Politics

വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്‍മാര്‍ കുടുങ്ങും; പി.വി.അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് കെ.ടി.ജലീല്‍

വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്‍മാര്‍ കുടുങ്ങും, സംശയം വേണ്ടെന്ന് കെ.ടി.ജലീല്‍. ഫെയിസ്ബുക്ക് കുറിപ്പിലാണ് പി.വി.അന്‍വറിന് പിന്തുണയുമായി ജലീല്‍ രംഗത്തെത്തിയത്. ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ. എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടും. ഒരിറ്റുദയപോലും അര്‍ഹിക്കാത്ത പോലീസ് പ്രമുഖ് മാര്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകള്‍ക്ക് ജീവനുള്ള കാലമാണിതെന്നും 'ദൈവത്തിന്റെ കണ്ണുകള്‍ 'എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ടെന്നും ജലീല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ഏതാനും ദിവസമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്‍വര്‍ എഴുതി നല്‍കിയിരുന്നു. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ താന്‍ കീഴടങ്ങൂ എന്നും അന്‍വര്‍ പറഞ്ഞിരുന്നു.

കെ.ടി.ജലീലിന്റെ പോസ്റ്റിലെ വാചകങ്ങള്‍

ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!

വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് "പ്രമുഖ്മാർ" തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്."ദൈവത്തിൻ്റെ കണ്ണുകൾ"എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ "ഗുണം" കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത "തൃശൂർപൂരം".

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT