കമന്റ് വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ജീവമാക്കി പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം മുങ്ങി. 'കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്' എന്ന ഫേസ്ബുക്ക് പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ അക്കൗണ്ട് അപ്രത്യക്ഷമായത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായിരുന്നു. ഇതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ സജീവമായ നസീം പുതിയ പോസ്റ്റ് ഇട്ടു. 'തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ കോപ്പിയടിക്കുന്നതിനാല്‍ എങ്ങിനെ തോല്‍ക്കുമെന്ന് ഒരാള്‍ കമന്റിട്ടു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് നസീം മറുപടി നല്‍കിയത്.
എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയതിലുള്ള വധശ്രമ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനും രണ്ടാം പ്രതിയായ നസീമിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിനും സെക്രട്ടറിയായ നസീമിനും പിഎസ്‌സി പരീക്ഷാ ക്രമക്കേടിലും സ്വാഭാവിക ജാമ്യം നല്‍കാമെന്ന് ഉത്തരവുണ്ടായത്. വധശ്രമക്കേസില്‍ 19 പ്രതികളാണെന്നും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസ് വാദം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ അന്വേഷണം വൈകിയതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വിശദീകരണം.
ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഓഗസ്റ്റ് 8 നാണ് ശിവരഞ്ജിത്ത് നസീം എന്നിവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരീക്ഷാ ക്രമക്കേടില്‍ പൊലീസ് കെസേടുത്തത്. കോപ്പിയടിച്ചെന്ന് പ്രതികള്‍ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. റാങ്ക് പട്ടികയില്‍ ഉള്ളവരാണ് കുത്തുകേസിലെ പ്രതികളെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണമുണ്ടാകുന്നതും ക്രമക്കേട് വെളിപ്പെടുന്നതും. നസീമിന് പൊലീസ് പട്ടികയില്‍ 28 ആം റാങ്കായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം