫൈസിക്ക് വേണ്ടിയും നിലകൊണ്ടു. തീരുമാനത്തിനൊപ്പം നിന്നില്ലെങ്കില്‍ സമസ്ത നേതൃത്വം ഇടയുമെന്ന ഭീഷണിക്ക് മുന്നില്‍ സാദിഖലി ശിഹാബ് തങ്ങള്‍ വഴങ്ങുകയായിരുന്നുവെന്നാണ് ഹക്കീം ഫൈസിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സാദിഖലി ശിഹാബ് തങ്ങളും രാജി വെക്കണമെന്ന നിലപാടിലേക്ക് എത്തിയതോടെ ഹക്കീം ഫൈസി തീരുമാനമെടുത്തു. സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചത് കൊണ്ട് മാത്രമാണ് താന്‍ രാജിവെക്കുന്നതെന്ന് ഹക്കീം ഫൈസിയും വ്യക്തമാക്കിയിരുന്നു. ഹക്കീം ഫൈസി ആദൃശേരി രാജി വെച്ചതിന് പിന്നാലെ കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജില്‍ നിന്നും 118 പേര്‍ രാജിവെച്ചു. പ്രതിഷേധ സൂചകമായിട്ടാണ് ഇവരുടെയും രാജി.

സി.ഐ.സിയും അധികാരത്തര്‍ക്കവും

സി.ഐ.സിയുടെ നടത്തിപ്പും സമസ്തയിലെ അധികാരത്തര്‍ക്കവുമാണ് ഹക്കീം ഫൈസിയുടെ രാജിയിലേക്ക് നയിച്ചത്. സാമൂദായിക വിഷയങ്ങളില്‍ യാഥാസ്ഥിതിക നിലപാടെടുക്കുന്ന സമസ്തയും സ്ത്രീകളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുരോഗമന പാതയിലൂടെ മുന്നോട്ട് പോയ ഹക്കീം ഫൈസിയും കുറേ നാളുകളായി രണ്ടു തട്ടിലായിരുന്നു. സി.ഐ.സിക്ക് സമസ്തയുമായി ആദര്‍ശ ബന്ധമാണുള്ളതെന്ന് ഹക്കീം ഫൈസി ആവര്‍ത്തിച്ച് പറയുമ്പോഴും സംഘടനാ ബന്ധം വേണമെന്നതായിരുന്നു സമസ്തയുടെ ആവശ്യം. സെനറ്റും സിണ്ടിക്കേറ്റുമായി യൂണിവേഴ്‌സിറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നേരിട്ട് സമുദായ സംഘടനാ ബന്ധം വേണോയെന്ന ചോദ്യമാണ് ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നത്. പാണക്കാട് കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന ഹക്കീം ഫൈസിക്ക് അതിലൂടെ തന്റെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ ഉറപ്പിക്കാനും കഴിഞ്ഞിരുന്നു.

കോളേജുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഹക്കീം ഫൈസിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിലൊന്ന്. വളഞ്ചേരി കോളേജിലെ വാഫി കോഴ്‌സ് മര്‍ക്കസില്‍ നിന്നും പുറത്ത് പോയതാണ് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. വളാഞ്ചേരി മര്‍ക്കസില്‍ ഹക്കീം ഫൈസി പ്രിന്‍സിപ്പളായിരുന്നു സമയത്ത് വാഫി സിലബസില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുമായി ചേര്‍ന്ന് കോ ഓര്‍ഡിനേഷന്‍സ് ഓഫ് ഇസ്ലാമിക് കോളേജസ് എന്ന കമ്മിറ്റിയുണ്ടാക്കിയത്. സംഘടനക്ക് ഭരണഘടനയുണ്ടാക്കുകയും ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു. മര്‍ക്കസിന്റെ അനുമതിയില്ലാതെയായിരുന്നു ഇത്.

മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സി.ഐ.സിയുടെ പ്രവര്‍ത്തനങ്ങളും സമസ്തയുടെ തീവ്ര നിലപാടുകളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷത്തിന് ഇടയാക്കിയതോടെയാണ് ഭരണഘടനയില്‍ മാറ്റം കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചത്. സി.ഐ.സിയുടെ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്ത് സമസ്ത പ്രസിഡന്റായിരിക്കണമെന്നതിന് പകരം മുശാവറ അംഗം മതിയെന്ന മാറ്റം കൊണ്ടു വന്നു. ഇത് ജിഫ്രി തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെട്ടു. സമസ്തയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സി.ഐ.സിയുടെ നടത്തിപ്പെന്നായിരുന്നു മറ്റൊരു കുറ്റം. സമസ്തയുടെ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്ന ഭരണഘടനയിലെ ഭാഗം മാറ്റി. വളാഞ്ചേരി മര്‍ക്കസില്‍ തുടങ്ങിയ വാഫി കോഴ്‌സ് സമസ്തയുടെ അനുമതി തേടാതെ സി.ഐ.സിയിലേക്ക് മാറ്റി. വാഫി ബിരുദ സര്‍ട്ടിഫിക്കറ്റ് സമസ്തയ്ക്ക് കീഴിലായിരിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊരു പ്രധാന തര്‍ക്കം. ഈ കോളേജുകളില്‍ വാഫി-വഫിയ കോഴ്‌സുകളായിരുന്നു പ്രധാനമായും നടത്തിയിരുന്നത്. ഇതില്‍ വാഫി പുരുഷന്‍മാര്‍ക്കുള്ള കോഴ്‌സും വഫിയ്യ കോഴ്‌സ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതുമായിരുന്നു. വിവിധ ഭാഷകള്‍ ഉള്‍പ്പെടെ ഈ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിച്ചിരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ വിവാഹിതരാകരുതെന്ന നിബന്ധന നടപ്പിലാക്കിയത് സമസ്തയെ ചൊടിപ്പിച്ചു. കോഴ്‌സിനിടെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കാതെ പോകുന്നുവെന്നതും വിദ്യാര്‍ത്ഥിനികള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ് തീരുമാനമെടുത്തതെന്നുമായിരുന്നു ഇത്തരമൊരു നിബന്ധന കൊണ്ടുവരുന്നതിനായി ഹക്കീം ഫൈസി നല്‍കിയ വിശദീകരണം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സമസ്തയുടെ നിലപാടിന് വിരുദ്ധമായിരുന്നു ഇത്. വിവാഹിതരാകുന്ന പെണ്‍കുട്ടികളെ കോളേജുകളില്‍ നിന്നും പുറത്താക്കുമെന്ന തീരുമാനം മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടു. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 22 വയസ്സാകുമെന്നും അനിവാര്യമായ കാരണങ്ങളാല്‍ വിവാഹിതരാകുന്നവരെ കോളേജില്‍ നിന്നും പുറത്താക്കുന്നതായി പരാതി ലഭിച്ചെന്നുമായിരുന്നു സമസ്തയുടെ വാദം. വിവാഹം കഴിക്കുന്നവരുടെ തുടര്‍പഠനം നിഷേധിക്കുന്നുവെന്നതായിരുന്നു സമസ്ത ഉയര്‍ത്തിക്കൊണ്ടു വന്നത്. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഹക്കീം ഫൈസി സമസ്തയുടെ തീരുമാനം അംഗീകരിച്ച് പിന്‍മാറി.

സാദിഖലി ശിഹാബ് തങ്ങള്‍

ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വന്ന ഒരു കത്ത് വീണ്ടും സമസ്തക്കുള്ളില്‍ പ്രശ്‌നമുയര്‍ത്തി. സമസ്ത തുടങ്ങിയ സ്ഥാപനം ഹക്കിം ഫൈസി തട്ടിയെടുത്തെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും സമസ്ത നേതൃത്വം തയ്യാറായില്ലെന്നാണ് ഹക്കീം ഫൈസിയുടെ പരാതി. തുടര്‍ന്ന് മുശാവറ അംഗങ്ങളെ(40 അംഗ സമിതി) നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന കുറ്റവും ആരോപിക്കപ്പെട്ടു. ആദര്‍ശ വ്യതിയാനമായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടു. സുന്നി ആശയം വിട്ട് ജമായത്ത്- മുജാഹിദ് ആശയങ്ങളിലേക്ക് മാറുന്നുവെന്നായിരുന്നു ആരോപണം. നബി ദിന പരിപാടിയില്‍ കാശ് ചിലവഴിക്കുന്നത് ധൂര്‍ത്തായി മാറുന്നുവെന്നും അത് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണമെന്ന് ഹക്കീം ഫൈസി നിര്‍ദേശിച്ചിരുന്നു. ഇത് നബിദിനത്തിനെതിരെയുള്ള നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു. മകളെ ജമാഅത്തെ സ്ഥാപനത്തില്‍ 1998ല്‍ ഒരു കൊല്ലം പഠിപ്പിച്ചുവെന്നതായിരുന്നു മറ്റൊരു ആരോപണം. ഇതെല്ലാം ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ മുഷാവറ അംഗമായിരുന്ന ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്നും പുറത്താക്കി. ഒരിക്കലും സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നായിരുന്നു ഹക്കീം ഫൈസിയുടെ വിശദീകരണം. ആദര്‍ശ വ്യത്യാനമുണ്ടെന്ന് ആരോപിച്ചവര്‍ തന്റെ ഭാഗം കേട്ടില്ലെന്ന് രാജിവെച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും ഹക്കീം ഫൈസി ആവര്‍ത്തിച്ചു.

സമസ്ത അംഗങ്ങള്‍ ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിടരുതെന്ന് സര്‍ക്കുലര്‍ ഇറക്കി. കോഴിക്കോട് നടന്ന വാഫി-വഫിയ്യ കലോത്സവത്തില്‍ സഹകരിക്കരുചെന്ന ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാറുടെ കത്ത് അവഗണിച്ച് സി.ഐ.സി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, മറ്റ് കുടുംബാംഗങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി

നാദാപുരത്തെ കോളേജിന്റെ ശിലാസ്ഥാപനത്തില്‍ പാണക്കാട് തങ്ങള്‍ ഉദ്ഘാടനവും ഹക്കീം ഫൈസി മുഖ്യപ്രഭാഷകനുമായ ചടങ്ങിന് മുമ്പായി എസ്.കെ.എസ്.എസ്.എഫും എസ്.വൈ.എസും സംയുക്തമായി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സമസ്ത വിലക്കിയവരുമായി വേദി പങ്കിടരുതെന്നായിരുന്നു നിര്‍ദേശം. നേരത്തെ പ്രഖ്യാപിച്ച പരിപാടി നടക്കുന്നതിന് തൊട്ട് മുമ്പ് സര്‍ക്കുലര്‍ ഇറക്കി സാദിഖലി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത് വീണ്ടും ചര്‍ച്ചയായി.

ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി വിജയിച്ച് സമസ്ത

സമസ്ത- ലീഗ് തര്‍ക്കത്തില്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു ഹക്കീം ഫൈസി. സമസ്ത പല ആവശ്യങ്ങളും ഉന്നയിച്ച് ഇടതുപക്ഷവുമായി സഹകരിച്ചപ്പോഴെല്ലാം മുസ്ലിം ലീഗിന് വേണ്ടി വാദിച്ചിരുന്നത് ഹക്കീം ഫൈസിയായിരുന്നു. കാലങ്ങളായി മുസ്ലിം ലീഗും സമസ്തയുമായി തുടരുന്ന സാമുദായിക ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു ഹക്കീം ഫൈസിയുടെ നിലപാട്. ഇടതുബന്ധത്തിന് സമസ്തയുടെ അണികള്‍ എതിരാണെന്നും തിരിച്ചടിയാകുമെന്നും മുന്നറിയിപ്പും നല്‍കി. സമസ്ത- ലീഗ് തര്‍ക്കങ്ങളിലെ ഹക്കീം ഫൈസിയുടെ നിലപാടും പാണക്കാട് കുടുംബവുമായുള്ള ബന്ധവും സമസ്തയിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. സമുദായത്തിന്റെ നേതൃത്വം സംബന്ധിച്ച് സമസ്തയും പാണക്കാട് കുടുംബവുമായുള്ള ഇടക്കാലത്തുണ്ടായ തര്‍ക്കവും പരോക്ഷമായി ഇതിലും ഉയര്‍ന്ന് വന്നു. സമസ്തയുടെ നേതൃത്വത്തിലേക്ക് വരാനുള്ള സാദിഖലി തങ്ങളുടെ ശ്രമം മതപഠനത്തില്‍ മതിയായ യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് നേരത്തെ തള്ളിയിരുന്നു.

പാണക്കാട് കുടുംബത്തിന്റെതാണ് യഥാര്‍ത്ഥ നേതൃത്വമെന്നും ആരുടെയും മോഹവലയത്തില്‍പ്പെട്ട് വോട്ട് ബാങ്ക് ഭിന്നിച്ചു പോകരുതെന്നും വാഫി-വഫിയ്യ കലോത്സവ വേദിയില്‍ ഹക്കീം ഫൈസി പ്രസംഗിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ പിന്തുണയോടെ സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണത്തിന് ബലം പകര്‍ന്നു. സമസ്തയെ ഒപ്പം നിര്‍ത്തി ലോക്‌സഭ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഇടതുനീക്കം മുന്നില്‍ കണ്ട് സമുദായ നേതാക്കളെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് മുസ്ലിം ലീഗ് എത്തിയതും ഹക്കീം ഫൈസിയുടെ പിന്തുണ കുറച്ചു.

ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ ഭാഗമായാണ് സമസ്തയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതെന്ന ചര്‍ച്ചകളും പാര്‍ട്ടിക്ക് ഉള്ളില്‍ ഉയരുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത പി.കെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈന്‍ തങ്ങളും ഇടതിന് വേണ്ടിയാണ് വാദിച്ചതെന്നാണ് അവരുടെ ആരോപണം. ലീഗിലെ ഗ്രൂപ്പ് പോരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലുള്ള കെ.എം ഷാജി താമരശേരിയില്‍ നടന്ന എം.എസ്.എഫിന്റെ പാര്‍ലമന്റില്‍ ഹക്കീം ഫൈസിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. മുസ്ലീം ലീഗിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും ഹക്കീം ഫൈസി അവകാശപ്പെടുന്നു.

സമസ്തയുടെ വാദം

സമസ്തയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് വളാഞ്ചേരി മര്‍ക്കസ്. ഹക്കീം ഫൈസി പ്രിന്‍സിപ്പളായ ഈ സ്ഥാപനത്തിലെ പഠനത്തിന് ശേഷം സമസ്ത നേരിട്ട് നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ പി.ജി പഠനത്തോടെയാണ് കോഴ്‌സ് പൂര്‍ത്തിയാകുക. ഇതിനിടെയാണ് വളാഞ്ചേരിയിലെ കോഴ്‌സിന്റെ സിലബസില്‍ മാറ്റം വരുത്തി അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന രീതിയിലേക്ക് മാറ്റി. ഇത് മറ്റ് അറബിക് കോളേജുകളും മാതൃകയാക്കുകയും അവര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി. സിലബസ് കൈമാറുക മാത്രമാണ് ഈ കമ്മിറ്റി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അന്ന് പ്രസിഡന്റായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കോ ഓര്‍ഡിനേഷനെ സൊസൈറ്റിയായി മാറ്റി.

വളാഞ്ചേരിയിലെ സ്ഥാപനത്തിന്റെ പ്രാധാന്യം കുറച്ച് കൊണ്ടു വന്നു. സമസ്തയ്ക്ക് പ്രധാന്യമുണ്ടായിരുന്ന ഭരണഘടന ഭേദഗതി ചെയ്തു. ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്ന് സമസ്തയ്ക്ക് തന്ന ഉറപ്പ് ലംഘിച്ചു. അധികാരം ഇല്ലാതാക്കി. സി.ഐ.സിക്ക് പരമാധികാരം നല്‍കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സമസ്തക്ക് വിധേയപ്പെട്ടാണ് നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ചിരുന്ന ഹക്കീം ഫൈസി ഇപ്പോള്‍ സി.ഐ.സി സ്വതന്ത്രബോഡിയാണെന്ന് പറയുന്നു. സാങ്കേതികമായി സമസ്തയുടെ അധികാരവും സ്വാധീനവും നഷ്ടപ്പെടുന്ന രീതിയിലേക്ക് സി.ഐ.സിയെ മാറ്റിയെന്നതാണ് പ്രധാന പ്രശ്‌നം.

സമസ്തയുടെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും യോജിക്കാത്ത കാര്യങ്ങള്‍ സി.ഐ.സിയിലൂടെ നടപ്പിലാക്കിയെന്നതാണ് മറ്റൊരു പ്രശ്‌നം. സുന്നി ആദര്‍ശത്തില്‍ നിന്നും മാറി പുറത്ത് നിന്നുള്ളവ കുട്ടികളെ പഠിപ്പിച്ചു. അതില്‍ വിശദീകരണം തേടിയതാണ്. പെണ്‍കുട്ടികളുടെ കോഴ്‌സില്‍ ചേരുന്നവര്‍ അഞ്ച് വര്‍ഷം വിവാഹം കഴിക്കരുതെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന വ്യക്തി തന്നെ പഠന കാലത്ത് കല്യാണം കഴിക്കരുതെന്ന നിബന്ധന കൊണ്ടുവന്നു. ഇങ്ങനെ പുറത്താക്കിയ കുട്ടികള്‍ സമസ്തയ്ക്ക് പരാതി നല്‍കി. ഇതോടെ ഇടപെട്ട് ആ നിബന്ധന പിന്‍വലിപ്പിച്ചു. ഇതിനിടെയാണ് ഭരണഘടന ഭേദഗതി നടത്തി പരമാധികാരിയായത്. രാജിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനറല്‍ ബോഡിക്കാണ് അത് നല്‍കിയത്. രാജി വാട്‌സ്ആപ്പ് വഴി അയച്ച് കൊടുക്കുകയാണ് ചെയ്തത്. പാണക്കാട് തങ്ങളെ പോലും അനുസരിക്കാത്ത വ്യക്തിയാണെന്ന് നേതൃത്വം മനസിലാക്കി.

സി.ഐ.സിയുടെ ഭാവി

സ്ഥാപനങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ലെന്നാണ് ഹക്കീം ഫൈസി രാജിവെച്ചതിന് പിന്നാലെ പ്രതികരിച്ചത്. വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് കാവല്‍ക്കാരനായി എന്ന നിലയില്‍ തല്‍ക്കാലം താന്‍ തുടരുമെന്നും വ്യക്തമാക്കി. സമസ്തയുമായി നിയമപോരാട്ടത്തിനില്ല. പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഹക്കീം ഫൈസി പറയുമ്പോള്‍ സ്ഥാനങ്ങളിലേക്ക് തിരിച്ചു വരാനുള്ള ശ്രമമായും ഒരു വിഭാഗം വിലയിരുത്തുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിലൂടെ ഹക്കീം ഫൈസി നേടിയെടുത്ത സ്വീകാര്യത ഇനി അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് അനുയായികള്‍ കരുതുന്നു.

ഇടതുപക്ഷം പോലും അംഗീകരിക്കുന്ന നേതാവാണ്. ലീഗിനൊപ്പം നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഹക്കീം ഫൈസി ആദൃശേരിയെ മാറ്റിയാല്‍ സഹകരിക്കാമെന്ന് സമസ്ത സി.ഐ.സിക്ക് മുന്നില്‍ നേരത്തെ തന്നെ ഉപാധി വെച്ചിട്ടുണ്ട്. ഹക്കീം ഫൈസിക്കെതിരെ നടപടിയെടുത്തതില്‍ മുസ്ലീം സമുദായത്തിലെ പുതിയ തലമുറയ്ക്ക് എതിര്‍പ്പുണ്ട്. വിലപേശല്‍ ശക്തിയായി മാറിയ സമസ്തയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് അടിയറവ് പറഞ്ഞുവെന്നാണ് അവരുടെ വിമര്‍ശനം. ഈ പ്രതിസന്ധിയെ ലീഗും ഹക്കീം ഫൈസിയും എങ്ങനെ മറികടക്കുമെന്നതാണ് ഇനിയുള്ള ചോദ്യം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT