സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ചും പരിഹസിച്ചും പ്രതികരണങ്ങള്‍. മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എം എം ലോറന്‍സ്
ഒരേ സമയം മാവോയിസ്റ്റ് ആശയങ്ങളും കരിനിയമങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. ജനങ്ങളുടെ ഇടയില്‍ ഇവ തുറന്നു കാണിച്ചുകൊണ്ട് എതിര്‍ക്കാന്‍ നാം തയ്യാറാവണം. യു എ പി എ കരിനിയമത്തെ പാര്‍ലിമെന്റ്‌ന് അകത്തും പുറത്തും എതിര്‍ത്തു പോന്ന പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാടില്‍ നിന്ന് എന്തെങ്കിലും മാറ്റം പാര്‍ട്ടി ഇതുവരെ വരുത്തിയിട്ടും ഇല്ല. രണ്ട് ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. മാവോയിസ്റ്റ്കളുടെ ഒരു പ്രസിദ്ധീകരണം കൈവശം ഉണ്ടായിരുന്നു എന്നതാണ് അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. കൈവശം പുസ്തകം ഉണ്ടായിരുന്നു എങ്കില്‍ തന്നെ ആ കാരണം പറഞ്ഞു കൊണ്ട് ഈ കരിനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തത് ഒരിക്കലും അംഗീകരിക്കുവാന്‍ ജനാധിപത്യ മനസാക്ഷിക്ക് കഴിയുന്ന കാര്യം അല്ല. ഒരു പ്രസിദ്ധീകരണം കൈവശമുണ്ട് എന്നത് കൊണ്ട് ആ പ്രസിദ്ധീകരണത്തെ അത് കൈവശം വെച്ചയാള്‍ അംഗീകരിക്കുന്നതായി കണക്കാക്കാന്‍ ആകില്ല. ചെറുപ്പക്കാരെ അടിയന്തരമായി മോചിപ്പിക്കുകയും ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കുവാന്‍ ഉറപ്പ് ലഭിക്കുകയും വേണം. ഇത് അപലപാനീയമാണ്, സിപിഐഎം നും എല്‍ ഡി എഫ് നും കളങ്കം ഉണ്ടാക്കിയ നടപടിയുമാണ്.
സുനില്‍ പി ഇളയിടം
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അരങ്ങേറുന്ന പോലീസ് ഭീകരതയ്ക്ക് അറുതി വരുത്താൻ സർക്കാർ തയ്യാറാകണം. ആളുകളെ വെടിവച്ചു കൊന്നും , ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് UAPA ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പോലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്. ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്.
UAPA ഭരണകൂട ഭീരകരതയുടെ ആവിഷ്കാരമായി നിലവിൽ വന്ന നിയമമാണ്. സി.പി.ഐ. എം. ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങൾ നിരന്തരം എതിർത്തു പോന്ന ഭീകരനിയമം. ലഘുലേഖ കൈവശം വച്ചു എന്നും , മുദ്രാവാക്യം വിളിച്ചു എന്നുമാരോപിച്ച് കേരളത്തിലും UAPA ചുമത്തുന്നത് പോലീസ് ഭീകരതയുടെ മാത്രം വഴിയാണ്. ഇടതുപക്ഷ സർക്കാർ ഒരു നിലയ്ക്കും ആ വഴി പിൻപറ്റിക്കൂടാ.
എന്‍ ഇ സുധീര്‍
പണ്ട് വിയ്യൂർ ജയിലിലെ നക്സൽ തടവുകാരുടെ മേൽവിലാസത്തിൽ അമേരിക്കയിലെ എം.ഐ.ടി സർവ്വകലാശാലമേൽവിലാസത്തിൽ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പോസ്റ്റ് വഴി എത്തുമായിരുന്നു. അതയച്ച ആളിപ്പോഴും ജീവിച്ചിരിപ്പുണ്ട്. പറഞ്ഞാൽ നമ്മളറിയും.
നോം ചോസ്കി എന്നാണ് പേര്.
വിലാസം എം.എ. ബേബി സഖാവിനൊക്കെ അറിയാമായിരിക്കും.
സഖാവ് പിണറായി വിജയന്റെ പോലീസിന് മുൻകാല പ്രാബല്യത്തോടെ കേസെടുക്കാവുന്നതാണ്.
ആഗോളതലത്തിൽ വലിയ വാർത്താ പ്രാധാന്യവും ലഭിക്കും
കെ ജെ ജേക്കബ്
രണ്ടായിരത്തി പത്തൊമ്പതിലെ ഒരു വെളുപ്പാൻ കാലത്തു പോലീസുവണ്ടിയിൽ പോലീസുകാരോടൊപ്പം വന്നിറങ്ങുന്ന കമ്യൂണിസ്റ്റുകളായ മക്കളെ കാണുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് മാതാപിതാക്കൾ ഒരു സറീയലിസ്റ്റിക് ചിത്രമായിരുന്നു എനിക്ക് ഇന്നലെവരെ.
ഇന്നല്ല.
ആ കുട്ടികൾ ഇപ്പോൾ ഒരു യാഥാർഥ്യമാണ്, അവരുടെ മാതാപിതാക്കളും. ഒരു റിയലിസ്റ്റിക് രചന.
അലനെക്കുറിച്ച് ആ ടീനേജറുടെ ബന്ധുക്കളും സുഹൃത്തുക്കളും എഴുതിയത് വായിക്കുകയായിരുന്നു. വായിക്കുന്ന, പ്രതികരിക്കുന്ന ഒരിടതുപക്ഷ മനസ്. താഹ ഫൈസലിന്റെ കഥയും മറ്റൊന്നാകാനിടയില്ല.
അവർ പുറത്തുവരേണ്ടത് അവർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതുകൊണ്ടല്ല, അവർ ജയിലിൽ കിടക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടാണ്. അവരുടെ രാഷ്ട്രീയബോധ്യങ്ങൾ നമുക്കുകൂടി ആവശ്യമുള്ളതുകൊണ്ടാണ്. അവർ നമ്മുടെ ഭാവിയാണ് എന്നതുകൊണ്ടാണ്.
അലനെപ്പോലെ, ഒരു വേള അയാളേക്കാൾ കൂടുതൽ, തീക്ഷ്ണമായി പ്രതികരിച്ച മറ്റൊരു കമ്യൂണിസ്റ്റായിരുന്നു ജിഷ്ണു പ്രണോയ്. അയാളിപ്പോൾ നമ്മുടെയൊപ്പം ഇല്ല. അയാളുടെ കൊലയാളികൾ മാന്യരായി പുറത്തു നടക്കക്കുന്നു; പണം കൊടുത്തും പരസ്യം കൊടുത്തും കൂടുതൽ ബഹുമാന്യരാകുന്നു.
ഭരണകൂടത്തിന്റെ വിചിത്ര യുക്തികളെ നിർധാരണം ചെയ്യുക നമുക്ക് സാധ്യമല്ല. അത് നേരെയാകണം, സുതാര്യമാകണം എന്ന് വാശിപിടിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ല.
നിലമ്പൂർ മുതൽ അട്ടപ്പാടിവരെ നക്സലൈറ്റുകളെ വെടിവെച്ചിടുന്നത് കാണുമ്പോൾ നമ്മൾ അമ്പരന്നിരുന്നിട്ടു കാര്യമില്ല. ജിഷ്ണു പ്രണോയ് യെപ്പോലെ മറ്റൊരു കമ്യൂണിസ്റ്റ് പോലീസുകാരാൽ കൊല്ലപ്പെടുന്നതുവരെ കാത്തിരുന്നുകൂടാ.
ഭരണകൂടം അകൗണ്ടബിൾ ആകണം എന്ന് നമ്മൾ നിർബന്ധം പിടിച്ചില്ലെങ്കിൽ ഈ റിയലിസ്റിക്ക് ചിത്രം ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ ആവർത്തിക്കും. നിങ്ങളുടെ വീട്ടുമുറ്റത്തും എന്റെ വീട്ടുമുറ്റത്തും.
ഓർക്കുക,
ഒരാളുടെ സ്വാതന്ത്ര്യത്തിനു നേരെ ഭീഷണിയുയരുമ്പോൾ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്.
The rights of every man are diminished when the rights of one man are threatened.
ഷഹബാസ് അമന്‍
അലൻ മോൻ! മ്മളെ ശുഐബിന്റെയും സബിതേച്ചിയുടെയും ! മുത്ത്പോലത്തെ കുട്ടിയാണു! ഉണർവ്വ് ഒരു കുറ്റം??? സങ്കടവും ഞെട്ടലും. എല്ലാ കുട്ടികളോടും സ്നേഹവും വാൽസല്യവും മാത്രം.
കെ കെ ഷാഹിന
പുസ്തകങ്ങളാണ് തെളിവെങ്കിൽ അറസ്റ്റ്, മരിച്ചു പോയ സഖാവ് സാവിത്രി ടീച്ചറിൽ നിന്ന് തുടങ്ങണം സർ. അവരുടെ കാലം മുതലുള്ള പുസ്തകങ്ങൾ ഉണ്ട് ആ വീട്ടിൽ. അവന്റെ അച്ഛനെയും അമ്മയെയും അടക്കം ഞങ്ങൾ കുറെ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യണം സർ. വായിക്കുന്ന കുടുംബമാണ് സർ. ഞങ്ങളിൽ പലരും അവന് പുസ്തകങ്ങൾ കൊടുത്തിട്ടുണ്ട് സർ. വേറെയും തെളിവുകൾ ഉണ്ട്. രാഷ്ട്രീയം സംസാരിക്കുമായിരുന്നു സർ. അവന്റെ പ്രായത്തിൽ ഉള്ള കൂട്ടുകാരിൽ പലരും പുസ്തകം വായിക്കുന്നില്ലെന്നും നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ താല്പര്യം എടുക്കുന്നില്ലെന്നും സങ്കടപ്പെട്ടിരുന്നു സർ. സഹജീവികളോട് കരുണ ഉണ്ടായിരുന്നു സർ.
പോലീസിൽ നിന്ന് തന്നെ അറിഞ്ഞതാണ്. 'അച്ഛൻ മുസ്ലിം, അമ്മ ഹിന്ദു, ഇതെന്തൊരു കുടുംബമാണ് 'എന്ന് ഒരു ഏമാൻ രോഷം പ്രകടിപ്പിച്ചത്രേ. വളരെ ശരിയാണ്. അതും ശക്തമായ ഒരു തെളിവാണ്. നാളെ എന്റെ മകനെയും പിടിച്ചു കൊണ്ട് പോകാൻ പര്യാപ്തമായ തെളിവാണ്. അവന്റെ അച്ഛനുമ്മയും രണ്ട് വ്യത്യസ്ത മത വിഭാഗക്കാരാണ്. അമ്മ UAPA ക്കേസിലെ പ്രതിയാണ്. ഊപ്പ ചുമത്തി ഇപ്പോൾ അകത്തിട്ടിരിക്കുന്ന അലൻ ചേട്ടൻ അവന്റെ കളിക്കൂട്ടുകാരനാണ്. നിറയെ പുസ്തകങ്ങൾ ഉള്ള ആ വീട് എന്റെയും വീടാണ്. അവന്റെ അമ്മയും അച്ഛനും വല്യമ്മയും എന്റെ സുഹൃത്തുക്കളാണ്. സാവിത്രി ടീച്ചർ എന്റെയും അമ്മയാണ്.
പുസ്തകം വായിക്കുന്ന, സഹജീവികളോട് കരുണയും സഹാനുഭൂതിയും പുലർത്തുന്ന മക്കളുള്ള അമ്മമാർ കരുതിയിരുന്നോളൂ. ഉറങ്ങാൻ പറ്റാത്ത രാത്രികളാണ് നമ്മളെ കാത്തിരിക്കുന്നത്
നദി
ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലൻ അറസ്റ്റിൽ ആയ വിവരം അറിയുന്നത്..
ഖത്തറിലെ വർത്തമാനകാല ജീവിത ദുരിതക്കഴത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാൽ വാർത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.
അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാൽ അവനിപ്പോഴും പത്തൊൻപത് വയസേ ആയിട്ടുള്ളൂ എന്നോർക്കണം.
കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലൻ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.
സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലൻ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കിൽ നിന്ന് വ്യക്തമാണ്.
എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?
അലനും താഹയും ചെയ്ത തെറ്റ് എന്താണ്?
ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം.
അന്നു മുതൽ എന്നോടു പലരും ഞാൻ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം.
ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാ രോഗം ആയി മാറിയ ഭീകര കാലത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.
ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോൾ വാട്സാപ്പിൽ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കിൽ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവർക്കൊരു ധൈര്യം നൽകുമെന്ന തോന്നലായിരുന്നു കാരണം..
ചേച്ചി മാസങ്ങൾക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓർത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം..
അലനെക്കാൾ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാർത്ഥി ആണ്.
അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സിപിഐഎമ്മിന്റെ ആദ്യ കാല പ്രവർത്തകരിൽ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകൻ ആണ് അലൻ. കോഴിക്കോട് ഭാഗങ്ങളിൽ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കൾ. വലിയമ്മ സജിത മഠത്തിൽ നാടക സിനിമ മേഖലകളിൽ പ്രശ്‌സത.
വിഷയം വലിയ ചർച്ചകൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.
താഹ മാത്രമായിരുന്നു ഈ കുരുക്കിൽ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ..
എത്ര ഭീകരമായിരുന്നേനെ.
റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിർബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്രേ.
ഏത് കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടിൽ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കൾ പലയാവർത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവൻ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..
ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്..
ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവർ തന്നെ വിജയിക്കുന്നു.
പുസ്തകങ്ങൾക്കിടയിൽ ജീവിക്കുന്ന ചെങ്കൊടി വീട്ടിൽ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകൾ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോൾ പേടി കൂടുന്നു..
സത്യം.. എനിക്കീ പോലീസിനെ പേടിയാണ്.
പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാൻ വന്ന പോലീസുകാർ ഉറങ്ങാൻ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു.
എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാൻ കഴിയും എന്നൊക്കെ ആവേശപൂർവ്വം സംസാരിക്കാമെങ്കിലും ശാരീരിക മർദ്ദനത്തെക്കാൾ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങൾ ഏറ്റെടുക്കാൻ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം.
തൂക്കാൻ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാൽ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു..
എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.
ഭരണകൂടത്തിന്റെ ഓരോ ചികിത്‌സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളിൽ പുകമറവുകൾ മാത്രമായിരിക്കും ബാക്കി..
അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തിൽ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളിൽ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടൽ, ഓട്ടപ്പാച്ചിൽ....
ഒന്നര രണ്ടു വർഷക്കാലമാണ് ഞാൻ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല..
ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോൾ പോലീസിനെ പേടിയില്ല എന്ന് പറയാൻ എനിക്കാവില്ല..
പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കൾ മുന്നോട്ടു വരണം..
യു എ പി എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം..
എല്ലാവരും എഴുതണം...
ബ്രഹ്ത് തന്റെ The anxieties of the régime കൃതിയിൽ ചോദിക്കുന്നുണ്ട്, '' എന്തുകൊണ്ടാണ് അവർ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സർവ്വസന്നാഹങ്ങളുമുള്ള അവർ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത്? കാരണം, അവർക്കറിയാം പട്ടാളങ്ങൾക്ക് മറിച്ചിടാൻ കഴിയാത്ത അസ്സിറിയൻ കോട്ടകൾ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകർന്നുപൊടിയായ കഥകൾ..
സുനിതാ ദേവദാസ്
പോലീസിനെ മാത്രം കുറ്റം പറഞ്ഞും അധിക്ഷേപിച്ചും ബെഹ്‌റ സംഘിയാണ് എന്ന് പറഞ്ഞും കാടും പടർപ്പും തല്ലിയിട്ട് കാര്യമൊന്നുമില്ല.
ആഭ്യന്തര വകുപ്പ് വൻ പരാജയമാണ്. ആഭ്യന്തരമന്ത്രിയാണ് ഈ മാവോയിസ്റ് വേട്ടയ്ക്കും യു എ പി എ ക്കും ഒക്കെ മറുപടി പറയേണ്ടത്.
അത് സഖാവ് പിണറായി വിജയനാണ്.
ബഹ്‌റയെ നിലക്ക് നിർത്താൻ ആഭ്യന്തര മന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ സ്ഥാനമൊഴിയണം.
അതല്ല ഇച്ഛാശക്തിയുണ്ടെങ്കിൽ പോലീസിനെ നിലക്ക് നിർത്തണം .
ജീവിതത്തിൽ ആദ്യമായി കാനഡയിൽ ജീവിക്കുന്നതിൽ ആശ്വാസം തോന്നുന്നു.
കാരണം എന്റെ ബുക്കുകൾക്കിടയിലുമുണ്ട് എല്ലാ തരം പുസ്തകങ്ങളും. ഇവിടിരുന്നു എനിക്കത് വായിക്കാം. കയ്യിൽ കൊണ്ട് നടക്കാം.
ആരും എന്നെ തീവ്രവാദിയാക്കില്ല, മാവോയിസ്റ്റ് ആക്കി വെടി വച്ച് കൊല്ലില്ല . യു എ പി എ ചുമത്തില്ല
കെ എ ഷാജി
കോഴിക്കോട് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു അലനെ ആദ്യമായി കാണുന്നത്. കൊച്ച് കുട്ടിയായിരുന്നു. നഗരത്തിലെ മിശ്രവിവാഹിതരുടെ കൂട്ടായ്മയായ സെക്യുലർ സൊസൈറ്റിയിൽ അംഗത്വമെടുത്ത ദിവസം ആദ്യം പരിചയപ്പെട്ടത് ശുഐബിനേയും സബിതയേയും അലനേയുമായിരുന്നു. വലിയ ഒരു പരസ്പര്യത്തിന്റെ തുടക്കം.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ഒരു യോഗത്തിൽ പ്രസംഗിച്ചിറങ്ങുമ്പോൾ തടിച്ചുരുണ്ട ഒരു യുവാവ് വന്ന് കയ്യിൽ പിടിച്ചു. "എന്നെ മനസ്സിലായോ? ശുഐബിന്റെയും സബിതയുടേയും മകനാണ്. അലൻ."
കൂട്ടായ ഒരു ഭൂതകാലത്തിന്റെ സ്നേഹോഷ്മളതകൾ അവിടെ തിരയടിച്ചു. വൈകാതെ ശുഐബുെമെത്തി.
പാർട്ടി പ്രവർത്തനം എങ്ങനെ പോണു എന്ന് ചോദിച്ചപ്പോൾ ശുഐബ് മകന് നേരെ വിരൽ ചൂണ്ടി. ഇപ്പോൾ അവനാണ് സജീവം. ഞാൻ അനുഭാവി മാത്രം.
ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാവാണ് സബിതേച്ചി. അവരുടെ സഹോദരി സജിത മഠത്തിൽ. പൂർണ്ണമായും കമ്മ്യുണിസ്റ്റ് കുടുംബം. പാർട്ടിക്കായി കത്തിയമർന്ന വിളക്കായിരുന്നു അവരുടെ അമ്മ. കല്ലായിയിലെ ഉന്നത കുലജാതർ ജീവിക്കുന്നിടത്ത് നിന്ന് മാറി ചേരിയോട് ചേർന്ന് വീടെടുത്ത് അവിടെ നിസ്വരായ മനുഷ്യർക്കിടയിൽ പാർട്ടി കെട്ടിപ്പടുത്ത ഒരമ്മ.
ശുഐബ് ദീർഘകാലം പാർട്ടി പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പാർട്ടി പ്രധാന പരിഗണനയായപ്പോൾ ആ കുടുംബം സെക്യുലർ സൊസൈറ്റിയിൽ അനുഭാവികൾ മാത്രമായി. എങ്കിലും ഇടയ്ക്ക് കൂടിക്കാണുമായിരുന്നു.
പാർട്ടിയിലെ വിഭാഗീയതയിൽ ശുഐബ് പിണറായി വിജയൻ പക്ഷത്തിന്റെ ശക്തനായ വക്താവായി. എതിരഭിപ്രായം പറഞ്ഞ ഞങ്ങളെയൊക്കെ ശക്തമായി എതിരിട്ടു.
കോഴിക്കോട് വിട്ട് ഡൽഹിയിൽ തെഹൽക്കയിൽ ആയിരിക്കുമ്പോൾ കുറ്റിച്ചിറയിലെ അറബി കല്യാണങ്ങളെപ്പറ്റി ഫീച്ചർ ചെയ്യാൻ വന്നപ്പോൾ അലനും ശുഐബും കൂടെ വന്നു. അന്നും രണ്ടാളും പിണറായിക്കായി വീറോടെ വാദിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ... അലനെ എനിക്കറിയാം. അവന്റെ ഹൃദയത്തിലെ നേതാവ് നിങ്ങളാണ്. അവൻ നടന്നു നീങ്ങിയ വഴി നിങ്ങളുൾക്കൊള്ളുന്ന ഇടതുപക്ഷത്തിന്റെതാണ്. മനുഷ്യരെ വിചാരണയില്ലാതെ വെടി വച്ച് കൊല്ലുന്ന പോലീസ് ഭീകരത അവനെ പിടിച്ചുലച്ചിരിക്കും. ഇടതുപക്ഷ നീതിബോധം നെഞ്ചേറ്റിയ ഒരു കുടുംബമാണത്. പാർട്ടിയാണ് പരമം എന്ന് വിചാരിക്കുന്നവർ.
അവൻ മാവോവാദിയല്ല. ആകാനുമാകില്ല. ഭരണകൂട ഭീകരതയ്ക്ക് ആരും ഇരയാകരുത് എന്ന ചിന്ത മാവോവാദമല്ല മുഖ്യമന്ത്രീ... അത് മാർക്സിസ്റ്റുകളുടെ മാനവീകതയാണ്.
കാണുന്നവരിലും പരിചയപ്പെടുന്നവരിലും സ്നേഹവും വാത്സല്യവും ഉണ്ടാക്കുന്ന കുട്ടിയാണ് അലൻ. ഞങ്ങളുടെ കുട്ടി.
