മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന വിദേശയാത്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി നടത്തുന്ന വിദേശയാത്ര ധൂര്‍ത്താണെന്ന് ചെന്നിത്തല ആരോപിച്ചു. ഔദ്യോഗിക യാത്രകളില്‍ കുടുംബങ്ങളെ കൊണ്ടുപോകുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നേരിട്ട് ജപ്പാനിലേക്ക് പോകാന്‍ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായില്‍ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇതും ധൂര്‍ത്തിന് തെളിവാണ്.രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. മന്ത്രിമാര്‍ക്കൊപ്പം ഐഎഎസുകാരുടെ സംഘം, ആരോഗ്യമിഷന്റേയും ശുചിത്വമിഷന്റേയും ഉദ്യോഗസ്ഥര്‍, പേഴ്‌സണല്‍ സ്റ്റാഫ്, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വന്‍ സംഘമാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. ഇത് ധൂര്‍ത്താണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
23നാണ് മുഖ്യമന്ത്രിയും സംഘവും 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. നിക്ഷേപസമാഹരണമാണ് ലക്ഷ്യം. വ്യവസായമന്ത്രി ഇ പി ജയരാജന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം