ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുള്ള ദേശവ്യാപക പ്രതിരോധം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍ആര്‍സിയുടെ അന്തസത്തയും പ്രകൃതവും അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എതിരാണെന്ന് മമത ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാകാതെ എല്ലാ മതവിഭാഗങ്ങളേയും ഒരു പോലെ പരിഗണിച്ചാണെങ്കില്‍ എന്‍എര്‍സി അംഗീകരിക്കാം. അല്ലാതെ മതത്തിന്റെയോ മറ്റേതെങ്കിലും സംഗതിയുടേയോ അടിസ്ഥാനത്തില്‍ വിവേചിക്കാനാണ് ശ്രമമെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും. അവസാനം വരെ പോരാടും. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് നില്‍ക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമായി ഈ മുന്നേറ്റം മാറും. നമ്മള്‍ ഉറപ്പായും പോരാടണം. നാം പൊരുതുക തന്നെ ചെയ്യും. ഇത് അവസാനം വരെ നേരിടേണ്ട ഒന്നാണ്.മമതാ ബാനര്‍ജി
എന്‍ആര്‍സിയിലൂടെ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബിജെപി. ഒരു കൈയ്യോ കാലോ മുറിച്ചുകളഞ്ഞാല്‍ ഒരു ശരീരത്തിന് സാധാരണപോലെ പ്രവര്‍ത്തിക്കാനോ അതിജീവിക്കാനോ കഴിയില്ല. മതത്തിന്റേയും മറ്റ് സ്വത്വങ്ങളുടേയും പേരില്‍ ജനത്തെ വേര്‍തിരിച്ചാല്‍ രാജ്യമെന്ന ശരീരം മുന്‍പത്തേതു പോലെ ആയിരിക്കില്ല. രാജ്യമാകുന്ന ശരീരത്തിന്റെ കഴുത്താണ് എന്‍ആര്‍സി മുറിക്കുന്നത്. പൗരത്വബില്‍ രാജ്യത്തെ ശിരഛേദം ചെയ്യുകയാണ്. 1947 മുതല്‍ അല്ലെങ്കില്‍ 1971 മുതല്‍ ഇവിടെയുണ്ടായിരുന്ന ആളുകളുടെ പൗരത്വം എങ്ങനെയാണ് എടുത്തുകളയാനാകുക? ഇരുട്ടിവെളുക്കുന്ന നേരം കൊണ്ട് അവരെ സ്വന്തം നാട്ടില്‍ വിദേശികളായി പ്രഖ്യാപിക്കാന്‍ എങ്ങനെ കഴിയും? ആറ് വര്‍ഷം അവരെ വിദേശികളാക്കി നിര്‍ത്തിക്കൊണ്ട് ചില വിവേചന മാനദണ്ഡങ്ങള്‍ പ്രയോഗിച്ച് വീണ്ടും പൗരത്വം നല്‍കാനാകുക? ഇത് ശരിക്കും നടപ്പാക്കാമെന്നാണോ ബിജെപി കരുതുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി ആവര്‍ത്തിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം