പൊട്ടിത്തെറിയിലൂടെ തകര്‍ക്കാനുള്ള സാങ്കേതിക അറിവ് ഇല്ലാത്തതിനാലാണ് നാഗമ്പടം പാലം പൊളിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പാലത്തിന്റെ മര്‍മ്മങ്ങളായ സ്ഥലങ്ങളിലാണ് സ്‌ഫോടനം നടത്തേണ്ടത്. അങ്ങനെയെങ്കില്‍ ഒറ്റയടിക്ക് കഷണങ്ങളായി തകര്‍ന്നോളും. ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികപ്പിഴവ് സംഭവിച്ചതിനാലാണ് ഉദ്യമം വിജയിക്കാതിരുന്നത്.
എങ്ങിനെയാണിത് ചെയ്യേണ്ടതെന്ന് അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റ് ആയതുകൊണ്ട് പൊളിച്ചെടുക്കല്‍ പ്രയാസമാണ്,സ്റ്റീല്‍ ആയിരുന്നെങ്കില്‍ കഷണങ്ങളായി പൊട്ടിച്ചെടുക്കാം. ഇത് ഉറപ്പുള്ള കോണ്‍ക്രീറ്റാണ്. സ്‌ഫോടനത്തിലൂടെ തന്നെയാണ് പാലം തകര്‍ക്കേണ്ടത്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിംഗാണ് ചെയ്യേണ്ടത്. വലിയ സ്ട്രക്ചര്‍ അല്ലാത്തതിനാല്‍ ഇങ്ങനെയുള്ള പൊളിക്കല്‍ വലിയ പ്രയാസമുള്ളതല്ല,
സ്‌ഫോടകവസ്തുക്കള്‍ ഒരുമിച്ച് വെച്ച് ഒറ്റ ഘട്ടത്തില്‍ ബ്ലാസ്റ്റിംഗ് നടത്തിയാല്‍ കഷണങ്ങളായി പൊളിഞ്ഞുവീഴും.പിന്നീട് അവശിഷ്ടങ്ങള്‍ എടുത്തുമാറ്റേണ്ട പണിയേ ഉള്ളൂവെന്നും ഇ ശ്രീധരന്‍ ദ ക്യൂവിനോട് പറഞ്ഞു. 1955 ലാണ് പാലം സാക്ഷാത്കരിച്ചത്. ഇതിന്റെ നിര്‍മ്മാണ സമയത്ത് ഇ ശ്രീധരന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. പാലത്തിന്റെ രൂപകല്‍പ്പനയില്‍ ഇ ശ്രീധരനും പങ്കാളിത്തമുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് പാലം പൊട്ടിത്തെറിയിലൂടെ തകര്‍ക്കാന്‍ ആദ്യശ്രമമുണ്ടായത്. നിയന്ത്രിത സ്‌ഫോടനത്തിനുള്ള സജ്ജീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിച്ചു. പക്ഷേ വെദ്യുത ബന്ധത്തില്‍ തകരാറുണ്ടായതോടെ ശ്രമം വിജയം കണ്ടില്ല. തുടര്‍ന്ന് വൈകീട്ട് 5 മണിക്ക് രണ്ടാമത്തെ ശ്രമമുണ്ടായി. വൈദ്യുതബന്ധത്തിലെ തകരാറുകള്‍ പരിഹരിച്ചായിരുന്നു ഉദ്യമം. സ്‌ഫോടനം സാധ്യമാക്കാനായെങ്കിലും പാലം പൊളിഞ്ഞില്ല. ഒന്നാം സ്‌ഫോടനത്തില്‍ ഒരുഭാഗം ചെറുതായി പൊട്ടിയെങ്കിലും തുടര്‍ സ്‌ഫോടനങ്ങള്‍ ലക്ഷ്യം കണ്ടില്ല
മേല്‍പാല്‍ത്തിന് അടിയിലൂടെ ട്രെയിനോടുമ്പോള്‍ ഇരുവശങ്ങളളിലും വീതി കുറവായതിനാല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നതിനാലാണ് പാലം പൊളിച്ചുനീക്കുന്നു. സംസ്ഥാനത്ത നാല് മേല്‍പ്പാനങ്ങള്‍ ഇത്തരത്തില്‍ അപകടകരമാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി കോടതിയിയെ സമീപിക്കുകയായിരുന്നു. ഇതോടെ, പാലം പൊളിച്ചുനീക്കാമെന്ന് റെയില്‍വേ സുപ്രീം കോടതിയില്‍ സത്യവാങ്മുലം നല്‍കി.