ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നതെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സമൂഹ മാധ്യമങ്ങളിലൂടെ കോന്നിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള കാനന പാതയില്‍വെച്ച് കെ സുരേന്ദ്രന്‍ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന് വേണ്ടി പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.
ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. 100 സീറ്റാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. എന്നാല്‍ നാല് വര്‍ഷമായി 44 കൗണ്‍സിലര്‍മാരുമായാണ് എല്‍ഡിഎഫ് ഭരിക്കുന്നതും ബജറ്റ് പാസാക്കുന്നതും വോട്ടെടുപ്പ് വിജയിക്കുന്നതുമൊക്കെ. ഇത് എങ്ങിനെയാണെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ പങ്കിട്ടെടുക്കുകയാണ്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും മണ്ഡലങ്ങളിലെ ഇരുപാര്‍ട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ്. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് ഇടത് വലത് മുന്നണികള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നഷ്ടപ്പെട്ട സിപിഎം യുഡിഎഫിനെ തടയിടാതെ ബിജെപിക്കെതിരെയാണ് നിലപയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.