Politics

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ സോഷ്യല്‍ മീഡിയ ചുമതലയുണ്ടായിരുന്ന ഡോ.പി.സരിന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് പാര്‍ട്ടിക്ക് പുറത്തേക്ക് പോയിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിന്‍ പാര്‍ട്ടിയുമായി തെറ്റിയത്. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയും തന്റെ രാഷ്ട്രീയ ഭാവി എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സരിന്‍. പാലക്കാട് മണ്ഡലത്തിലേക്ക് തന്റെ പേര് പരിഗണിക്കാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരിഗണിച്ചതാണ് സരിന്റെ പിണക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേതൃത്വത്തെ, പ്രത്യേകിച്ച് പ്രതിപക്ഷനേതാവിനെയും പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെയും പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടാണ് സരിന്‍ പുറത്തേക്ക് പോകുന്നത്. അതേസമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ളവരോട് മൃദു സമീപനമാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചതിന് ശേഷം അതിന്റെ അധ്യക്ഷ പദവിയില്‍ എത്തുന്ന ആദ്യത്തെയാള്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയായിരുന്നു. അനില്‍ ആന്റണി ആ പദവിയില്‍ ഇരിക്കെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഡോ.പി.സരിനും പുറത്തേക്ക് പോകുന്നു.

2019ലാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ആരംഭിക്കുന്നത്. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് അനില്‍ ആന്റണിയെ നിയോഗിച്ചു. പി.സരിന്‍, വിജയ് ഹരി, പി.എസ് പ്രശാന്ത് തുടങ്ങിയവര്‍ ഇതില്‍ അംഗങ്ങളായിരുന്നു. ഗള്‍ഫിലും യൂറോപ്പിലും അടക്കം 10000 വോളന്റിയര്‍മാരുമായാണ് സോഷ്യല്‍ മീഡിയ ലോകത്തേക്ക് കെപിസിസി കാലെടുത്തു വെച്ചത്. 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പു കാലത്ത് അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നുവെന്ന അഭിപ്രായത്തിലാണ് അനില്‍ ആന്റണിയെ ഈ പദവിയിലേക്ക് നിയോഗിച്ചത്. എന്നാല്‍ അതേ പദവിയില്‍ ഇരുന്നുകൊണ്ട് തന്നെ ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ പരസ്യമായി അനില്‍ ബിജെപി അനുകൂല നിലപാടുകള്‍ പറഞ്ഞു. എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം കൂടിയുണ്ടായിരുന്ന അനില്‍ ആന്റണി വിവാദത്തിനൊടുവില്‍ രാജി വെക്കുകയും പിന്നീട് ബിജെപിയില്‍ ചേക്കേറുകയും ചെയ്തു.

ഡോ.സരിനാണ് പിന്നീട് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷനായത്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, ഡോക്ടര്‍, പ്രൊഫഷണല്‍ തുടങ്ങിയ വിശേഷണങ്ങളുമായാണ് സരിന്റെ വരവ്. 2021ല്‍ ഒറ്റപ്പാലത്ത് മത്സരിച്ച് പരാജയപ്പെട്ട സരിന്‍ തിരുവില്വാമല സ്വദേശിയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രത്യക്ഷ ശത്രുവായ സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്തിക്കൊണ്ടിരുന്ന സരിന്‍ പെട്ടെന്നാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. സരിന്‍ പോകുമ്പോള്‍ തുടര്‍ച്ചയായി രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നത്.

പ്രതിപക്ഷ നേതാവിനെയാണ് ഇക്കാര്യത്തില്‍ സരിന്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന സമീപനമാണ് സതീശന്റെയെന്ന് സരിന്‍ പറയുന്നു. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ദൗര്‍ബല്യമാക്കിയതിനും ചില കോക്കസുകളിലേക്ക് ഒതുക്കിയതിനും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വി.ഡി.സതീശനാണ്. 'ഐ ആം ദി പാര്‍ട്ടി' എന്ന രീതിയിലേക്ക് രാഷ്ട്രീയത്തെ മാറ്റിയെടുക്കാന്‍ സതീശന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തിന് കാരണം വി.ഡി.സതീശനാണെന്നും പാര്‍ട്ടിയുടെ ജനാധിപത്യ സംസ്‌കാരത്തെയും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെയും സതീശന്‍ തകര്‍ത്തുവെന്നുംപി.സരിന്‍ കുറ്റപ്പെടുത്തി. പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വി.ഡി.സതീശന്‍ നടത്തിയ അട്ടിമറി ശ്രമമാണെന്നായിരുന്നു മറ്റൊരു ആരോപണം.

സരിന്റെ വാക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയാണ് തോല്‍പിക്കപ്പെടേണ്ടതെന്ന് എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനം പരിശോധിക്കപ്പെടണം. ആ സ്ഥാനാര്‍ത്ഥി തോല്‍പിക്കപ്പെടണം എന്ന് തീരുമാനിക്കുന്നതില്‍ തെറ്റില്ല. സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കേണ്ടത് ബിജെപി ഏതു നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെക്കൊണ്ടു തന്നെയാവണമെന്ന് തീരുമാനിക്കുമ്പോള്‍, ഞാന്‍ നേരത്തേ സൂചിപ്പിച്ചില്ലേ കേരളത്തില്‍ ബിജെപിയോട് ഒരു മൃദു സമീപനമായാലും തോല്‍പിക്കപ്പെടേണ്ടത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് ആവര്‍ത്തിച്ചു പറയുമ്പോള്‍ ആ വികാരത്തിന്റെ പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത് ഏറ്റെടുക്കുമെന്ന് അറിയാവുന്ന, പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം നടത്തിയ അട്ടിമറി നീക്കം തന്നെയാണ് ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചിരിക്കുന്നത് പോലും.

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓ‍ർഗനൈസേഷന്‍ യുഎഇ ട്രേഡ് കമ്മീഷണറായി അഡ്വ.സുധീർബാബു

SCROLL FOR NEXT