News n Views

എന്‍എസ്എസിന്റെ ശരിദൂരം വിനയായി, ശബരിമല തുണച്ചില്ല,സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി ; വട്ടിയൂര്‍ക്കാവ്, കോന്നി തോല്‍വികളിലുലഞ്ഞ് കോണ്‍ഗ്രസ് 

കെ. പി.സബിന്‍

വട്ടിയൂര്‍ക്കാവ്, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ കനത്ത പരാജയങ്ങളില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14,465 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിനെ തറപറ്റിച്ചത്. 2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇക്കുറി മികച്ച കുതിപ്പ് നടത്തിയാണ് മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. 2011 മുതല്‍ കെ മുരളീധരന്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൈവിട്ടത്. കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന്റെ തകര്‍പ്പന്‍ വിജയം. 23 വര്‍ഷമായി അടൂര്‍ പ്രകാശ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ് പിടിച്ചെടുത്തത്.

എന്‍എസ്എസിന്റെ ശരിദൂരം വിനയായി

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന് സഹായകരമാകുന്ന നിലപാട് പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണത്തിന് ഇറങ്ങുകയുമായിരുന്നു. എന്നാല്‍ എന്‍എസ്എസിന്റെ ശരിദൂരം പക്ഷേ കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല കോന്നിയിലും തിരിച്ചടിയുണ്ടാക്കി. അതായത് ഈ മണ്ഡലങ്ങളില്‍ നായര്‍ ഇതര വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും സ്വാഭാവികമായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി പോള്‍ ചെയ്യപ്പെടുകയും ചെയ്തു. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയും കോണ്‍ഗ്രസിന് തിരിച്ചടിയായി. തിരുവനന്തപുരം മേയര്‍, യുവ സ്ഥാനാര്‍ത്ഥി, പ്രളയ ഹീറോ തുടങ്ങി പലതരത്തില്‍ ജനസമ്മതിയുള്ള വികെ പ്രശാന്തിനോട് മികച്ച മത്സരം കാഴ്ചവെയ്ക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ കെ മോഹന്‍കുമാറിന് സാധിച്ചില്ല. വി.കെ പ്രശാന്ത് നേടിയ ഭൂരിപക്ഷം അത് അടിവരയിടുന്നു. രാഷ്ട്രീയ- മാത സാമുദായിക വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും വിശേഷിച്ച് യുവാക്കളുടെയും പിന്‍തുണ വി.കെ പ്രശാന്തിന് മികച്ച വിജയം സമ്മാനിച്ചു. സാമുദായിക വികാരവും ശബരിമല വിഷയവും മുന്‍നിര്‍ത്തിയുള്ളതാമ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന തിരിച്ചറിവ് ജനങ്ങളെ തിരുത്തിച്ചിന്തിപ്പിച്ചെന്ന് വ്യക്തം.

തമ്മില്‍ തല്ലി കോന്നി കൈവിട്ടു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവാണ് കോന്നി കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത്. 23 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂര്‍ പ്രകാശ് ഇടഞ്ഞത് കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കലാശിച്ചു. റോബിന്‍ പീറ്ററിനെ അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചെങ്കിലും പി മോഹന്‍രാജിനാണ് നറുക്കുവീണത്. ഇതോടെ അടൂര്‍ പ്രകാശ് അതൃപ്തി പരസ്യമാക്കി. ആദ്യ കണ്‍വെന്‍ഷനില്‍ പങ്കെടുത്തെങ്കിലും പ്രചരണ രംഗത്തുനിന്ന് അടൂര്‍ പ്രകാശ് വിട്ടുനിന്നു. കലാശക്കൊട്ടിനും വോട്ടെടുപ്പിനും അടൂര്‍ പ്രകാശിന്റെ സാന്നിധ്യമുണ്ടായില്ല. വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് അനുകൂലമായി നിലപാടെടുത്തു. കൂടാതെ എന്‍എസ്എസ്സിന്റെ ശരിദൂരം കോന്നിയില്‍ ഈഴവ വോട്ടുകളുടെയടക്കം ഏകീകരണത്തിന് വഴിവെച്ചു. ഇതും ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയമൊരുക്കി. കൂടാതെ ശബരിമല വിഷയം ക്ഷേത്രമുള്‍പ്പെടുന്ന പത്തനം തിട്ടയിലെ കോന്നി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷ പൊളിയുകയും ചെയ്തു. യുവസ്ഥാനാര്‍ത്ഥിയായ ജനീഷ് കുമാറിന് മണ്ഡലത്തില്‍ മികച്ച പ്രചരണം പുറത്തെടുക്കാനായി. താരതമ്യേന ദുര്‍ബല സ്ഥാനാര്‍ത്ഥിയായ പി മോഹന്‍രാജിന് ഇടതുമുന്നണിയുടെ മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണത്തിന് ഒപ്പമെത്താനായതുമില്ല.

ഏശാതെ ശബരിമല വിഷയം

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തന്നെ ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ശബരിമല വിഷയം നല്ല രീതിയില്‍ നേട്ടമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ രണ്ടിടത്തും ശബരിമല വിഷയം ഏശിയില്ല. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവത്തിനാണ് ഇവിടങ്ങളില്‍ ജനം വോട്ടുനല്‍കിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT