Politics

‘എന്തുകൊണ്ട് ചിദംബരം ഇപ്പോഴും ജയിലില്‍?’; മോഡി സര്‍ക്കാര്‍ ഇഡിയും സിബിഐയും പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നെന്ന് പവാര്‍

THE CUE

പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ മോഡി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയേയും ദുരുപയോഗം ചെയ്യുകയാണെന്ന് എന്‍സിപി ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരദ് പവാര്‍. ഭരണകക്ഷിക്കെതിരെ ശബ്ദിക്കുന്ന എല്ലാ പാര്‍ട്ടികളേയും അടിച്ചമര്‍ത്തുന്നത് ബിജെപി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചരിക്കുകയാണെന്ന് പവാര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ കേസെടുത്തത് എന്തിനാണ്? പി ചിദംബരത്തേപ്പോലെ കരുത്തരായ നേതാക്കള്‍ ഗവണ്‍മെന്റിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. താന്‍ ഏത് പരിണിത ഫലവും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പവാര്‍ വ്യക്തമാക്കി.

ചിദംബരത്തിന് എതിരെയുള്ള അന്വേഷണം ഇഡി പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണ്? അന്വേഷണം ഇപ്പോഴും നീട്ടിക്കൊണ്ടുപോകുകയാണ്. എന്തുകൊണ്ടാണ് ചിദംബരം ഇത്രയും നാളുകള്‍ തടവില്‍ കിടക്കുന്നത്? സര്‍ക്കാര്‍ ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.
ശരദ് പവാര്‍

ബാങ്ക് തട്ടിപ്പിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പിന്നീട് ഇഡിയും പവാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25,000 കോടിയുടെ അഴിമതിയില്‍ പവാറിന് പങ്കുണ്ടെന്നാണ് പൊലീസിന്റേയും ഇഡിയുടേയും ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി സര്‍ക്കാര്‍ പവാറിനെ വേട്ടയാടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

സഹകരണ ബാങ്കിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നെ കേള്‍ക്കുന്നവരായതുകൊണ്ട് എനിക്ക് പങ്കുണ്ടെന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നത്. ഒരു ഭരണ സമിതി ഒരാളെ കേള്‍ക്കുകയാണെങ്കില്‍ എങ്ങനെയാണ് അയാള്‍ പ്രതിയാകുന്നത്. ഞാന്‍ ആ സമയത്ത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗം പോലും ആയിരുന്നില്ല. പിന്നെ എനിക്കെതിരെ കേസ് എടുക്കേണ്ടതിന്റെ ആവശ്യം എന്താണ്?
ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോഡി നടത്തിയ പ്രസ്താവനക്കെതിരേയും പവാര്‍ ആഞ്ഞടിച്ചു. പവാര്‍ പാകിസ്താനിലെ ആതിഥ്യം വളരെയധികം ഇഷ്ടപ്പെടുന്നത് എന്തിനാണെന്ന മോഡിയുടെ ചോദ്യമാണ് മുന്‍ കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.

മോഡി പ്രധാനമന്ത്രി പദത്തിന്റെ ബഹുമാന്യത ഇല്ലാതാക്കുകയാണ്. ഞാന്‍ പാക് അനുകൂലിയും രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരുമാണെങ്കില്‍ എന്തിനാണ് മോഡിയുടെ സര്‍ക്കാര്‍ എനിക്ക് പത്മവിഭൂഷണ്‍ നല്‍കിയത്?
ശരദ് പവാര്‍

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമാണ് പത്മവിഭൂഷണ്‍. രാജ്യത്തിന് വേണ്ടി താന്‍ മൂല്യവത്തായ എന്തെങ്കിലും ചെയ്‌തെന്നാണ് അതിനര്‍ത്ഥം. എന്നാല്‍ മറ്റൊരു വഴിയില്‍ പാക് പക്ഷപാതിയാണെന്ന് പ്രചരിപ്പിക്കുന്നു. എന്തിനാണ് ഈ വൈരുധ്യം?

പാക് സര്‍ക്കാരും സൈന്യവും ഇന്ത്യാ വിരുദ്ധ നിലപാടെടുക്കുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്. അവിടുത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും നേതാക്കളുടെ പ്രശ്‌നവും വ്യത്യസ്തമാണ്. പാകിസ്താനിലെ ജനങ്ങളില്‍ പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്. അവര്‍ പരസ്പരം കാണുകയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. പാക് നേതാക്കളാണ് ഇന്ത്യാ വിരുദ്ധ സാഹചര്യങ്ങള്‍ ഒരുക്കുന്നതെന്നാണ് താന്‍ പറഞ്ഞത്. അത് പാക് അനുകൂല നിലപാട് ആകുന്നത് എങ്ങനെയാണെന്നും പവാര്‍ ചോദിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT