Politics

രാഹുലിന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ ബിജെപിക്കും ആര്‍എസ്എസിനും പൊള്ളി; ഇടപെടാന്‍ മോദി എണീറ്റത് രണ്ടു തവണ

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്‌സഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ സര്‍ക്കാരിന് അത്ര സുഖകരമാവില്ല കാര്യങ്ങള്‍ എന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. ഭരണഘടനയുടെ കോപ്പിയും പരമശിവന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുമായി ഒരുങ്ങിത്തന്നെയായിരുന്നു രാഹുലിന്റെ വരവ്. ആര്‍എസ്എസിനെയും ബിജെപിയെയും ദയാരഹിതമായി ആക്രമിക്കുകയായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ ഉടനീളം. ആര്‍എസ്എസോ ബിജെപിയോ ഹിന്ദുക്കളെ ഒരിക്കലും പ്രതിനിധാനം ചെയ്തിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രസംഗത്തില്‍ ഇടപെടാന്‍ എഴുന്നേല്‍ക്കേണ്ടി വരുന്ന തരത്തിലായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. മോദി രണ്ടുവട്ടം രാഹുലിന്റെ വാക്കുകളെ തടയാന്‍ ശ്രമിച്ചു. ഹിന്ദു സമൂഹത്തെയാകെ അക്രമാസക്തരെന്ന് വിളിക്കുകയാണെന്നായിരുന്നു മോദിയുടെ ആദ്യത്തെ ആരോപണം. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തെ ബഹുമാനിക്കണമെന്ന് ഭരണഘടന പഠിപ്പിച്ചിട്ടുണ്ടെന്നായിരുന്നു രണ്ടാമത്തെ പരാമര്‍ശം. പരിഹാസച്ചിരിയോടെയാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.

ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമം അഴിച്ചുവിടുകയാണെന്ന് രാഹുല്‍ പറഞ്ഞതാണ് പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും പ്രകോപിപ്പിച്ചത്. നമ്മുടെ മഹാന്‍മാരായ നേതാക്കള്‍ അഹിംസയെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ വെറുപ്പ് മാത്രമേ സംസാരിക്കുന്നുള്ളു. നിങ്ങള്‍ ഹിന്ദുക്കളേയല്ല, രാഹുല്‍ പറഞ്ഞു. ഇന്ത്യയെന്ന ആശയത്തോടും ഭരണഘടനയോടും ഭരണഘടനയോടുള്ള ആക്രമണത്തെ ചെറുക്കുന്നവരോടും തന്ത്രപരമായ ആക്രമണമാണ് ഇവിടെ നടക്കുന്നത്. പല പ്രതിപക്ഷനേതാക്കളും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലര്‍ ഇപ്പോഴും ജയിലിനുള്ളിലാണ്. അരവിന്ദ് കെജ്‌രിവാളിനെയാണ് രാഹുല്‍ സൂചിപ്പിച്ചത്. ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്കറിയാം ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഭയവും വെറുപ്പു പ്രചരിപ്പിക്കാനാവില്ലെന്ന്. പക്ഷേ, ബിജെപി 24x7 വെറുപ്പും ഭയവും പരത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇടപെട്ടപ്പോള്‍ ബിജെപിയും ആര്‍എസ്എസും ആകമാന ഹിന്ദു സമൂഹമല്ലെന്ന് പറഞ്ഞ് രാഹുല്‍ തടുക്കുകയും ചെയ്തു. ഇതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. മതങ്ങളെ ഹിംസയുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് തെറ്റാണെന്നും പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നുമായിരുന്നു അമിത് ഷായുടെ ആവശ്യം. ഹിന്ദുക്കള്‍ അക്രമാസക്തരാണെന്ന് രാഹുല്‍ പറഞ്ഞുവെന്നായിരുന്നു അമിത് ഷാ വ്യാഖ്യാനിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും 1984ലെ സിഖ് കലാപവുമൊക്കെ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനും അമിത് ഷാ ശ്രമിച്ചു. ആര്‍എസ്എസും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നവര്‍ ഹിന്ദുത്വയെ ഹിംസയുമായി കൂട്ടിക്കെട്ടിയത് ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. വിവേകാനന്ദനോ ഗാന്ധിയോ ആകട്ടെ, ഹിന്ദുത്വ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണെന്നും ആര്‍എസ്എസ് പറഞ്ഞു. നുണകളും ഹിന്ദുവിനെതിരായ വെറുപ്പുമാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യദിന ഷോയെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT