Politics

പി.പി.ദിവ്യക്കെതിരായ സിപിഎം നടപടി ധാര്‍മികത മുന്‍നിര്‍ത്തിയോ അതോ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ? പ്രതികരണങ്ങള്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച നടപടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎം പിന്നീട് ദിവ്യക്കെതിരെ നടപടി സ്വീകരിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. എന്നാല്‍ സിപിഎം സ്വീകരിച്ച ഈ നിലപാട് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണെന്ന വിമര്‍ശനം ഇതിനിടെ ഉയര്‍ന്നു. ദിവ്യക്കെതിരെയുള്ള നടപടി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ളതല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പി.പി.ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച നടപടി ധാര്‍മ്മികതയില്‍ ഊന്നിയതാണോ അതോ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ എന്ന വിഷയത്തില്‍ പ്രതികരിക്കുകയാണ് എം.എന്‍.കാരശ്ശേരി, സിപിഎം നേതാവ് എം.സ്വരാജ്, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍

എം. എന്‍. കാരശ്ശേരി

പി.പി.ദിവ്യക്കെതിരായ നടപടി വൈകിയെന്നാണ് തന്റെ അഭിപ്രായമെന്ന് എം.എന്‍കാരശ്ശേരി പറഞ്ഞു. നവീന്‍ ബാബു വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന ഭയം സിപിഎമ്മിന് ഉണ്ടാകാം. ആത്മഹത്യാ പ്രേരണയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കുറ്റകൃത്യമാണ്. അതില്‍ കളക്ടറെയും പ്രതിയാക്കേണ്ടതാണ്. നമ്മുടെ കളക്ടര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അത് പാഠമാകേണ്ടതാണ്. കാരണം അവരൊക്കെ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടവരാണ്. എഡിഎം കൈക്കൂലി വാങ്ങിയെങ്കില്‍ അതിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനം ഈ നാട്ടിലെ ജനാധിപത്യത്തിലുണ്ട്. മുഖ്യമന്ത്രിക്ക് കത്തയക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിന്റെ കൂടെയാണ് എന്ന് പത്തനംതിട്ടയിലെ സിപിഎം നേരത്തേ പറഞ്ഞിരുന്നു. കണ്ണൂരിലെ സിപിഎമ്മിന്റെ നിലപാട് ധാര്‍മ്മികമല്ല എന്നാണ് അത് കാണിക്കുന്നത്. ഇതിങ്ങനെയൊരു സംഗതി, ഒരു മനുഷ്യന്‍ ഇങ്ങനെ തൂങ്ങിമരിച്ചു എന്ന് അറിയുന്നതിന് മുന്‍പ് തന്നെ ഇത് പുറത്തു വിട്ടു എന്നതിലെ അനൗചിത്യം പാര്‍ട്ടിക്ക് മനസിലാകേണ്ടതാണ്. കാരണം ഇങ്ങനെയല്ലല്ലോ ഒരാളെ കൈകാര്യം ചെയ്യുക. മനുഷ്യന്റെ അന്തസ്സിന് വേണ്ടിയാണല്ലോ ജനാധിപത്യം. ജില്ലാ കളക്ടര്‍ക്ക് പങ്കുണ്ടെന്നാ ഞാന്‍ പറയുക. പി പി ദിവ്യയെ അവിടെ പ്രവേശിപ്പിക്കാന്‍ പാടില്ല, അവര്‍ക്ക് അവിടെ സ്‌പേസ് കൊടുക്കാന്‍ പാടില്ല അവര്‍ പറയുമ്പോ അതിന് മറുപടി പറഞ്ഞ് അതിനെ തടയേണ്ടത് യോഗത്തിന് അധ്യക്ഷം വഹിക്കുന്ന കളക്ടറാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് അത്. ദിവ്യക്കെതിരെ നടപടിയെടുത്തത് വൈകിയെന്നാ ഞാന്‍ പറയുക.

ഇനിയിപ്പോ കേസ് വരും. രണ്ടാഴ്ച, രണ്ടു മാസം കൊണ്ട് എല്ലാവരും ഇതൊക്കെ മറന്നു പോകും. ആത്മഹത്യാ പ്രേരണയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കുറ്റകൃത്യമാണ്. അതില്‍ കളക്ടറെയും പ്രതിയാക്കേണ്ടതാണ്. നമ്മുടെ കളക്ടര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അത് പാഠമാകേണ്ടതാണ്. കാരണം അവരൊക്കെ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടവരാണ്. എഡിഎം കൈക്കൂലി വാങ്ങിയെങ്കില്‍ അതിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനം ഈ നാട്ടിലെ ജനാധിപത്യത്തിലുണ്ട്. മുഖ്യമന്ത്രിക്ക് കത്തയക്കുകയല്ല വേണ്ടത്. കൈക്കൂലി കൊടുത്തു എന്ന് പറയുന്നുണ്ടല്ലോ. 98,500 രൂപ കൊടുത്തെന്ന്. എത്ര വിചിത്രമായ വാദമാണത്. പ്രശാന്തന്‍ ഒരു ഇലക്ട്രീഷ്യനാണെന്ന് പത്രത്തില്‍ കണ്ടു. അദ്ദേഹത്തിന് എവിടെനിന്നാണ് ഇത്രയും പൈസ കിട്ടിയത്. ഒരു പെട്രോള്‍ പമ്പുണ്ടാക്കാന്‍ എത്ര കോടി വേണമെന്നാ.

ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഒരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കാണിക്കേണ്ട മര്യാദ ദിവ്യയില്‍ നിന്ന് ഉണ്ടായിട്ടില്ല. അത് മര്യാദകേടാണെന്നും തെറ്റാണെന്നും ആദ്യം തള്ളിപ്പറയേണ്ടത് സിപിഎമ്മാണ്. അവരാണല്ലോ നാട് ഭരിക്കുന്നത്, പോലീസ് അവരുടെ കയ്യിലാണല്ലോ. മുഖ്യമന്ത്രി അവരുടെ ആളാണല്ലോ. അപ്പോള്‍ അവര്‍ക്കാണ് പ്രതിപക്ഷത്തേക്കാള്‍ ഉത്തരവാദിത്തം കൂടുക. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് അവരാണ്. ദിവ്യയെ സ്ഥാനത്തു നിന്ന് നീക്കിയത് നല്ല കാര്യമാണ്, കേസ് വരുന്നുണ്ട്. ന്യായമായ രീതിയില്‍ ആ കേസ് ഫ്രെയിം ചെയ്യും, എഫ്‌ഐആര്‍ ഇടും എന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും അത് പ്രതിഫലിക്കും. തെരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയാകുമെന്ന പരിഭ്രമം സിപിഎമ്മിന് ഉണ്ടാകുകയും ചെയ്യും. ധിക്കാരമാണ് അതില്‍ അടിസ്ഥാനപരമായ കാര്യം. പി പി ദിവ്യയുടെ ശരീരഭാഷ, അവരുടെ വര്‍ത്തമാനം, അവരുടെ രീതി എല്ലാം ഒരു ധിക്കാരിയുടേതാണ്. ജില്ലാ കളക്ടറുടേത് ഒരു നിസഹായന്റേതാണ്.

സി.ആര്‍.നീലകണ്ഠൻ

ദിവ്യക്കെതിരെ സിപിഎം നടപടിയെടുക്കാന്‍ കാരണം മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണെന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ദിവ്യക്കെതിരായ സ്വീകരിച്ചത് നല്ല നടപടിയാണ്. മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടിയെടുത്തിട്ടുള്ള ഒരു നിലപാടും ഇപ്പോഴത്തെ നിലപാടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസത്തിന് ഒരേയൊരു കാരണം മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ഉടനെ നടക്കാന്‍ പോകുന്നു എന്നുള്ളതാണ് എന്ന് നമുക്ക് മനസിലാക്കാമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിഎം വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരിക്കുന്നു. അവരെ പാര്‍ട്ടി ശാസിച്ചിരിക്കുന്നു. ആ പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന കാര്യങ്ങളൊക്കെ ശരിയാണ്. സ്വാഭാവികമായും അത് നല്ല നടപടിയുമാണ്. സംശയമില്ല. പക്ഷേ അത് പാര്‍ട്ടിയുടെ ധാര്‍മികതയുമായി ചോദ്യം ചെയ്യുമ്പോള്‍ ഇത് ആദ്യത്തെ സംഭവമാണ് എന്ന് പറയാന്‍ പറ്റില്ല. ഇതിന് മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടിയെടുത്തിട്ടുള്ള ഒരു നിലപാടും ഇപ്പോഴത്തെ നിലപാടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസത്തിന് ഒരേയൊരു കാരണം മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ഉടനെ നടക്കാന്‍ പോകുന്നു എന്നുള്ളതാണ് എന്ന് നമുക്ക് മനസിലാക്കാം. ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ എന്ന് പറയാവുന്ന തരത്തില്‍ അത് ഇടതുപക്ഷത്തുള്ളവരും മറു പക്ഷത്തുള്ളവരും സ്വതന്ത്ര നിലപാടുള്ളവരുമൊക്കെ അങ്ങേയറ്റം അപലപിച്ച ഒരു വിഷയമാണ്. അതുകൊണ്ട് ഇതൊരു തെരഞ്ഞെടുപ്പ് വിഷയമായി വരരുത് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്, അല്ലാതെ ധാര്‍മികതയുടെ പുറത്താണെന്ന് പറയാന്‍ പറ്റില്ല.

ഇതിന് മുന്‍പ് നമുക്ക് ഓര്‍മയുണ്ട്, തിരുവനന്തപുരത്ത് മേയറുമായി ബന്ധപ്പെട്ട രണ്ട് പ്രശ്‌നങ്ങള്‍. മേയര്‍ ഒരു കത്ത് ആനാവൂര്‍ നാഗപ്പനെന്ന പാര്‍ട്ടി സെക്രട്ടറിക്ക് കൊടുത്തത് പുറത്തു വന്നു. അതിന്റെ അന്വേഷണം വെറുതെ പറഞ്ഞുവെന്നല്ലാതെ ഇതുവരെ എന്തെങ്കിലും നടപടിയുണ്ടായോ? ആരാണ് ആ കത്തെഴുതിയത്, വളരെ ഗുരുതരമായ വിഷയമാണ് ജോലിക്ക് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് കൊടുക്കുന്നത്. അതുപോലെ തന്നെ. യദു, കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട് വലിയ അന്വേഷണം നടന്നുവെന്നാണ് പറയുന്നത്. മേയറും മേയറുടെ ഭര്‍ത്താവ് എംഎല്‍എ വിജിനും ഉണ്ട്. ആ കേസിലും ഇതുവരെ എന്തെങ്കിലും തീരുമാനം ആയതായി നമുക്ക് അറിയില്ല. ക്ലിപ്പ് കിട്ടിയില്ല, വീഡിയോ കിട്ടിയില്ല എന്നൊക്കെയാണ് പറയുന്നത്. എന്തായാലും നമുക്ക് നമുക്ക് അറിയില്ല. ആ പാവം യദുവിന്റെ ജോലി പോയി. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, ഇതാണോ അയാള്‍ക്കുള്ള ശിക്ഷ എന്ന ചോദ്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ സാജന്‍ എന്ന വ്യവസായി. ആന്തൂര്‍ നഗരസഭയില്‍ ഇതുപോലെ ആത്മഹത്യ ചെയ്തു. അന്നും അന്നത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആണ് പ്രതി, അല്ലെങ്കില്‍ പാര്‍ട്ടിയടക്കമാണ് പ്രതിയെന്ന് പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥന്‍ വയനാട്ടില്‍ കോളേജില്‍ വളരെ മൃഗീയമായി ആക്രമിക്കപ്പെട്ട് കൊലചെയ്യപ്പെട്ടു. ആ കേസിന്റെ അന്വേഷണവും ഇപ്പോള്‍ എവിടെയെത്തി എന്ന് നമുക്ക് അറിയില്ല. കേസെടുത്തു എന്നതുകൊണ്ട് കേസ് മുന്നോട്ടു പോകണം എന്നില്ല. പല എഫ്‌ഐആറുകളും എഫ്‌ഐആര്‍ മാത്രമായി കിടക്കുകയും പോലീസ് അധികാരികള്‍ക്ക് അല്ലെങ്കില്‍ പോലീസിനെ നയിക്കുന്നവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ആ കേസ് മുന്നോട്ടു പോവില്ല.

