കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളും സഹോദരി പ്രിയങ്ക ഗാന്ധിയും 'രാഹുല്‍ ബ്രിഗേഡിലെ' മുന്നണി പോരാളി സച്ചിന്‍ പൈലറ്റുമെല്ലാം ഇന്നും കണ്ട് സംസാരിച്ചിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഈ അവസരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പുത്തന്‍ ഫോര്‍മുലകള്‍ ഉയരുകയാണ്.
ലോക്‌സഭയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ച് പുത്തന്‍ ഫോര്‍മുലയ്ക്കായാണ് ശ്രമം. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്താല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടിയെ അദ്ദേഹം നയിക്കുമെന്നതാണ് ഉയര്‍ന്നുവന്ന ഫോര്‍മുലയില്‍ പ്രധാനം.
അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ ശക്തമായൊരു രണ്ടാം നിരയുണ്ടാക്കി കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍. ഇതേ തുടര്‍ന്ന് ആര് കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്ന ചര്‍ച്ച വരുമ്പോള്‍ മുതിര്‍ന്ന നേതാക്കളേക്കാള്‍ ശ്രദ്ധ നേടുന്ന പേര് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാക്കിയ സച്ചിന്‍ പൈലറ്റിന്റേതാണ്.
എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചുവെന്ന് വെച്ച് യുവാവായ സച്ചിന്‍ പൈലറ്റിനെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിക്കുമോയെന്ന പ്രശ്‌നവുമുണ്ട്. പ്രിയങ്കയേയും അമ്മ സോണിയയേയും തനിക്ക് പകരക്കാരായി ചിന്തിക്കേണ്ടെന്ന താക്കീതും രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കം നേതാക്കള്‍ രാഹുലിനെ കണ്ട് സംസാരിച്ചു. വൈകിട്ട് തന്റെ വസതിയില്‍ രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് താന്‍ ഇനി ഉണ്ടാവില്ലെന്നും പകരക്കാരനെ കണ്ടെത്താനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനോടും പാര്‍ട്ടി ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും പറഞ്ഞിരുന്നു.
തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന നല്‍കി അനുനയിപ്പിക്കാനെത്തിയ നേതാക്കളില്‍ നിന്നെല്ലാം രാഹുല്‍ ഗാന്ധി ഒഴിഞ്ഞുനിന്നു. ലോക്സഭയിലേക്ക് വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ അധ്യക്ഷനെ കാണാന്‍ ശ്രമിച്ചിട്ടും രാഹുല്‍ തയ്യാറായില്ല. ഒടുവിലാണ് അഹമ്മദ് പട്ടേലും കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയെ കണ്ടത്. അവരോട് പകരക്കാരനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടത്. പകരക്കാരനെ കണ്ടെത്തും വരെ താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാമെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടുംപിടുത്തവും മക്കളെ മല്‍സരിപ്പിക്കാനുള്ള ശ്രമങ്ങളെയെല്ലാം കടുത്ത ഭാഷയില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അടിമുടി മാറണമെന്ന ഉറച്ച നിലപാടിലാണ്.