മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കത്തില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കേ പ്രതിരോധത്തിനായി റിസോര്‍ട്ട് രാഷ്ട്രീയം പയറ്റി കോണ്‍ഗ്രസും. മഹാരാഷ്ട്ര എംഎല്‍എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 44 എംഎല്‍എമാരോടും മുംബൈ നഗരത്തിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായ് പറഞ്ഞു.
എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ഒരുമയോടെയുണ്ട്. ആരും പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോകില്ല. എംഎല്‍എമാര്‍ ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കും.ഹുസൈന്‍ ദല്‍വായ്
വ്യാഴാഴ്ച്ച ശിവസേന പാര്‍ട്ടി എംഎല്‍എമാരെ മുംബൈയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് രാഷ്ട്രീയം ആരംഭിച്ചത്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ വലവീശുന്നെന്ന് ആരോപിച്ചായിരുന്നു ശിവസേനയുടെ നീക്കം.
ഞങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് അകന്ന നേതാക്കള്‍ പലരും തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. എന്‍സിപിയാണ് ഞങ്ങളുടെ സഖ്യകക്ഷി. അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. മഹാരാഷ്ട്രയെ രക്ഷിക്കാന്‍ വേണ്ടിയാണ് ജനം തങ്ങള്‍ക്ക് വോട്ടു ചെയ്തതെന്നും കോണ്‍ഗ്രസ് രാജ്യസഭാ എംപി പറഞ്ഞു.
ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് സൂചനകള്‍ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച്ച ഹുസൈന്‍ ദല്‍വായ് ശിവസേന നേതാവ് സഞ്ജയ് റൗത്തുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ചര്‍ച്ച പോസിറ്റീവായിരുന്നെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും പറ്റാവുന്നത് ചെയ്യണമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഹുസൈന്‍ പറയുകയുണ്ടായി.
മന്ത്രിസഭയിലും മുഖ്യമന്ത്രിപദകാലാവധിയിലും പകുതി ഓഹരി വേണമെന്ന ഉറച്ച നിലപാടിലാണ് ശിവസേന.
സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 145 ആണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം