പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഇരുവരും പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‌സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഇരവരും ജയില്‍ മോചിതരായി.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. കത്തിക്കുത്ത് കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളത് കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതതെന്നാണ് പോലീസിന്റെ വിശദീകരണം. പിഎസ് സി കേസില്‍ അന്വേഷണം തുടങ്ങാന്‍ വൈകിയതു കൊണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നു.
പിഎസ്‌സി പരീക്ഷാ ക്രമക്കേടിലെ കൂട്ടുപ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പിടിക്കപ്പെട്ടതോടെയാണ് പരീക്ഷാ ക്രമക്കേടും പുറത്തായത്. ക്രമക്കേട് തടത്തിയതായി ഇരുവരും സമ്മതിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം