എറണാകുളം-അങ്കമാലി അതിരൂപതയുടെയും സിനഡിന്റെയും ചുമതലയില്‍ നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം വൈദികര്‍ പ്രത്യക്ഷ സമരമാരംഭിച്ചു. ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം ആരംഭിക്കുകയായിരുന്നു. 14 കേസുകളില്‍ പ്രതിയായ ജോര്‍ജ് ആലഞ്ചേരിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഫെറോന വികാരിമാരുടെ യോഗം വ്യാഴാഴ്ച ഉണ്ടായിരുന്നു.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ ഈ യോഗത്തിലേക്ക് ഒരു വിഭാഗം വൈദികര്‍ പ്രതിഷേധവുമായി എത്തി കര്‍ദ്ദിനാളിനോട് സംസാരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദികര്‍ പ്രതിഷേധം ആരംഭിച്ചത്. ഇദ്ദഹത്തിനെതിരായ വിവാദ ഭൂമി ഇടപാട് കേസില്‍ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വത്തിക്കാന് സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അദ്ധ്യക്ഷനായി ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ പദവി ഒഴിയണമെന്നാണ് വൈദികരുടെ ആവശ്യം. എന്നാല്‍ പ്രതിഷേധവിവരം അറിഞ്ഞ് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന വിഭാഗം വൈദികരും സ്ഥലത്തെത്തി. പൊലീസും സ്ഥലത്തെത്തിയിരുന്നു. പള്ളികളിലെ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിഷേധിക്കുന്ന വൈദികര്‍ വ്യക്തമാക്കിയിട്ടുണ്ട്.