അയോധ്യയില്‍ ഡിസംബര്‍ 6 ന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ബാബ്‌റി ദിനത്തില്‍ തന്നെ രാമക്ഷേത്രം പണി ആരംഭിക്കുമെന്നാണ് സാക്ഷി മഹാഹാജിന്റെ വിവാദ പരാമര്‍ശം. 1992 ഡിസംബര്‍ 6 നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. പള്ളി തകര്‍ത്ത തിയ്യതിയില്‍ തന്നെ നിര്‍മ്മാണം തുടങ്ങുന്നത് യുക്തിഭദ്രമാണെന്നായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് മുന്നിട്ടിറങ്ങണം. ബാബര്‍ ഒരു ആക്രമണകാരിയാണെന്നും തങ്ങളുടെ പിതാമഹനല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ മണ്ഡലമായ ഉന്നാവോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി പറയാനിരിക്കെയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയുടെ പ്രകോപനപരമായ പരാമര്‍ശം. കേസില്‍ വാദം കേള്‍ക്കുന്നതിന്റെ അവസാന ദിവസമായ ബുധനാഴ്ചയാണ് പ്രകോപനപരമായ പരാമര്‍ശവുമായി സാക്ഷി മഹാരാജ് രംഗത്തെത്തിയത്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ ഭരണഘടനാ ബഞ്ച് മാറ്റുകയായിരുന്നു.