ഡിജിപി ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. സര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടിയേല്‍പ്പിച്ചാണ് ട്രിബ്യൂണല്‍ നടപടി. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. 2017 ഡിസംബറിലാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്.
ഓഖി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന് അഴിമതി വിരുദ്ധ ദിനത്തില്‍ സംസാരിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇദ്ദേഹത്തിനെതിരായ നടപടി. പിന്നാലെ ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന് കാണിച്ചും നടപടിയെടുത്തിരുന്നു. ഇങ്ങനെ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. തന്നെ വൈരാഗ്യബുദ്ധിയോടെ വേട്ടയാടുകയാണെന്നതടക്കം ജേക്കബ് തോമസിന്റ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ട്രിബ്യൂണല്‍ ഉത്തരവ്.
സര്‍വീസില്‍ നിന്ന് ഒന്നരവര്‍ഷത്തോളം മാറ്റിനിര്‍ത്തിയതിന് ഒരു ന്യായീകരണവുമില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. നേരത്തെ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അനുമതി തേടിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചട്ടലംഘനങ്ങള്‍ക്കാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നടക്കം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതോടെ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കലിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തു.