ശബരിമല ദര്‍ശനത്തിന് അച്ഛനൊപ്പമെത്തിയ 12 വയസ്സുകാരിയെ പമ്പയില്‍ വനിതാ പൊലീസ് തടഞ്ഞു. പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു. തമിഴ്‌നാട് ബേലൂരില്‍ നിന്നുള്ള അയ്യപ്പഭക്ത സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷമാണ് പെണ്‍കുട്ടിയെ തടഞ്ഞുവെച്ചത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് കയറ്റിവിടേണ്ടെന്നാണ് പൊലീസിനുള്ള നിര്‍ദേശം.
ഈ സാഹചര്യത്തില്‍ പമ്പയില്‍ കര്‍ശന പരിശോധനകള്‍ നടത്തിവരികയുമായിരുന്നു. യുവതീ പ്രവേശന വിധിക്ക് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ സ്‌റ്റേയില്ലെങ്കിലും നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സുപ്രീം കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാലാണിത്.യുവതികളെ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടതില്ലെന്ന് സിപിഎം സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
വിധിയില്‍ സുപ്രീം കോടതിയില്‍ നിന്ന് വ്യക്തത തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം യുവതികളെത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കുറി പൊലീസ് തന്നെ പരിശോധന നടത്തി ആളുകളെ തിരിച്ചയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പൈാലീസ് പമ്പയില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.