മരട് നഗരസഭാ പരിധിയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനും മരട് നഗരസഭയ്ക്കും രേഖാമൂലം നിര്‍ദേശം നല്‍കി. ആകെ 500 ഓളം ഫ്‌ളാറ്റുകളുണ്ടെങ്കിലും 350 എണ്ണത്തിലാണ് താമസക്കാരുള്ളത്. വിധി നടപ്പാക്കിയേ പറ്റൂവെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഈ മാസം 20 നകം ഫ്‌ളാറ്റുകള്‍ നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പരമോന്നത കോടതിയുടെ ഉത്തരവ്. നടപടിക്ക് ശേഷം സെപ്റ്റംബര്‍ 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഫ്ളാറ്റ് ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ നഗരസഭയ്ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനിക്കണമെന്നാണ് കത്തിലെ നിര്‍ദേശം. അതേസമയം ഇത്രയും സമുച്ചയങ്ങള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാനാകില്ലെന്ന് മരട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടിഎച്ച് നദീറ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ഫ്‌ളാറ്റുകള്‍ തകര്‍ക്കണമെങ്കില്‍ 30 കോടി രൂപയെങ്കിലും വേണം. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചുണ്ടെന്നും നദീറ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ മരട് നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു.ഫ്ളാറ്റ് കെട്ടിടങ്ങള്‍ നീക്കണമെന്ന് മെയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ റിവ്യൂ ഹര്‍ജികള്‍ അടക്കം സമര്‍പ്പിക്കപ്പെട്ടതോടെ നടപടികള്‍ നീണ്ടു. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നിലപാടില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉറച്ചുനില്‍ക്കുകയായിരുന്നു.