ലോക്‌സഭാ തെരഞ്ഞെടുപ്പിന് തലേന്ന് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യുഡിഎഫ് നേതാക്കള്‍. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചാരണമാണ് സിപിഎം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങുമെന്നും വിദ്വേഷ പ്രചാരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി നേതാക്കള്‍ പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തലതാഴ്ത്തി നില്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. വര്‍ഗ്ഗീയത ഉപയോഗിച്ച് ജയിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്ന് വടകരയില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പറഞ്ഞു. പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമാണെന്നും ഷാഫി പറഞ്ഞു. കേസില്‍ ഫെയിസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.
ഇതിനിടെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തില്ല. ഇടതുപക്ഷത്തിന്റെ പേരില്‍ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കെ.കെ.ലതിക സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണെന്നും അവര്‍ പറഞ്ഞു. എന്തിനാണ് ഷെയര്‍ ചെയ്തതെന്ന് താന്‍ ചോദിച്ചുവെന്നും ഇത് പൊതുസമൂഹം അറിയണമെന്നുമാണ് ലതിക മറുപടി നല്‍കിയതെന്നും കെ.കെ.ശൈലജ പറഞ്ഞു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. സംഭവത്തില്‍ കാസിം പോലീസില്‍ പരാതി നല്‍കി. പിന്നീട് പോലീസ് അന്വേഷണം കാര്യക്ഷമ്മല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് പോലീസ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫെയിസ്ബുക്ക് പേജിന്റെ വിവരങ്ങള്‍ ശേഖരിച്ചു. പേജ് അഡ്മിനായ മനീഷ് മനോഹരന്റെ ഫോണില്‍ റെഡ് ബറ്റാലിയന്‍ എന്ന ഗ്രൂപ്പില്‍ നിന്ന് ഈ സ്‌ക്രീന്‍ഷോട്ട് ലഭിച്ചിരുന്നു. അമല്‍റാം എന്നയാളാണ് റെഡ് ബറ്റാലിയനില്‍ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ നിന്നാണ് അമല്‍റാമിന് ഇത് ലഭിച്ചത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.
ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ റിബേഷിന്റെ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത പോരാളി ഷാജി എന്ന പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ പിടിച്ചെടുത്തു. ഫെയിസ്ബുക്കും വാട്‌സാപ്പും ഉറവിടത്തെക്കുറിച്ച് വ്യക്തത നല്‍കാത്തതിനാല്‍ പ്രതികളാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.