നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അഭിനേതാക്കളും. ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നുവെന്ന് പാര്‍വതി തിരുവോത്ത് ട്വിറ്ററില്‍ കുറിച്ചു. രാജ്യസഭയില്‍ ബില്‍ പാസായതിന് പിന്നാലെ ട്വറ്ററിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇതൊരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് പാര്‍വതി കുറിച്ചു.
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. ആരോഗ്യവാന്റെ ശരീരത്തില്‍ ശസ്ത്രക്രിയാ കുറ്റം ചെയ്യുന്നപോലെയാണ് നടപടിയെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. രാജ്യം ഒരു വിഭാഗത്തിന് മാത്രമാക്കാനുള്ള മടയത്ത നടപടിയാണിത്. ബില്ലിനെ ഇന്ത്യന്‍ യുവത തള്ളിക്കളയും. നിങ്ങളുടെ പഴഞ്ചന്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രാകൃതരാജ്യമല്ല ഇന്ത്യ. എന്തെങ്കിലും പോരായ്മകളുണ്ടെങ്കിലാണ് ഭരണഘടന ഭേദഗതി ചെയ്യേണ്ടത്. എന്നാല്‍ നിര്‍ദോഷമായ ഭരണഘടന ഭേദഗതി ചെയ്യുകയെന്ന് ചതിയാണെന്നും കമല്‍ പ്രസ്താവിച്ചിരുന്നു.
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ നേരത്തേ ഹലോ ഹിന്ദു പാകിസ്താന്‍ എന്ന് ട്വീറ്റ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല,. വിവേചനത്തിന്റെ അടിസ്ഥാനമാകാന്‍ മതത്തിന് കഴിയില്ല. മതത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാന്‍ ഭരണകൂടത്തിനും കഴിയില്ല. എന്നാല്‍ പൗരത്വ ഭേദഗതി മുസ്ലിങ്ങളെ മുസ്ലീങ്ങളെ ഒഴിവാക്കുകയാണ്. എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച എടപ്പാടി പളനിസ്വാമി എന്റെ നാട്ടിലെ മുഖ്യമന്ത്രിയായതില്‍ ഞാന്‍ അപമാനിതനായിരിക്കുന്നു. എന്ത് വിലകൊടുത്തും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമായെന്നായിരുന്നു നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും പൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തുന്നതാണ് ബില്‍ എന്ന് നടി നന്ദിതാ ദാസും വ്യക്തമാക്കിയിരുന്നു.