News n Views

ശബരിമല യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

THE CUE

ശബരിമല യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിവിധ മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിശോധിക്കുന്നതുവരെയാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെച്ചിരിക്കുന്നത്. യുവതീ പ്രവേശനം അനുവദിയ്ക്കുന്ന നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാര്‍ നിരീക്ഷിച്ചു.

ഒരു മതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലിംഗ വ്യത്യാസമില്ലാതെ ആചാരങ്ങളില്‍ തുല്യാവകാശം ഉണ്ടോയെന്നത് ശബരിമലയില്‍ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. ഒരു മതത്തിലെ നിര്‍ബന്ധിത ആചാരം തീരുമാനിക്കേണ്ടത് ആ മതത്തിന്റെ മേധാവി മാത്രമാണോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഈ കാര്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കും. അതുവരെ ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെച്ചു.
സുപ്രീം കോടതി
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 56 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ പ്രധാനമായി ഉണ്ടായിരുന്നത്. ഈ ഹര്‍ജികള്‍ സ്വീകരിക്കണമോ എന്നതിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തോട് രണ്ടു ജഡ്ജിമാര്‍ വിയോജിച്ചു. മൗലിക അവകാശം ഊന്നിപ്പറഞ്ഞ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിക്കളയണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനും നിലപാടെടുത്തു. ഇരുവരും തങ്ങളുടെ നിലപാട് പ്രത്യേക വിധിയായി എഴുതി. ഇപ്പോള്‍ ഈ ബെഞ്ചിന്റെ മുന്നിലുള്ളത് ശബരിമലയിലെ യുവതീ പ്രവേശനമാണെന്ന് നരിമാനും ചന്ദ്രചൂഡും വിയോജന വിധിയില്‍ ചൂണ്ടിക്കാട്ടി. ബെഞ്ചിന്റെ മുന്നില്‍ ഇല്ലാത്ത മുസ്ലിം, പാര്‍സി സ്ത്രീകളുടെ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടരുത്. ജീവശാസ്ത്രപരമായ കാരണത്താല്‍ ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ നിന്ന് തടയാമോ എന്ന പ്രശ്‌നത്തില്‍ നിലവിലുള്ള വിധി പൂര്‍ണ്ണമായും ശരിയാണെന്നും വിയോജനവിധിയില്‍ വ്യക്തമാക്കുന്നു.

മതവിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിരീക്ഷണം. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുള്ള കേസാണെന്ന് ഗൊഗോയി പറഞ്ഞു.

കഴിഞ്ഞ തവണ യുവതി പ്രവേശനത്തെ അനുകൂലിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ വന്നപ്പോള്‍ നിലപാട് മാറ്റി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന് ഒപ്പം ചേര്‍ന്നു.

ശബരിമല വിധിക്ക് ശേഷം കേരളത്തില്‍ ഉണ്ടായ അക്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് വിയോജന വിധിയില്‍ ജസ്റ്റിസ് നരിമാന്‍ അഭിപ്രായപ്പെട്ടു. കോടതി വിധികള്‍ക്കു നേരെ ആരോഗ്യകരമായ വിമര്‍ശനം ആകാം. എന്നാല്‍ സംഘടിതമായി വിധിയെ അട്ടിമറിക്കാന്‍ അനുവദിക്കരുത്. വിധി അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായാല്‍ കേരള സര്‍ക്കാര്‍ ശക്തമായി നേരിടണം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു സര്‍ക്കാര്‍ ബോധവത്കരണം നടത്തണം. മനുഷ്യന്റെ അന്തസ്സാണ് പരമ പ്രധാനം. ഇന്ത്യയില്‍ ഭരണഘടനയേക്കാള്‍ വലിയ വിശുദ്ധ ഗ്രന്ഥം ഇല്ലെന്നും നരിമാന്‍ പ്രസ്താവിച്ചു.

ആചാരത്തില്‍ കോടതി ഇടപെടല്‍ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. അവ ഇങ്ങനെ: ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യവും ലിംഗ സമത്വവും തമ്മില്‍ ഭിന്നത ഉണ്ടായാല്‍ എന്ത് നിലപാട് വേണം? ഭരണഘടനാ ധാര്‍മികതയുടെ നിര്‍വചനം എന്താണ്? ഭരണഘടനാ ധാര്‍മികത മത വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാല്‍ എന്ത് നിലപാട് എടുക്കണം? അവശ്യ മതാചാരമെന്ന് ഒരു വിഭാഗം പറയുന്ന വിശ്വാസത്തില്‍ കോടതിക്ക് ഇടപെടാമോ? ഒരു വിശ്വാസ വിഭാഗത്തിന്റെ അവശ്യ മതാചാരം തീരുമാനിക്കേണ്ടത് മതാധികാരി മാത്രമാണോ? 'ഹിന്ദു വിഭാഗങ്ങള്‍' എന്നതില്‍ ആരൊക്കെ ഉള്‍പ്പെടും? ഒരു മതവിഭാഗത്തിന്റെയോ ഉപ വിഭാഗത്തിന്റെയോ അവശ്യ മതാചാരങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണം ഉണ്ടോ? ഒരു പ്രത്യേക മത വിഭാഗത്തിന് പുറത്തുള്ളവര്‍ ആ മത വിഭാഗവുമായി ബന്ധപ്പെട്ട് നല്‍കുന്ന പൊതുതാല്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ?

2018 സെപ്റ്റംബര്‍ 28-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം സുപ്രീം കോടതി അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവില്‍ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരായിരുന്നു വിലക്കെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. എന്നാല്‍ യുക്തിചിന്തക്കതീതമായി ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്.

ഇത്തരം വിവേചനപരമായ ആചാരങ്ങള്‍ സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യത്തെയും ക്ഷേത്രപ്രവേശനസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതായും പ്രസ്താവിക്കുന്നതിന് കോടതിക്ക് മടിയില്ല.
സുപ്രീം കോടതി, 2018 സെപ്റ്റംബര്‍

ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീം കോടതിവിധിയേത്തുടര്‍ന്ന് സംസ്ഥാനത്ത് വലിയ കോളിളക്കവും സംഘര്‍ഷങ്ങളുമുണ്ടായി. വിധിയനുസരിച്ച് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ ആക്രമിക്കപ്പെട്ടു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ ഏഴ് ഹര്‍ത്താലാണ് ബിജെപി യുവമോര്‍ച്ച, ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഹ്വാനത്താല്‍ നടത്തപ്പെട്ടത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ഹര്‍ത്താലുകള്‍ക്കിടെ വ്യാപകമായ ആക്രമണസംഭവങ്ങള്‍ അരങ്ങേറി. ബിജെപിയും കോണ്‍ഗ്രസും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് ശബരിമല മുഖ്യ വിഷയമാക്കിക്കൊണ്ടാണ്.

ജനുവരി രണ്ടിന് യുവതികളായ കനകദുര്‍ഗയും ബിന്ദു അമ്മിണിയും സന്നിധാനത്തെത്തി ദര്‍ശനം നടത്തി.   

ഇന്‍ഡ്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനു വേണ്ടി, ഭക്തി പസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അല്‍ക്കാ ശര്‍മ്മ, സുധാ പാല്‍ എന്നിവര്‍, 2006-ല്‍ ശബരിമലയില്‍ ഒരു പ്രായത്തിലുമുള്ള സ്ത്രീകളെ തടയരുത് എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി കൊടുത്തു. പ്രവേശനനിയന്ത്രണം തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഇവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന് പിന്നീട് ആരോപണങ്ങളുയര്‍ന്നു. കേസില്‍ 2007 നവംബറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യുവതീപ്രവേശത്തിന് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രുവരി 6-ന് യുവതീ പ്രവേശത്തിന് എതിരായി അഫിഡവിറ്റ് നല്‍കി. പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 നവംബര്‍ 7-ന് യുവതീപ്രവേശത്തിന് അനുകൂലമായും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT