ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പികെ ശശി എംഎല്‍എയെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ ശശിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
2018 നവംബര്‍ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായ പികെ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ശിക്ഷാകാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും പാര്‍ട്ടി ഘടകങ്ങളില്‍ തിരിച്ചെടുത്തിരുന്നില്ല. സസ്‌പെന്‍ഷന്‍ കാലയളവിലെ പെരുമാറ്റം മാതൃകാപരമാണെന്ന് വിലയിരുത്തിയാണ് ശശിയെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ശുപാര്‍ശയെ 14 അംഗങ്ങള്‍ എതിര്‍ത്തതായാണ് വിവരം. സിപിഎമ്മിന്റെ അടുത്ത സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
അതേസമയം പാലക്കാട്ടെ ചില ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നതായി സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി. ഏരിയ സമ്മേളനത്തില്‍ മത്സരം നടന്ന സ്ഥലങ്ങളില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടവരെയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന കമ്മിറ്റിയുടെ തിരുത്തല്‍ രേഖ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.