പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് പോര് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. പി ജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോസഫ് കണ്ടത്തില്‍ ഉപവരണാധികാരി ബിഡിഒ ഇ ദില്‍ഷാദ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. കണ്ടത്തിലിനൊപ്പം പാലായിലെ പ്രമുഖ ജോസഫ് ഗൂപ്പ് നേതാക്കളും എത്തി.
കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ജോസഫ് കണ്ടത്തില്‍.
സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പത്രിക സമര്‍പ്പിക്കുന്നത് എന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അവകാശ വാദം തുടരുകയാണ്. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വരണാധികാരിക്ക് കത്ത് നല്‍കിയിരുന്നു. ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം നല്‍കരുതെന്ന ആവശ്യപ്പെട്ട് പിജെ ജോസഫും രംഗത്തെത്തി. കേരള കോണ്‍ഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ നീക്കം.