സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ ക്ലാസ് റൂമില്‍ നിന്ന് പാമ്പുകടിയേറ്റ് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അധ്യാപകന്‍ ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇവരുടെ പേരില്‍ കേസെടുത്തിരുന്നു. ഷഹ്‌ലയുടെ ചികിത്സ വൈകിപ്പിക്കുന്ന തരത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ സിവി ഷജില്‍ കുമാര്‍ വാദിക്കുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നു. കാര്യമറിഞ്ഞ് ക്ലാസ് റൂമിലെത്തി. ഷഹ്‌ല പരാതിപ്പെട്ടപ്പോള്‍ താന്‍ ക്ലാസ് മുറി പരിശോധിച്ചു. പക്ഷേ അപ്പോള്‍ പാമ്പിനെ കണ്ടെത്താനായില്ല. ഈ സമയം കുട്ടികള്‍ ഒത്തുകൂടി ബഹളം വെച്ചു. കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനാണ്. അവരവരുടെ ക്ലാസുകളിലേക്ക് മടങ്ങാന്‍ പറയുകയായിരുന്നു. ഷഹ്‌ലയ്ക്ക് ശുദ്ധവായു കിട്ടാന്‍ വേണ്ടിയുമാണ് അങ്ങനെ ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നു.
മറ്റൊരദ്ധ്യാപകന്‍ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് കെകെ മോഹനന്റെ വിശദീകരണം. അറിഞ്ഞയുടന്‍ സംഭവത്തെക്കുറിച്ച് തിരക്കി. അപ്പോഴേക്കും കുട്ടിയുടെ അച്ഛനെത്തുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. പിന്നാലെ താന്‍ ബൈക്കെടുത്ത് ആശുപത്രിയിലേക്ക് പോയി. ചികിത്സ ലഭ്യമാക്കുന്നതിന് ഏതെങ്കിലും തരത്തില്‍ താന്‍ തടസം നിന്നിട്ടില്ലെന്നും തന്റെ പേര് താറടിച്ച് കാണിക്കാനാണ് പൊലീസ് കെസെടുത്തിരിക്കുന്നതെന്നും മോഹന്‍ ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നു. ചികിത്സാ നിഷേധം, മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് അധ്യാപകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മൊഴിയെടുക്കാന്‍ വീടുകളിലെത്തിയപ്പോള്‍ ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണാനായിരുന്നില്ല. ഇവര്‍ ഒളിവിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്ലാസ് റൂമിലെ പൊത്തില്‍ കാല്‍ കുടുങ്ങിയപ്പോഴാണ് ഷഹ്‌ല ഷെറിന് പാമ്പിന്റെ കടിയേറ്റത്. ചികിത്സ വൈകിയതിനെ തുടര്‍ന്ന് കുട്ടിയുടെ മരണം സംഭവിക്കുകയുമായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം