പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്. പ്രതിപക്ഷനേതാവായതിനു ശേഷം ആദ്യമായാണ് അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൂലങ്കഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് ഒരു പക്ഷേ, ചാകരയാണ് ഈ സന്ദര്‍ശനങ്ങള്‍. രാഹുല്‍ എന്തു പറഞ്ഞാലും അതിനെ വിമര്‍ശിക്കാന്‍ അവര്‍ ചാടി വീഴാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദമാക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹവും ബഹുമാനവും വിനയവുമെല്ലാം നഷ്ടമായിരിക്കുന്നുവെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ഏക ആശയമായാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയെന്നാല്‍ ആശയ വൈവിധ്യമെന്നാണ് തങ്ങള്‍ മനസിലാക്കിയിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രിയെ ആര്‍ക്കും ഭയമില്ലാതായിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ ബിജെപി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയെ അപമാനിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ സ്വഭാവമായി മാറിയിരിക്കുകയാണെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. രാജ്യദ്രോഹിയായ രാഹുല്‍ ഗാന്ധിക്ക് ആര്‍എസ്എസ് എന്താണെന്ന് മനസിലാവില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് കിഷോര്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍
ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടിയെക്കുറിച്ച് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ തന്നെ ബിജെപിയിലും പ്രധാനമന്ത്രിയിലുമുള്ള ഭയം ജനങ്ങള്‍ക്ക് ഇല്ലാതായി. അതാണ് വലിയ നേട്ടം. അത് രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസിന്റെയോ നേട്ടമല്ല. ഭരണഘടനയ്ക്കു മേല്‍ ഉണ്ടാകാമായിരുന്ന ആക്രമണം അംഗീകരിക്കാന്‍ തയ്യാറാകാത്ത ജനങ്ങളുടെ നേട്ടമാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു.
തൊഴിലുകളില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കി. ഇന്ത്യന്‍ പുരുഷന്‍മാരില്‍ ഭൂരിപക്ഷത്തിനും സ്ത്രീകളെക്കുറിച്ച് വളരെ മോശം സമീപനമാണ് ഉള്ളത്. അത് മാറേണ്ടതുണ്ട്. പൊതുരംഗത്ത് നിന്ന് സ്ത്രീകള്‍ മാറി നില്‍ക്കണമെന്നും അവര്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കിയും സംസാരം അടക്കിയും ജീവിക്കണമെന്നാണ് ബിജെപിയും ആര്‍എസ്എസും വിശ്വസിക്കുന്നത്. അതേസമയം സ്ത്രീകള്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും നേടണമെന്നതാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും തൊഴിലില്ലായ്മയുണ്ട്. എന്നാല്‍ ചൈനയും വിയറ്റ്‌നാമും പോലെ ചില രാജ്യങ്ങളില്‍ തൊഴില്‍ ഒരു പ്രശ്‌നമേയാകുന്നില്ല. അതിനൊരു കാരണമുണ്ട്. നാല്‍പതുകളിലും അമ്പതുകളിലും അറുപതുകളിലും അമേരിക്ക ആഗോള ഉദ്പാദനത്തിന്റെ കേന്ദ്രമായിരുന്നു. കാറുകളും വാഷിംഗ് മെഷീനുകളും ടിവികളുമൊക്കെ അമേരിക്കയില്‍ നിര്‍മിച്ചവയായിരുന്നു. പിന്നീട് കൊറിയയും ജപ്പാനും ഉദ്പാദന കേന്ദ്രങ്ങളായി മാറി. ഒടുവില്‍ ചൈനയ്ക്കാണ് ആ സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ആഗോള ഉദ്പാദനത്തില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. വെസ്റ്റേണ്‍ രാജ്യങ്ങളും അമേരിക്കയും യൂറോപ്പും ഇന്ത്യയും ഉദ്പാദനം തന്നെ ഉപേക്ഷിച്ച് അതെല്ലാം ചൈനയ്ക്ക് കൈമാറിയിരിക്കുകയാണ്. നിര്‍മാണങ്ങള്‍ തൊഴിലവസരങ്ങള്‍ കൂട്ടും. ഇപ്പോള്‍ ഇന്ത്യയും അമേരിക്കയുമെല്ലാം ഉപഭോക്താക്കളായി മാറിയിരിക്കുന്നു.
ബിജെപിയുടെ തിരിച്ചടി
ഇന്ത്യയെ വിമര്‍ശിക്കാന്‍ ചൈനയുടെ പേര് ഉപയോഗിച്ച രാഹുല്‍ ഗാന്ധി ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ കൊതിക്കുന്നുണ്ടെന്നാണ് ബിജെപി വക്താവ് തിരിച്ചടിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ധാരണയനുസരിച്ചാണ് രാഹുല്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാതെ ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നതെന്നും പ്രദീപ് ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെതിരെ സംസാരിച്ച രാഹുല്‍ ഇന്ത്യയെ ആക്ഷേപിക്കുകയാണെന്ന വിമര്‍ശനമാണ് കേന്ദ്രമന്ത്രി ഗിരിരാജ് കിഷോര്‍ ഉയര്‍ത്തിയത്. ഇന്ത്യയെ ആക്ഷേപിക്കാനാണ് രാഹുല്‍ വിദേശയാത്ര നടത്തുന്നത്. ആര്‍എസ്എസിനെ പറ്റി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ല. രാജ്യദ്രോഹിക്ക് ഒരിക്കലും ആര്‍എസ്എസ് എന്താണെന്ന് അറിയില്ല എന്നിങ്ങനെയാണ് ഗിരിരാജ് കിഷോറിന്റെ പ്രതികരണം.