വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുപിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എന്‍ പീതാംബരക്കുറുപ്പ്. നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍ കോണ്‍ഗ്രസിന് വന്നിരിക്കുന്നതെന്ന് പിതാംബരക്കുറുപ്പ് പറഞ്ഞു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാര്‍ട്ടിയില്‍ പലരും തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം തുറന്നടിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം കോണ്‍ഗ്രസ് സിപിഎമ്മിന് അടിയറവെച്ചിരിക്കുകയാണ്. താന്‍ രാജാവെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലമൊക്കെ കഴിഞ്ഞെന്ന് തിരിച്ചറിയണം.
തിരഞ്ഞെടുപ്പിലെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്കായില്ല. പകരം സുകുമാരന്‍ നായരുടെയും മറ്റുള്ളവരുടെയും പ്രസ്താവനയില്‍ പഴിചാരി രക്ഷപ്പെടാന്‍ പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ടത് പീതാംബരക്കുറുപ്പിന്റെ പേരായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ തറപറ്റിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്.