സോണിയാ ഗാന്ധിയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ തന്നെ നല്‍കണമെന്ന് സിപിഐഎം. നെഹ്‌റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്ന് സിപിഐഎം എംപി കെ കെ രാഗേഷ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്? ഏത് കാരണങ്ങള്‍ കൊണ്ടാണോ നെഹ്രു കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കിയത് അതേ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പല തവണ എസ്പിജി സുരക്ഷാ പ്രോട്ടോക്കോള്‍ തെറ്റിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അത് ചെയ്യുമ്പോള്‍ ഹീറോയിസമായും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവഹേളനവുമായി കരുതുന്നത് എന്തുകൊണ്ടാണെന്നും രാഗേഷ് ചോദിച്ചു. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ എസ്പിജി സുരക്ഷാ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു സിപിഐഎം എംപിയുടെ പ്രതികരണം.
എസ്പിജി സുരക്ഷാ ഭേദഗതിബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പാസാക്കി. ബില്ലിനെ വിമര്‍ശിച്ച പ്രതിപക്ഷം ബിജെപി ഗാന്ധി കുടുംബത്തിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആരോപിച്ചു. വിമര്‍ശനം നിഷേധിച്ച അമിത് ഷാ നിയമം എല്ലാവര്‍ക്കും വേണ്ടിയാണെന്നും ഒരു കുടുംബത്തിന് പ്രത്യേകമായില്ലെന്നും മറുപടി നല്‍കി. കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ഭേദഗതി പാസാക്കിയത്.
നവംബര്‍ 25ന് പ്രിയങ്കാ ഗാന്ധിയുടെ വസതിയിലെ സുരക്ഷയിലുണ്ടായ വീഴ്ച്ചയേക്കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി കറുത്ത എസ്‌യുവിയില്‍ എത്തുമെന്ന് പ്രിയങ്ക ഗാന്ധിക്ക് വിവരം ലഭിച്ചിരുനനു. പക്ഷെ അതേ സമയത്ത് തന്നെ മറ്റൊരു കറുത്ത എസ്‌യുവി എത്തി. മീററ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശര്‍ദ ത്യാഗിയായിരുന്നു കാറിലുണ്ടായിരുന്നത്. കാറും സമയവും ഒന്നു തന്നെയായിരുന്നതിനാല്‍ ത്യാഗി സുരക്ഷാ പരിശോധനങ്ങളില്ലാതെ കടന്നുപോയി. സുരക്ഷാ വീഴ്ച്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം