ആശുപത്രി ജോലിക്കിടെ ടിക്‌ടോക് പ്രകടനം നടത്തിയതിന് നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഒഡീഷയിലാണ് സംഭവം. മാല്‍കങ്കിരി ഡിഎംഒയാണ് നഴ്‌സുമാരോട് വിശദീകരണം തേടിയിരിക്കുന്നത്.ജില്ലാ ആശുപത്രിയുടെ സ്‌പെഷ്യല്‍ നിയോനേറ്റല്‍ കെയര്‍ യൂണിറ്റില്‍വെച്ച് പ്രകടനങ്ങള്‍ ചിത്രീകരിച്ച് ടിക് ടോകില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നഴ്‌സുമാരുടെ വീഡിയോ വൈറലാവുകയും പരാതിക്കിടയാക്കുകയും ചെയ്തു. ഇതോടെയാണ് ഡിഎംഒ വിഷയത്തില്‍ ഇടപെട്ടത്. നഴ്‌സുമാര്‍ പാട്ടുപാടുന്നതും ചുവടുവെയ്ക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. യൂണിഫോമില്‍ നിയോനേറ്റല്‍ കെയര്‍ വിഭാഗത്തില്‍വെച്ച് ചിത്രീകരിച്ച വീഡിയോയില്‍ ഒരു കുഞ്ഞടക്കം ആശുപത്രിയിലുള്ളവരെ കാണാം.
ഗുരുതര ആരോഗ്യവിഷമതകള്‍ നേരിടുന്ന നവജാത ശിശുക്കളെ പ്രവേശിപ്പിക്കാനുള്ള വിഭാഗമാണിത്. മാല്‍കങ്കിരി, നവജാത ശിശുക്കളുടെ മരണത്തില്‍ മുന്‍പന്തിയിലുള്ള ജില്ലയാണ്. ഇവിടെ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ ചികിത്സയില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട നഴ്‌സുമാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ടിക് ടോക് വീഡിയോ ചിത്രീകരിച്ചത് കൃത്യവിലോപമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രിയുടെ ചുമതലയുള്ള ഡിഎംഒ തപന്‍ കുമാര്‍ ദിന്‍ഡ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുമെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നഴ്‌സുമാരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.