ഏതോ ലഘുലേഖ കൈവശം വച്ചെന്ന് പറഞ്ഞ് അവനെയും കൂട്ടുകാരനേയും അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വച്ച് പുലരും മുമ്പെ അവന്റെ മാതാപിതാക്കളുടെ മുന്നിൽ തെളിവെടുപ്പിന് കൊണ്ട് വന്ന നിങ്ങളുടെ പോലീസ്. ആ വീട്ടിൽ കുമിഞ്ഞു കിടന്നിരുന്ന ഇടതുപക്ഷ രാഷ്ട്രീയം പേറുന്ന പുസ്തകങ്ങൾ കണ്ട് മാവോ സാഹിത്യമായി തെറ്റിദ്ധരിച്ച നിങ്ങളുടെ പോലീസ്.
കഷ്ടമുണ്ട് മുഖ്യമന്ത്രി...
യു എ പി എ ചുമത്തി ആ കുഞ്ഞുങ്ങളെ നിങ്ങളുടെ പോലീസ് ഭീകര വേഷം കെട്ടിക്കുന്നു.
നിങ്ങളാണ് ശരിയെന്നും നിങ്ങൾ മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്ന ആ കുട്ടികളെ രക്ഷിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. ആ കുഞ്ഞുങ്ങളുടെ ഭാവി നിങ്ങളുടെ ദയയിലാണ് മുഖ്യമന്ത്രീ.... ബഹറയുടെ പോലീസ് അവരെ ചവിട്ടിയരയ്ക്കരുത്. വായിച്ചും ചിന്തിച്ചും കാലഘട്ടത്തോട് സത്യസന്ധമായി പ്രതികരിച്ചും നാടിനഭിമാനമായി വളർന്നവരാണവർ.
പ്രിയമുള്ള മുഖ്യമന്ത്രീ,
താങ്കൾക്ക് ഹൃദയമുണ്ടെങ്കിൽ....
ഒരു ചങ്ക് എങ്കിലുമുണ്ടെങ്കിൽ....
അന്ന മിനി
അലനെ എനിക്ക് നേരിട്ട് പരിചയമില്ല. പറഞ്ഞ്കേട്ടും ഫേസ്ബുക്കിലൂടെയും ഉള്ള പരിചയമേ ഉള്ളൂ. എന്നാൽ അലന്റെ കുടുംബത്തിലെ പലരേയും നന്നായി അടുത്തറിയാം. വ്യക്തമായി പറഞ്ഞാൽ അച്ഛനമ്മമാരുടെ വലിയ സൗഹൃദ വലയത്തിലെ രണ്ട് കണ്ണികളാണ് ഞങ്ങൾ. അവനേക്കാൾ പത്ത് വയസ്സ് കൂടുതലുള്ള ഒരു കണ്ണിയാണ് ഞാനെന്ന് മാത്രം. അതുകൊണ്ടാകാം അലന്റെ നേരെയുണ്ടായ പോലീസ് ഭീകരത എന്നിൽ ഇത്രയേറെ നിസ്സഹായത വിതച്ചതും.
ഈ വലിയ സൗഹൃദവലയം വെറുതേ ഒരുനാൾ രൂപപ്പെട്ടതല്ല. അതിന് സമരങ്ങളുടേയും നിലപാടുകളുടേയും പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ-സാമൂഹിക അടിത്തറയുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാട് പുലർത്തുന്നവരാണവരിൽ പലരും. പരസ്പരം അറിഞ്ഞുകൊണ്ട്-ബഹുമാനിച്ച്കൊണ്ട് വിയോജിക്കുന്നവർ. അതുകൊണ്ടാകാം ഞങ്ങളിൽ പലരും വളർന്ന സാഹചര്യങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. പുസ്തകങ്ങളും തുറന്ന മനുഷ്യരുമാണ് വഴികാട്ടികളായിട്ടുള്ളത്. ഏതൊരാശയത്തോട് വിയോജിക്കുമ്പോഴും ആശയത്തെ പൂർണമായി വായിച്ച് മനസ്സിലാക്കിയിരിക്കണം എന്നാണ് പഠിച്ചിട്ടുള്ളത്. വ്യത്യസ്ത രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നിൽക്കണമെന്നല്ല, സംവാദത്തിന് ഇടമുണ്ടാകണമെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ചിന്തിക്കരുതെന്നോ അഭിപ്രായം പറയരുതെന്നോ അല്ല, മറിച്ച് സ്വന്തം അഭിപ്രായത്തിന് വ്യക്തതയുണ്ടാവണമെന്നാണ്. ആത്മാഭിമാനത്തോടെ അതിൽ ഉറച്ചു നിൽക്കണമെന്നാണ്. കൺമുന്നിൽ കാണുന്ന കഷ്ടതകൾക്കും നീതി നിഷേധത്തിനും നേരെ കണ്ണടയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. കൂടെയുള്ളവരുടെ ബുദ്ധിമുട്ടിലും പ്രശ്‌നങ്ങളിലും ഇടപെട്ട് ജീവിക്കാനാണ് പഠിച്ചിട്ടുള്ളത്. സ്വന്തം കാര്യം മാത്രം നോക്കി മുന്നേറാനല്ല. നമ്മെ രക്ഷിക്കാൻ മതങ്ങളോ ദൈവങ്ങളോ വരില്ല. കാരണം അവരല്ല നമ്മെ നയിച്ചിരുന്നത് ഒരിക്കലും. ഉറച്ച രാഷ്ട്രീയബോധമാണ് നമ്മെ മുന്നോട്ട് നയിച്ചതും പിടിച്ച് നിർത്തിയതും. എന്നാൽ പുസ്തകങ്ങൾ തെളിവുകളാവുന്നിടത്ത് നാം കൊടുംകുറ്റവാളികളാണ്. ദൈവത്തിന്റെ പേരിൽ നടുറോഡിലിറങ്ങി മനുഷ്യരെ തല്ലിയവർ സംരക്ഷകരും. ഇടത് പക്ഷം ഭരിക്കുന്ന നാട്ടിൽ പോലീസ് രാജാണെന്ന് പറയേണ്ടി വരുന്നത് അത്രയേറെ വിഷമിപ്പിക്കുന്നതും ഈ രാഷ്ട്രീയ വ്യക്തത ഉള്ളതുകൊണ്ടുതന്നെയാണ്.
കേന്ദ്ര സർക്കാരും മറ്റ് ഏജൻസികളും നല്കുന്ന റാങ്കിംങിൽ ഒന്നാമതാവാനുള്ള ഓട്ടത്തിലാണ് നമ്മുടെ നാട്. ആ മത്സര ഓട്ടത്തിൽ പല മേഖലയിലും നേട്ടം കൈവരിയ്ക്കാനായി. പക്ഷേ ഭരണകൂടത്തിന്റെ ശ്രദ്ധ പാളിപ്പോയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിൽ നിന്നാണ്. എന്തിന്റെ പേരിലായാലും കൊന്നുതള്ളൽ ഇടത് പക്ഷത്തിന് യോജിച്ച നയമല്ല. സി പി എമ്മിലെ മാവോയിസ്റ്റ് ബന്ധം എന്ന കേന്ദ്രത്തിന്റെ - സംഘപരിവാറിന്റെ തിരക്കഥയ്ക്കനുസരിച്ച് കേരള പോലീസ് പ്രവർത്തിക്കുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് ഇടത് മുന്നണിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കാലങ്ങളായി പോലീസിന്റെ ഭാഷ ഭയപ്പെടുത്തലിന്റെയും വിരട്ടിയോടിക്കലിന്റേതുമാണ്. അതൊരു പുതിയ കഥയല്ല. കേരള പോലീസിലെ കാവിവൽക്കരണവും മറ്റും നമ്മളെകാളേറെ ഇടത് പക്ഷത്തിനും ആഭ്യന്തര മന്ത്രിയ്ക്കും അറിയാവുന്നത് തന്നെ. കേരളത്തിൽ പോലീസ് രാജ് അല്ല ജനാധിപത്യമാണ് പുലരേണ്ടതെന്നും, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായല്ല ഭരണകൂടവും പോലീസും പെരുമാറുന്നതെന്നും ഉറപ്പുവരുത്താനാവാതിരുക്കുന്നോൾ തകരുന്നത് പാർട്ടിക്കൊപ്പം നിൽക്കുന്നവരുടെ വിശ്വാസമാണ്.
അലനും താഹയും തികച്ചും വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് ഉള്ളവരാണ്. പക്ഷേ രണ്ടുപേരുടേയും അമ്മമാർ എടുത്ത് പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തങ്ങൾക്കുള്ള വിശ്വാസമാണ്. അടിസ്ഥാന പരമായി ജനങ്ങളുടെ വിശ്വാസമാണ് പാർട്ടിയുടെ അടിത്തറ. ഭീതിയല്ല.
ഇന്നലെ കേരളത്തിന്റെ തെരുവുകളിൽ ഉയരാതെ പോയ മുദ്യാവാക്യങ്ങളിൽ, സംഘടിപ്പിക്കാതിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ, ഭീതിയും അരക്ഷിതാവസ്ഥയും നിഴലിയ്ക്കുന്നില്ല എന്ന് ആത്മാർഥമായി നമുക്ക് പറയാനാകുമോ?
ഷിബു ഗോപാലകൃഷ്ണന്‍
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു. അന്നദ്ദേഹം കൂത്തുപറമ്പ് എംഎല്‍എ ആണ്. D255 ആം നമ്പര്‍ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അതിക്രൂരമായ മര്‍ദനമായിരുന്നു ജയിലില്‍ നേരിടേണ്ടി വന്നത്. ജനപ്രതിനിധി ആയിരുന്നിട്ടും 18 മാസം ജയിലില്‍ കഴിയേണ്ടിവന്നു. അമ്മയുടെ ചികിത്സാര്‍ത്ഥം പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്നദ്ദേഹം ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക ചരിത്രരേഖയായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ജയില്‍ മോചിതനായതിനു ശേഷം തന്റെ ചോരപുരണ്ട ഷര്‍ട്ടുമായി നിയമസഭയിലേക്ക് കയറിവന്ന ആ ചെറുപ്പക്കാരനായ എംഎല്‍എ നടത്തിയ പ്രസംഗം നിയമസഭാ രേഖകളിലെ ജ്വലിക്കുന്ന ഒരേടാണ്. ഭരണപക്ഷവും പ്രതിപക്ഷവും അത്രമേല്‍ നിശബ്ദവും വികാരനിര്‍ഭരവുമായാണ്, ജയിലിലെ മര്‍ദ്ദനാനുഭവങ്ങള്‍ വിവരിക്കുന്ന, പോലീസിന്റെ കൊടുംക്രൂരതകളെ അനാവരണം ചെയ്യുന്ന ആ പ്രസംഗം കേട്ടിരുന്നത്.
ആ എംഎല്‍എയുടെ പേരാണ് പിണറായി വിജയന്‍.
അങ്ങനെയൊരാള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ഇരിക്കുന്ന നാട്ടിലാണ് ചെറുപ്പക്കാരായ, വിദ്യാര്‍ത്ഥികളായ പാര്‍ട്ടിക്കാര്‍ യുഎപിഎ ചുമത്തി അകത്താവുന്നത്. അവരെയും അവരുടെ പുസ്തകങ്ങളെയും അറസ്റ്റു ചെയ്യുന്നത്. മാവോയിസ്റ്റുകളെ, മനുഷ്യന്മാരെ, ഏകപക്ഷീയമായി പോലീസ് വെടിവച്ചു കൊല്ലുന്നത്. വാക്കിനു പകരം തോക്കെടുക്കുന്നത്.
നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മുഖ്യമന്ത്രീ പോലീസിനെ മനസിലാവുക. അവരെ നിലയ്ക്ക് നിര്‍ത്താനുള്ള സ്മരണ കൈമോശം വന്നുകഴിഞ്ഞെങ്കില്‍ ഉറപ്പാണ്, ഞങ്ങള്‍ ഒരു തോറ്റ ജനതയാണ്.
പ്രജി അമന്‍
സഖാവേ നിങ്ങളൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നതുകൊണ്ടാണ്
ഡി വൈ എഫ് ഐ യും , എസ് എഫ് ഐ യു മെല്ലാം നിശബ്ദരായി, അമർഷം കടിച്ചമർത്തി നാണംകെട്ട് ഈ ഇരിപ്പിരിക്കുന്നത് അവർ കാണിക്കുന്ന ആ രാഷ്ട്രീയ ബഹുമാനം തിരികെ നൽകാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ നിങ്ങൾ എന്തൊരു കമ്മ്യൂണിസ്റ്റ് കാരനാണ് .
ടിഎന്‍ ഹര്‍ഷന്‍
ഏത് മുസ്ലീമിനേയും ദേശവിരുദ്ധനാക്കി കൈകാര്യം ചെയ്യാൻ പോന്ന ഒരു സംവിധാനം മുമ്പേ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ഏത് കമ്യൂണിസ്റ്റിനേയും ഭീകരനായി ചാപ്പ കുത്താൻ പോന്ന ആഖ്യാനത്തിൻ്റെ പൈലറ്റ് സ്കീമാണ് കോഴിക്കോട്ടെ സിപിഐഎം പ്രവർത്തകരുടെ അറസ്റ്റ്.
'കമ്യൂണിസ്റ്റ് പാർട്ടിയെ സുരക്ഷിത താവളമാക്കി ഒളിപ്രവർത്തനം നടത്തുന്ന മാവോയിസ്റ്റ് ഭീകരൻ'
ഗംഭീരം .....!!!
അതാരുമാവാം.
ഏത് സിപിഐഎം കാരനുമാവാം..
ഏത് സിപിഐക്കാരനുമാവാം..
ഏത് സിഎംപിക്കാരനുമാവാം..
ഏത് ആർഎംപിക്കാരൻ പോലുമാവാം..
കാനമോ പിണറായിതന്നെയോ ആവാം..
മാവോയിസ്റ്റുകൾ കൊല്ലപ്പെടേണ്ടവരാണെന്ന് നിലമ്പൂരും വയനാടും അട്ടപ്പാടിയുമൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒളിച്ചുതാമസിക്കുന്ന ആ ഭീകരനും കൊല്ലപ്പെടേണ്ടവൻ തന്നെ.
അർബൻ നക്സലുകളേയും വിടില്ലെന്ന് അമിത് ഷാജി പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഏത് സിപിഐഎം പ്രവർത്തകൻ്റെ വീട്ടിലും ചെറിയൊരു പുസ്തക ശേഖരമുണ്ടാവും.
അതിലെ ഒന്നോ രണ്ടോ പുസ്തകങ്ങൾ മതി പല സംഘിസംസ്ഥാനങ്ങളിലും ഇപ്പോൾ യുഎപിഎ തടവുകാരനാവാൻ.
കേരളത്തിലും അത് മതിയെന്നാണ് പോലീസ് പറയുന്നത്.
അപ്പോ പറഞ്ഞുവന്നത് ..
ഏത് മുസ്ലീമിലും ഒരു പൊട്ടൻഷ്യൽ ടെററിസ്റ്റുണ്ട് എന്നതുപോലെ
ഏത് കമ്യൂണിസ്റ്റിലും ഒരു പൊട്ടൻഷ്യൽ ഭീകരനുണ്ട്.
എം അബ്ദുള്‍ റഷീദ്
പിണറായി സർക്കാർ ദേശവിരുദ്ധരും മാവോയിസ്റ്റ് ഭീകരരുമായി മുദ്രകുത്തി ജയിലിൽ അടച്ച ആ ചെറുപ്പക്കാരിൽ ഒരാളുടെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോയി നോക്കുകയായിരുന്നു ഞാൻ.
പത്തൊൻപതാം വയസിൽ ലോകത്തിലേക്ക് കണ്ണുകളും കാതും തുറന്നുവെച്ചു ജീവിക്കുന്ന ഒരു കൗമാരക്കാരനെ സ്വാധീനിക്കാവുന്ന എല്ലാ രാഷ്ട്രീയവും അവന്റെ പോസ്റ്റുകളിലുണ്ട്.
സി പി എമ്മിന്റെയും ഡി വൈ എഫ് എയുടെയും ബാലസംഘത്തിന്റെയും പ്രവർത്തകനാണെന്ന് അവൻ പ്രൊഫയിലിൽ എഴുതിവെച്ചിട്ടുണ്ട്. അപ്പോഴും ഫേസ്‌ബുക്കിൽ സമകാലിക വിഷയങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളിൽ കുറിപ്പുകൾ ഇടുന്ന ഒട്ടനവധി പേരെ ഫോളോ ചെയ്യുന്നുണ്ട്. അവരുടെ ആശയങ്ങൾ സങ്കോചമില്ലാതെ പങ്കുവെക്കുന്നുണ്ട്.
സിപിഎം ആണെന്ന് പ്രഖ്യാച്ചിരിക്കെ തന്നെ വാളയാറിലെ നീതി നിഷേധത്തിനെതിരെ അവൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്.
പൊതുവേദിയിൽ അപമാനിതനായ ബിനീഷ് ബാസ്‌റ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കൊന്നുതള്ളുന്നതിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേ സമയംതന്നെ, അവന്റെ നാട്ടിലെ ഡി വൈ എഫ് ഐ ഭാരവാഹികൾക്ക് അഭിവാദ്യം നേർന്നിട്ടുണ്ട്.
അബൂബക്കർ അൽ ബാഗ്‌ദാദിയെ വളർത്തിയതും കൊന്നതും അമേരിക്കയാണെന്ന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഐഎഫ്എഫ്കെ ഉടച്ചുവാർക്കണമെന്ന ലേഖനം പങ്കുവെച്ചിട്ടുണ്ട്. എസ് എ ആർ ഗീലാനിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറുവർഷങ്ങൾ ഡോകുമെന്ററി പങ്കുവെച്ചിട്ടുണ്ട്.
കുർദുകൾക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചിട്ടുണ്ട്. വായിക്കാൻ ആളുള്ളതിനാൽ കേരളത്തിൽ പൊതു ലൈബ്രറികൾ കൂടുന്നുവെന്ന മനോരമ വാർത്ത വെട്ടിയെടുത്ത് ആഹ്ലാദത്തോടെ ഷെയർ ചെയ്തിട്ടുണ്ട്. ഈ ലോകത്തെ ആദിവാസികളെയും ദളിതരെയും പാവങ്ങളെയുംപറ്റി ആവലാതിപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങളിൽ വേദനിച്ചിട്ടുണ്ട്. നീതിനിഷേധങ്ങളിൽ രോഷംകൊണ്ടിട്ടുണ്ട്.
ആ ടൈംലൈനിൽ അവന്റെ സെൽഫികൾ അപൂർവമാണ്. രാഷ്ട്രീയ ദേശാതിരുകളൊന്നും അവന്റെ ചിന്തകളെ, പിന്തുണകളെ, നിലപാടുകളെ പരിമിതപ്പെടുത്തിട്ടിട്ടേയില്ല.
ഇത്രമേൽ ലോകത്തിന്റെ ഗതിവിഗതികളിലേക്ക് നോക്കി ജീവിച്ച ഒരു വിദ്യാർത്ഥി, ഒറ്റ ദിവസം കൊണ്ട് മാവോയിസ്റ്റ് ഭീകരനായിരിക്കുന്നു. ജയിലിൽ ആയിരിക്കുന്നു.
പത്തൊൻപതാം വയസിൽ നമ്മളിൽ ആരൊക്കെ എന്തൊക്കെ ആയിരുന്നിരിക്കാം! എന്തൊക്കെ ആശയങ്ങൾ നമ്മെ സ്വാധീനിച്ചിരിയ്ക്കാം.
ഈ പ്രായത്തിൽ ഇനി അവനൊരു മാവോയിസ്റ്റ് അനുഭാവിയാണെങ്കിൽപ്പോലും കരിനിയമം ചുമത്തി ഭീകരനാക്കിയാണോ നമ്മുടെ നിയമവും നീതിയും അവനെ തിരുത്തുക? നേർവഴിക്ക് കൊണ്ടുവരിക?
പിണറായി പോലീസ് ചാർത്തിക്കൊടുത്തിരിക്കുന്ന മാവോയിസ്റ്റ് ഭീകര ദേശദ്രോഹ മുദ്ര അഴിച്ചുകളയാൻ ആ ചെറുപ്പക്കാരന് അവന്റെ ജീവിതത്തിന്റെ എത്ര വർഷങ്ങൾ ഇനി റിമാൻഡിലും കോടതിയിലും ജയിലിലും ആയി ചിലവഴിക്കേണ്ടി വരും?
ഇനിയായിരിക്കില്ലേ അവൻ ശരിക്കും ദേശത്തോട് , നിയമത്തോട് , ഈ വ്യവസ്ഥയോട് കടുത്ത പകയുള്ളവനായി മാറുക? നമുക്ക് എന്ത് ഉത്തരമുണ്ടാകും അവനോട് പറയാൻ?
ആദില്‍
അലൻ എന്റെ ഒരു കസിൻ ബ്രദറാണ്, ഈ വാർത്ത പെട്ടനുണ്ടാക്കിയ ഒരു ഷോക്ക്.. അവനെ അറിയാവുന്നവർക്കും അവന്റെ എഴുത്തുകളും മറ്റും ശ്രദ്ധിച്ചാൽ അവന്റെ രാഷ്ട്രീയം വ്യക്തമാണ്...
വ്യക്തമായ രാഷ്ട്രീയ ബോധമുള്ള യുവാക്കളെ ഇത്തരം കള്ളകേസുകളിൽ കുടുക്കാൻ ശ്രമിക്കുന്ന പോലീസുകാർക്ക് നല്ലനമസ്ക്കാരം, യാതൊന്നുമില്ലാതെ നിങ്ങൾ ഇനി ആർക്കെതിരെയെല്ലാം UAPA ചുമതും ?
ഇത് കേരളം തന്നെയല്ലേ ?
Stand with Allan Mamu
പി എസ് റഫീക്ക്
ഇടതനെന്ന്, മതേതരനെന്ന് , ജനാധിപത്യവാദിയെന്ന് വീണ്ടും വീണ്ടും ആണയിട്ടു പറയേണ്ടിവരുന്നത് മുസ്ലിമിന് മാത്രമാണ്.
അലന്‍ ഷുഹൈബിന് നിയമസഹായം നല്‍കുമെന്ന് സിപിഐഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നടപടി പിന്‍വലിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു,
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം