ആന്തൂര്‍ വിഷയത്തിലും നവമാധ്യമ ഫോറങ്ങളിലെ ചര്‍ച്ചകളിലും പി ജയരാജനെ പാര്‍ട്ടി തിരുത്തിയതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന പോസ്റ്റുകളുമായി പിജെ ആര്‍മി. മുന്നില്‍ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നില്‍ നിന്നും കുത്തിയാല്‍' എന്ന് പരാമര്‍ശിച്ച് പിജെ ആര്‍മി പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 2017 ലെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. 'പാര്‍ട്ടി ഒരു കുടുംബമാണ്. ആ കുടുംബത്തില്‍പ്പെട്ട ഒരാളോട് അല്‍പ്പം സ്‌നേഹം കൂടുതലാണ് ഞങ്ങള്‍ക്ക്. ആ സ്‌നേഹത്തിന്റെ പേര് പറഞ്ഞ് കുടുംബത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. നടക്കില്ല നിങ്ങള്‍ക്ക്. പാര്‍ട്ടിക്കൊപ്പം'. എന്ന കുറിപ്പും പേജിലുണ്ട്. ചങ്കിലാണ് പിജെയെന്ന പോസ്റ്റും കാണാം. പി ജയരാജനെ സിപിഎം സംസ്ഥാന സമിതി തിരുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പിജെ ആര്‍മിയില്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആന്തൂര്‍ നഗരസഭയുടെ ഗുരുതര അനാസ്ഥയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ പരാമര്‍ശിച്ചിരുന്നു. പി ജയരാജന്‍ അനുകൂലികള്‍ കൈകാര്യം ചെയ്തുവന്ന പിജെ എന്ന ചുരുക്കപ്പേരിലുള്ള സോഷ്യല്‍മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും ജയരാജനെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാക്കി പ്രചരണവും നടന്നിരുന്നു. ഈ വിഷയങ്ങളിലാണ് പി ജയരാജനെ സംസ്ഥാന സമിതി തിരുത്തിയത്. പി കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സിതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് നടപടി ഉറപ്പാക്കുന്നത് പോലെയായെന്ന് കോടിയേരി പറഞ്ഞു. വിയോജിപ്പും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ നവമാധ്യമ ഫോറങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരു തിരുത്തല്‍.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക പീഡന കേസ് ഉയര്‍ന്നതോടെയാണ് പി ജയരാജനെ 'യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്'ആക്കി പിജെ എന്ന ചുരുക്കപ്പേരിലും മറ്റുമുള്ള ജയരാജന്‍ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും പ്രചരണമുണ്ടായത്. ജയരാജന്റെ ഒരു മകന്‍ കല്ല് ചുമക്കുന്നതും മറ്റൊരു മകന്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രചരണം. എന്നാല്‍ ഇതിനെ തള്ളി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണം സദുദ്ദേശപരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പാര്‍ട്ടിയുടെ തിരുത്തിന് പിന്നാലെയാണ് പി ജയരാജന്‍ പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കും ആന്തൂര്‍ നഗരസഭയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായപ്പോള്‍ സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പികെ ശ്യാമളയുടെ സാന്നിധ്യവുമുണ്ടായിരുന്നു. അവരെ വേദിയിലിരുത്തിയാണ് നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ ഭരണസമിതിക്ക് പരാജയപ്പെട്ടെന്നും ചെയര്‍പേഴ്‌സണിന് വീഴ്ചയുണ്ടായെന്നും പി ജയരാജന്‍ പരാമര്‍ശിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പികെ ശ്യാമള.