കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് വിഭാഗം പിടിമുറുക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനത്തിന് പുറമേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും താല്‍ക്കാലികമായെങ്കിലും പി ജെ ജോസഫ് കൈയ്യടക്കിയതോടെ മാണിപക്ഷത്തിന്റെ പ്രതിരോധനിര ദുര്‍ബലമായി. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് മാണിപക്ഷം ആവശ്യപ്പെട്ടെങ്കിലും വഴങ്ങേണ്ടെന്നാണ് ജോസഫ്പക്ഷത്തിന്റെ നിലപാട്.
പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ പൂര്‍ണമായും പി ജെ ജോസഫിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി എപ്പോള്‍ വിളിക്കണമെന്ന് ചെയര്‍മാനാണ് തീരുമാനിക്കേണ്ടത്. മാണിപക്ഷത്തെ പ്രമുഖ നേതാക്കളായ സി എഫ് തോമസും ജോയി എബ്രഹാമും ജോസഫിനെ പിന്തുണച്ചതോടെയാണ് ജോസ് കെ മാണിയും കൂട്ടരും ദുര്‍ബലരായത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന കമ്മിറ്റി വിളിക്കേണ്ടതില്ലെന്ന നിലപാടില്‍ ജോസഫ് ഉറച്ച് നില്‍ക്കുന്നത്. രണ്ട് എം എല്‍ എമാരാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. റോഷി അഗസ്റ്റിനും എന്‍ ജയരാജും മാണി വിഭാഗത്തിനായി പൊരുതുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്തി പോയാല്‍ നഷ്ടം ജോസ് കെ മാണിക്കും കൂട്ടര്‍ക്കുമാണ്. കൂറുമാറ്റ പ്രശ്‌നം നേരിടേണ്ടി വരുമെന്നതും പാര്‍ട്ടി ചിഹ്നം ലഭിക്കില്ലെന്നതുമാണ് അത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. ഇതോടെ ജോസഫിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ മറ്റ് വഴികളില്ല ജോസ് കെ മാണിക്ക് മുന്നില്‍.
ജൂണ്‍ 9ന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കോണ്‍ഗ്രസും ഇന്നലത്തെ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാണി വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കമുണ്ടാകില്ലെന്നാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ. പാല സീറ്റ മാണിപക്ഷത്തിന്റെതായത് കൊണ്ട് ജോസഫ് വിഭാഗം പ്രശ്‌നമുണ്ടാക്കില്ലെന്നാണ് കണക്ക് കൂട്ടല്‍. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിഷയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്നും സാമൂഹ്യസേവനമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നും നിഷ പ്രതികരിച്ചിരുന്നു. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും തനിക്ക് പിന്തുണ കിട്ടുമെന്നും നിഷ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പാണ് നിഷ സ്ഥാനാര്‍ത്ഥിയാകാതിരുന്നതിന് കാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജോസഫ് സീറ്റ് ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.