Politics

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായെന്ന് വി.ഡി.സതീശന്‍; മാധ്യമങ്ങളോട് പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം

https://www.youtube.com/watch?v=LIH8MWWoIT4&t=2sഎഡിജിപി എം.ആര്‍.അജിത്ത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് ദൂതന്‍മാരെ അയച്ച് മുഖ്യമന്ത്രി ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. കൊടകര കുഴപ്പണ ഇടപാടില്‍ നിന്നും കെ സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേ രീതിയിലാണ്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എ.ഡി.ജി.പി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. അല്ലാതെ പൂരം കലക്കാനുള്ള ഗൂഡാലോചനയായിരുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്

കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം പലതവണ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആരോപണമായി ഉന്നയിച്ചത്. ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചത്. സി.പി.എം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എ.ഡി.ജി.പി സ്വന്തം ഇഷ്ടപ്രകാരം കണ്ടെന്നാണ് സി.പി.എം ന്യായീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ത് വ്യക്തിപരമായ കാര്യത്തിനാണ് ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചത്? വേറെ ഒരു കാരണവുമില്ല. രാഷ്ട്രീയദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്.

സി.പി.എം പറയന്ന മതേതരത്വത്തില്‍ ഒരു കാര്യവുമില്ലെന്ന് വ്യക്തമായി. ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബലെ. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത്. മറ്റു പല ബി.ജെ.പി നേതാക്കളെയും എ.ഡി.ജി.പി കണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നിരിക്കുന്നത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയവും. സി.പി.എം- ബി.ജെ.പി ബാന്ധവം ഉണ്ടെന്നത് പ്രതിപക്ഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ഉന്നയിക്കുന്ന ആരോപണമാണ്. ബാന്ധവം ഉണ്ടെന്നത് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. അതിനു ശേഷമാണ് ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ മുഖത്തു നോക്കി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരമില്ലാതെ തല കുനിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ദൂതന്‍മാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കുന്നതും. കൊടകര കുഴപ്പണ ഇടപാടില്‍ നിന്നും കെ സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേ രീതിയിലാണ്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എ.ഡി.ജി.പി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. അല്ലാതെ പൂരം കലക്കാനുള്ള ഗൂഡാലോചനയായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കമ്മിഷണര്‍ അഴിഞ്ഞാടിയെന്നും അയാളെ നീക്കിയെന്നുമാണ് സര്‍ക്കാരും സി.പി.എമ്മും പറഞ്ഞത്.

തൃശൂരില്‍ കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എ.ഡി.ജി.പി സ്ഥലത്തുണ്ട്. പൂരം അവര്‍ തന്നെ കലത്തിയതിന്റെ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവിടും. മുഖ്യമന്ത്രിയും കമ്മിഷണറെ വിളിക്കാന്‍ തയാറിയല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ പൂരം കലക്കിയെന്നു വിളിച്ചത്. പൂരം കലക്കുകയെന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്ലാനായിരുന്നു. പൊലീസിനെ ഉപയോഗിച്ച് ആ പ്ലാന്‍ നടപ്പാക്കി. വിശ്വാസം, ആചാരം, ഹിന്ദു എന്നൊക്കെ പറയുന്ന ബി.ജെ.പിയാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി ഉത്സവം കലക്കാന്‍ കൂട്ടുനിന്നത്. ഉത്സവം കലക്കുന്ന ഇവര്‍ ഹിന്ദുക്കളെയാണ് അവഹേളിച്ചത്. ഇവരൊക്കെയാണ് ഹിന്ദുത്വത്തെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നത്. ഇവരുടെയൊക്കെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രി ഇതിന് മുന്‍പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്. താന്‍ അറിയാതെയാണ് ഉദ്യോഗസ്ഥന്‍ പോയതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും പിറ്റേ ദിവസം മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞല്ലോ. എന്നിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറായോ? ഡി.ജി.പിക്കും എ.ഡി.ജി.പിക്കുമൊക്കെ ഇഷ്ടാനുസരണം ആളുകളെ കാണാന്‍ സാധിക്കുമോ? ലീവ് എടുത്താണോ അതോ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണോ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്? ഇതൊക്കെ അന്വേഷിക്കണം. ഒരു മണിക്കൂര്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളോ അതിര്‍ത്തി തര്‍ക്കമോ ആണോ? പരസ്പരം സഹായിക്കാനുള്ള പൊളിറ്റിക്കല്‍ മിഷനായിരുന്നു. അതാണ് പുറത്തു വന്നിരിക്കുന്നത്. ജനങ്ങളെയാണ് വിഡ്ഢികളാക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT