ലോക സര്‍വ്വകലാശാല ഗെയിംസില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. നേപ്പിള്‍സില്‍ നടന്ന 30 ാം വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 11.32 സെക്കന്റില്‍ 100 മീറ്റര്‍ ഓടിയെത്തി സ്വര്‍ണ്ണ നേട്ടത്തോടെ രാജ്യാഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് താരം. ഒരു അന്താരാഷ്ട്ര മത്സരത്തിലും വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കാല്‍ക്കുതിപ്പിനാല്‍ കൈപ്പിടിയിലാക്കിയിരിക്കുകയാണ് ദ്യുതി. 'പടിച്ചുവലിച്ച് താഴെയിട്ടാലും കരുത്തോടെ തിരിച്ചുവരുമെന്ന് സ്വര്‍ണ്ണനേട്ടത്തിന് ശേഷം ദ്യുതി ട്വിറ്ററില്‍ കുറിച്ചു. അക്ഷരം പ്രതി അന്വര്‍ത്ഥമാണ് ആ വാക്കുകള്‍. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് 100 മീറ്ററിലെ ദേശീയ റെക്കോര്‍ഡിന് ഉടമ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ ഏട് എഴുതി ചേര്‍ത്തത്. ഏറ്റവുമൊടുവില്‍ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതിന് ഏറെ വേട്ടയാടലുകള്‍ക്കിരയായിരുന്നു ദ്യുതി. അത്തരത്തില്‍ ട്രാക്കിലെ കുതിപ്പിന്റെ കരുത്തില്‍ ദ്യുതിയുടെ മധുര പ്രതികാരമാണ് മെഡല്‍ നേട്ടം.
സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയപ്പോള്‍ വീടും നാടും ദ്യുതിയെ തള്ളിപ്പറഞ്ഞിരുന്നു. പത്തൊന്‍പതുകാരിയുമായി പ്രണയത്തിലാണെന്നും ഭാവിയില്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും ദ്യുതി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് വര്‍ഷമായി സ്‌നേഹത്തിലാണ്. നാട്ടുകാരിയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പങ്കാളി. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ അവള്‍ താല്‍പ്പര്യപ്പെടുന്നില്ലാത്തതിനാല്‍ പരസ്യപ്പെടുത്തുന്നില്ലെന്നും താരം പറഞ്ഞു. ഈ ബന്ധത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്ന് വേട്ടയാടലുകള്‍ നേരിടുകയാണെന്നും ദ്യുതി തുറന്നടിച്ചു. മൂത്ത സഹോദരി മര്‍ദ്ദിച്ചെന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ദ്യുതി മനസ്സ് തുറന്നു. പ്രസ്തുത പെണ്‍കുട്ടിയുടെ ഭീഷണിക്ക് വഴങ്ങിയാണ് ദ്യുതി വിവാഹത്തിന് ഒരുങ്ങുന്നതെന്നും താരത്തിന്റെ പണം തട്ടാനുള്ള നീക്കമാണിതെന്നുമായിരുന്നു സഹോദരിയുടെ ആരോപണം. എന്നാല്‍ സ്വവര്‍ഗാനുരാഗം കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയാണ് തുറന്നുപറച്ചിലിന് ധൈര്യം പകര്‍ന്നതെന്ന് ദ്യുതി വ്യക്തമാക്കി. മാനഭംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിങ്കി പ്രമാണിക്കിന്റെ ദുരനുഭവമുണ്ടാകാതിരിക്കാനാണ് തുറന്ന് പറച്ചിലെന്നും ദ്യുതി വിശദീകരിച്ചു. (2012 ല്‍ പിങ്കി പ്രമാണിക്കിനെതിരെ ഒരു യുവതി പീഡന പരാതി നല്‍കിയിരുന്നു.ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പിങ്കിയെ കോടതി കുറ്റവിമുക്തയാക്കിയത്)
സ്വന്തം പിതാവടക്കം ദ്യുതിയെ കൈവിട്ടിരുന്നു. അധാര്‍മ്മികവും സദാചാര വിരുദ്ധവുമാണ് ദ്യുതിയുടെ നടപടിയെന്നാണ് അച്ഛന്‍ ചക്രാധര്‍ ചന്ദ് അന്ന് പ്രതികരിച്ചത്. നാടിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നും അദ്ദേഹം കടന്നാക്രമിച്ചു. സ്വവര്‍ഗാനുരാഗിയായ താരത്തിന്റെ നാട്ടുകാരിയായത് അപമാനകരമാണെന്നായിരുന്നു ഗ്രാമവാസികളില്‍ ചിലരുടെ പ്രതികരണം. ‘ഒരു സാധാരണ തയ്യല്‍ക്കാരന്റെ മകള്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ തന്റെ സ്വവാര്‍ഗാനുരാഗം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി’. ഗോപാല്‍പൂര്‍ തയ്യല്‍ സഹകരണസംഘം പ്രസിജന്റ് ബെനുധറിന്റെ അന്നത്തെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ട്രാക്കില്‍ വിസ്മയവേഗം കുറിച്ചാണ് ദ്യുതി ഇതിനെല്ലാം മറുപടി നല്‍കുന്നത്.
താരത്തെ ആഘോഷിച്ച നാടും അവളെ കൈവിട്ടിരുന്നു. ദ്യുതി 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേടിയപ്പോള്‍ ഒഡീഷയിലെ ഗോലാപാല്‍പൂര്‍ ഗ്രാമം ആഘോഷ നിറവിലായിരുന്നു. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് തയ്യല്‍ക്കാരുടെ കുടുംബത്തില്‍ നിന്ന് രാജ്യമറിയുന്ന താരമായി വിക്ടറി സ്റ്റാന്റുകളിലേക്ക് ഓടിക്കയറിയ ദ്യുതിയുടെ വളര്‍ച്ചയില്‍ അവര്‍ ഏറെ അഭിമാനം കൊണ്ടു. അവര്‍ അത്യാഹ്ലാദപൂര്‍വ്വം അവളെ ഓരോ തവണയും ഏതിരേറ്റു. റാഞ്ചിയിലെ സീനിയര്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് കുറിച്ചപ്പോഴും, പൂനെയിലെ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വെങ്കലം നേടി വേള്‍ഡ് യൂത്ത് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചപ്പോഴും 600 പേര്‍ മാത്രമുള്ള ആ ഗ്രാമം ചരിത്രത്തില്‍ അടയാളപ്പെട്ടു. എന്നാല്‍ അവളെ വാഴ്ത്തിയ ഗ്രാമവാസികള്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലോടെ ദ്യുതിയെ കൈവിട്ടു. എന്നാല്‍ പതറാതെ കുതിച്ച ദ്യുതി ഗോപാല്‍പൂരിന് അത്രമേല്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഒരിക്കല്‍ക്കൂടി സമ്മാനിച്ചിരിക്കുന്നത്.
2014 ലെ ഏഷ്യന്‍ ഗെയിംസില്‍ 2 വെള്ളി നേടിയ ദ്യുതിക്ക് അത്‌ലെറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നരവര്‍ഷത്തോളമായിരുന്നു വിലക്ക്. ഒടുവില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിലേക്ക് വരെ നിയമനടപടികള്‍ നീണ്ടു. ഒടുവില്‍ അനുകൂല വിധിയില്‍ ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു ദ്യുതി. ഇത്തരത്തില്‍ പ്രതിസന്ധികളെയെല്ലാം വിസ്മയക്കുതിപ്പിലൂടെ മറികടന്നാണ് ദ്യുതി പുതിയ ഉയരങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കുന്നത്. അവളില്‍ പ്രതീക്ഷയര്‍പ്പിച്ച കായിക ലോകത്തിനും സുഹൃത്തുക്കള്‍ക്കും അത്രമേല്‍ മധുരമേകുന്നതാണ് ദ്യുതിയുടെ വിജയം.