കത്തോലിക സഭയിലെ ലൈംഗീക അതിക്രമ പരാതികള്‍ പുറത്തെത്താതെ ഒതുക്കി തീര്‍ക്കുന്നതിനെതിരെ ശക്തമായ നിയമവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പുരോഹിതന്‍മാരും കന്യാസ്ത്രീകളും പരാതികള്‍ സഭാ അധികാരികളെ കൃത്യമായി അറിയിക്കണമെന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കരുതെന്നുമാണ് മാര്‍പ്പാപ്പയുടെ നിര്‍ദേശം. അതിക്രമം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ സഭയിലെ 4,15,000 പുരോഹിതന്‍മാരും 6,60,00 കന്യാസ്ത്രീകളും വത്തിക്കാനെ അറിയിക്കണമെന്നാണ് മാര്‍പ്പാപ്പയുടെ നിര്‍ദേശം.
തന്റെ മേല്‍ ഉദ്യോഗസ്ഥരും പുരോഹിതരും ലൈംഗികാതിക്രമ വിഷയം മറച്ചുപിടിക്കാനോ അടിച്ചമര്‍ത്താനോ ശ്രമിച്ചാല്‍ അതും പരാതിപ്പെടണമെന്നാണ് നിര്‍ദേശം. വിവരം നല്‍കുന്നവരെ സംരക്ഷിക്കാന്‍ എല്ലാത്തരത്തിലുള്ള നടപടിയുമുണ്ടാവുമെന്ന് വ്യക്തമാക്കുന്ന പുതിയ 'നിയമം' എല്ലാ രൂപതയോടും അതീവ പ്രാധാന്യത്തോടെയും രഹസ്യമായും വിഷയം കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
അമേരിക്കയിലുള്ള ബിഷപ്പുമാര്‍ അവിടെ ഉണ്ടായ വിവാദത്തില്‍ അടുത്തമാസം അച്ചടക്ക നടപടിയെടുക്കാനിരിക്കെ അവര്‍ക്ക് സ്വീകരിക്കാനാകുന്ന അടിസ്ഥാനഘടനയാണ് പോപ്പിന്റെ നിര്‍ദേശങ്ങള്‍.
കത്തോലിക്ക സഭയിലെ ലൈംഗിക പീഡനങ്ങളും അത് ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങളും ലോകത്താകമാനം സഭയുടെ യശസിന് കളങ്കമായ സാഹചര്യത്തിലാണ് പോപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍.
കത്തോലിക്ക സഭയിലെ പരാതികളില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനെ വത്തിക്കാനെ അറിയിക്കണം. വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശമായാണ് മാര്‍പ്പാപ്പ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണമെന്നും പരാതിപ്പെടുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്നും മാര്‍പ്പാപ്പ നിര്‍ദേശിക്കുന്നുണ്ട്.
കന്യാസ്ത്രീകളും പുരോഹിതരും പീഡന പരാതികളറിഞ്ഞാല്‍ മേലധികാരികളെ അറിയിക്കണമെന്നും അതാത് രാജ്യങ്ങളിലെ നിയമങ്ങളെ ബഹുമാനിച്ചുവേണം നടപടികള്‍ കൈക്കൊള്ളാനെന്നും മാര്‍പാപ്പ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മൂന്ന് തരത്തിലുള്ള ലൈംഗീക അതിക്രമങ്ങളാണ് മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ പ്രധാനമായും എടുത്തുപറയുന്നത്. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം, കുട്ടികളുടേയും ദുര്‍ബലരുടേയും മേല്‍ നടത്തുന്ന ലൈംഗിക ചൂഷണം. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കുക, കൈവശം വയ്ക്കുക, പ്രദര്‍ശിപ്പിക്കുക, വിതരണം ചെയ്യുക എന്നിവയാണത്.
സെമിനാരിയിലുള്ളവരേയും കന്യാസ്ത്രീകളേയും മേലധികാരികളായ പുരോഹിതര്‍ പീഡിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ ഇടപെടല്‍.