പി പി ദിവ്യക്ക് രാജിവെക്കാതെ വേറെ ഒരു വഴിയുമില്ല. ഇപ്പോ ദിവ്യ രാജിവെച്ചില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ അവരുടെ സ്വന്തം വോട്ടിന്റെ പകുതിയെങ്കിലും നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇപ്പോ പറഞ്ഞു നില്‍ക്കാന്‍ കഴിയുന്ന ഒരു കാര്യമാണ്. ഇത് പറയുമ്പോഴും ഇദ്ദേഹത്തിന് എതിരെ ഇവര്‍ ഉന്നയിച്ച ആരോപണമുണ്ട്. അത് ആത്മഹത്യാ പ്രേരണ എന്ന ഒരു വിഷയം മാത്രമല്ല. ഒരു അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അഴിമതി നടന്നുവെന്ന് പി പി ദിവ്യ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അറിയാം. അവര്‍ അത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു. ഇതുപോലെ ഒരു പൊതുവേദിയില്‍ വന്ന് സംസാരിക്കുകയാണോ ചെയ്തത്. പ്രശാന്തന്‍ എന്നു പറയുന്നയാള്‍ക്ക് ഈ പണം എവിടെനിന്നാണ് കിട്ടിയത്. ആരാണ് അയാള്‍ക്കു വേണ്ടി പണം മുടക്കുന്നത്. ഒരു പെട്രോള്‍ പമ്പിന് രണ്ട് കോടി രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്, എനിക്ക് അറിയില്ല. ആരാണ് ഇയാള്‍ക്കു വേണ്ടി പണം മുടക്കുന്നത് എന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. കാരണം ആ ചോദ്യം യഥാര്‍ത്ഥത്തില്‍ ദിവ്യയിലേക്കോ അതോ ദിവ്യക്കപ്പുറത്തേക്കോ കടന്നു പോയേക്കാം. അവിടെയാണ് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്ക് പലരൂപത്തിലുള്ള ഇന്‍വെസ്റ്റ്‌മെന്റുകള്‍ ഉണ്ടെന്ന് പറയുന്നത്. ഇതില്‍ കൈക്കൂലി കൊടുത്തയാള്‍ക്ക് എകെജി സെന്ററുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. ഇതു മുഴുവന്‍ അന്വേഷിച്ചാല്‍ മാത്രമേ കൃത്യമായ ഉത്തരം കിട്ടൂ. പക്ഷേ ഇതൊന്നും അന്വേഷിക്കുന്ന ഒരു സാധ്യതയുമില്ല.

പ്രതിപക്ഷവും മാധ്യമങ്ങളും വലിയ തോതില്‍ ഇടപെട്ടതുകൊണ്ടാണല്ലോ ഇത് വിഷയമായത്. അല്ലെങ്കില്‍ ഒരു നവീന്‍ ബാബു ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയില്‍ അവസാനിക്കേണ്ടതാണ്. വലിയ തോതിലുള്ള സാമൂഹ്യ ഇടപെടലുണ്ടെങ്കിലേ നീതി ഏതെങ്കിലും ഭാഗത്ത് ചലിക്കൂ എന്ന് വരുന്നത്. ധാര്‍ഷ്ട്യം വലിയ തോതില്‍ ഉണ്ട് എന്നതും സിപിഎമ്മിനെ സംബന്ധിച്ച് വളരെ വലിയ വിശകലനം ആവശ്യമുള്ള സംഗതിയാണ്. അവരുടെ ഓരോ ആളുകളും, ധാര്‍ഷ്ട്യമെന്ന് പറയുമ്പോ മുഖ്യമന്ത്രിയെ നമുക്ക് അറിയാം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് കേരളത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും പരാതിയുണ്ട്. അതുപോലെ ഈ ധാര്‍ഷ്ട്യമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ സ്വഭാവമാണ്. അത് കൊലപാതകത്തിലേക്കും മറ്റു ഹിംസകളിലേക്കുമൊക്കെ നയിക്കുന്ന തരത്തിലുള്ള ഒരു ധാര്‍ഷ്ട്യമാണ്. ഈ വിഷയത്തില്‍ തന്നെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഏറ്റവുമാദ്യം കൊടുത്ത പ്രതികരണം നമ്മള്‍ കണ്ടതാണ്. അത് അഴിമതിയുള്ളതാണ്, അത് അവിടെ പോയി പറഞ്ഞത് മാത്രം ശരിയായില്ല എന്ന് മാത്രമേയുള്ളു. അതായത് അഴിമതി നടന്നിട്ടുണ്ട് എന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുകയാണ്. അവിടെപ്പോലും ആദ്യ പ്രതികരണമടക്കം, അവിടുത്തെ എല്ലാ കാര്യങ്ങളും അറിയാവുന്നവരാണ് അവിടെ നില്‍ക്കുന്നത്. എന്നിട്ടു പോലും ഇവരുടെ ധാര്‍ഷ്ട്യത്തില്‍ എന്തെങ്കിലും കുറവുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. അത് തെളിയിക്കണമെങ്കില്‍ ഈ വിഷയത്തില്‍ കൃത്യമായി അന്വേഷണം നടത്തി, നേരത്തേ പറഞ്ഞ കേസുകളില്‍ നിന്ന് വ്യത്യസ്തമായി അന്വേഷണം നടത്തി ക്രിമിനല്‍ കേസെടുത്ത് ഇവരെ ശിക്ഷിക്കുമോ എന്നതാണ് ചോദ്യം. അതില്ലയെങ്കില്‍ തല്‍ക്കാലം കണ്ണില്‍ പൊടിയിടുന്ന സമീപനമായേ ജനങ്ങള്‍ ഇതിനെ കാണൂ. മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്. അതുകൊണ്ട് ആ തിരുത്തല്‍ പാര്‍ട്ടി വരുത്തുമോ, ഗവണ്‍മെന്റ് വരുത്തുമോ എന്നുള്ളതാണ് ധാര്‍മികത തെളിയിക്കാനുള്ള ഒരു ഉരകല്ല്. അതില്ലെങ്കില്‍ ഇത് വെറും പുകമറ മാത്രമാണ്.

എം.സ്വരാജ്

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നോ എന്നോണോ പാര്‍ട്ടിയെടുത്ത നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വിമര്‍ശിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു സിപിഎം നേതാവ് എം.സ്വരാജ് പ്രതികരിച്ചത്. പാര്‍ട്ടിയുടെ നിലപാട് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നു എന്നോണോ പാര്‍ട്ടിയെടുത്ത നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വിമര്‍ശിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു സിപിഎം നേതാവ് എം.സ്വരാജ് പ്രതികരിച്ചത്. പാര്‍ട്ടിയുടെ നിലപാട് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വരാജിന്റെ വാക്കുകള്‍

പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ഉദ്ദേശിക്കുന്നത് നടപടി ഇലക്ഷന്‍ കഴിഞ്ഞിട്ട് മതിയെന്നാണോ? അക്കാര്യം വിശദീകരിക്കട്ടെ. ഇപ്പോ ഇലക്ഷന്‍ പ്രഖ്യാപിച്ചത് നമ്മളാരുമല്ലല്ലോ, സ്വാഭാവികമായിട്ട് വന്നതല്ലേ? ഇപ്പോ ഉണ്ടായ ഒരു സംഭവത്തില്‍ ഉണ്ടായ നടപടി ഇലക്ഷന്‍ പ്രമാണിച്ചാണെന്ന് പറയുന്നുണ്ടെങ്കില്‍ ഇത്തരം നടപടികളെല്ലാം ഇലക്ഷന്‍ കഴിഞ്ഞിട്ട് മതിയെന്നാണോ എന്നാണ് പ്രതിപക്ഷനേതാവ് അടക്കം വിശദമാക്കേണ്ടത്. ഈ വിഷയത്തില്‍ പാര്‍ട്ടി ആര്‍ക്കൊപ്പമാണെന്നതും പാര്‍ട്ടി നിലപാടും സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഇതിനോടകം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT