Politics

'സി.പി.എമ്മുമായി ഒത്തുകളിക്കുന്നു'; കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫ് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എമ്മുമായി ഒത്തുകളിക്കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ് ലീഗ് നേതാക്കളെ ആശങ്ക അറിയിച്ചത്. മുസ്ലിം ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന പ്രചരണത്തിനിടെയാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ദുര്‍ബലപ്പെടുത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെടുന്നുവെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. മാധ്യമങ്ങളില്‍ തെറ്റായ ചര്‍ച്ചകളുണ്ടാക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളോട് പരാതി അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളെന്ന് മുസ്ലിം ലീഗിനകത്തെ ഒരു വിഭാഗവും വിമര്‍ശിക്കുന്നു.

സര്‍ക്കാരിനെതിരെ യു.ഡി.എഫ് മൂന്ന് കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായാണ് ധര്‍ണ. ഈ മാസം നാലാം തിയതി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാമെന്ന നിര്‍ദേശം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് യോഗത്തില്‍ മുന്നോട്ട് വെച്ചു. വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പങ്കാളിത്തം കുറയില്ലേയെന്ന ആശങ്ക കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. പ്രതിഷേധ പരിപാടിയെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കി.

നാലാം തിയതി തന്നെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയും കോഴിക്കോട് ചേരുന്നുണ്ട്. കഴിഞ്ഞ മാസം 27ന് നിശ്ചയിച്ചിരുന്ന യോഗം പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശ പ്രകാരം മാറ്റിവെക്കുകയായിരുന്നു. കെ.ടി ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത പുറത്ത് വന്നത് യോഗത്തില്‍ വിഷയമാകുമെന്ന ആശങ്ക പി.കെ കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നു. ഇതുകൊണ്ടാണ് യോഗം മാറ്റിവെക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചതെന്ന് ലീഗിലെ ഒരുവിഭാഗം കരുതുന്നു. പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്ന മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ക്ക് യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടിയുടെ സംഘാടനത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ പങ്കാളിത്തം ഉറപ്പാക്കാന്‍ നേതാക്കള്‍ക്ക് കഴിയില്ലെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. ധര്‍ണയും പ്രവര്‍ത്തക സമിതിയും വെള്ളിയാഴ്ച ദിവസം തന്നെ നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കാളിത്തം കുറയ്ക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ സംശയിക്കുന്നു.

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണങ്ങളില്‍ നിന്നും പിന്‍തിരിയണമെന്നാവശ്യപ്പെട്ടാണ് കെ.ടി ജലീലുമായി പി.കെ കുഞ്ഞാലിക്കുട്ടി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന സി.പി.എം നേതാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കൂടിക്കാഴ്ച പി.കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചില്ല. പിന്നാലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത കെ.ടി ജലീല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത തിമിര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്ന് പറഞ്ഞുവെച്ചു. ഫാസിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം സി.പി.എം നേതൃത്വം നല്‍കുന്ന ചേരിയിലുമായി അണിനിരക്കുമെന്നും വൈകാതെ അത് സംഭവിക്കുമെന്നുമുള്ള പോസ്റ്റിലെ വരികള്‍ ഇടതുപക്ഷത്തോട് ലീഗ് അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നു. ലീഗിന് ഒറ്റവാക്കേയുള്ളുവെന്ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമിരുന്ന് പി.കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിനൊപ്പം നിന്ന് യു.ഡി.എഫ് സമരത്തെ പൊളിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മുസ്ലിം ലീഗിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT