ആര്‍എസ്എസ് ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പടുത്തി നാഗ്പൂര്‍ വാഴ്‌സിറ്റി. സംഘടനയുടെ ചരിത്രവും 'രാഷ്ട്രനിര്‍മ്മിതിയിലുള്ള പങ്കും' പാഠഭാഗമായി ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വര്‍ഗീയതയുടെ ഉദയവും വളര്‍ച്ചയും’ എന്ന പാഠഭാഗം നീക്കിയാണ് ആര്‍എസ്എസ് അനുകൂല അദ്ധ്യായം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ സര്‍വ്വകലാശാലയുടെ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.
പാഠ്യവിഷയങ്ങളില്‍ മൂന്നാം ഭാഗത്തിലാണ് ആര്‍എസ്എസ്സിനെക്കുറിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹറുവിന്റെ ഉദയത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനം ഉള്‍പ്പെടെ സ്വാതന്ത്ര്യ പോരാട്ടത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ രണ്ടാം ഭാഗത്തില്‍ വിശദീകരിക്കുന്നു. മൂന്നാമത്തേതില്‍ ആര്‍എഎസ്എസ്സിന്റെ ചരിത്രവും 'രാഷ്ട്രനിര്‍മ്മിതിയിലുള്ള പങ്കും' ചേര്‍ക്കുകയായിരുന്നു. ഇന്ത്യാചരിത്രം 1885-1947 എന്ന ഭാഗത്തില്‍ ആര്‍എസ്എസ് ചരിത്രവും അതിന്റെ പ്രവര്‍ത്തനവും ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫ്‌ലേ വ്യക്തമാക്കി.
ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മാര്‍ക്‌സിസം, നവ മാര്‍ക്‌സിസം, ആധുനികത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതുപോലെ ആര്‍എസ്എസിനെക്കുറിച്ചും പ്രതിപാദിക്കുകയാണെന്നാണ് ചാഫ്‌ലേയുടെ വാദം. ചരിത്രത്തിന്റെ പുനരെഴുത്ത് സമൂഹത്തിന് പുതിയ അറിവുകള്‍ സമ്മാനിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. 2003 -2004 കാലത്ത് എംഎ ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍എസ്എസിനെക്കുറിച്ചുള്ള പാഠഭാഗമുണ്ടായിരുന്നു. അതേസമയം സര്‍വ്വകലാശാലാ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
രാഷ്ട്രനിര്‍മ്മിതിയില്‍ ആര്‍എസ്എസിന് എന്ത് പങ്കാണുള്ളതെന്നും എന്ത് ആധാരമാക്കിയാണ് ഇത്തരമൊരു പാഠഭാഗത്തിനായി വിവരങ്ങള്‍ ശേഖരിച്ചതെന്നും വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു. വിഘടന വാദികളായി നിന്ന് സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷ് ഭരണവുമായി കൈകോര്‍ക്കുകയും ചെയ്ത ചരിത്രമാണ് ആര്‍എസ്എസ്സിന്റേത്. 52 വര്‍ഷത്തോളം ദേശീയ പതാക പോലും ഉയര്‍ത്താത്ത സംഘടനയാണത്. മനുസ്മൃതി ഭരണഘടനയാക്കാന്‍ പ്രവര്‍ത്തിക്കുകയും വെറുപ്പ് പടര്‍ത്തുകയും ചെയ്യുന്നവരെ വെള്ളപൂശാനുള്ള നീക്കം ചെറുക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകാലാശാലയുടെ നടപടിക്കെതിരെ എന്‍എസ് യുഐ വിസിയെ കണ്ട് പ്രതിഷേധമറിയിച്ചു. പാഠഭാഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എന്‍എസ്‌യുഐ അറിയിച്ചു.