1. 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന കോണ്‍ഗ്രസ് പ്രചാരണമാണ് വിജയം കണ്ടത്. ഭരണവിരുദ്ധ വികാരം ബിജെപിയെ തകര്‍ത്തു. നിഷ്‌ക്രിയ സര്‍ക്കാര്‍ എന്ന പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തു.
2. കോണ്‍ഗ്രസിന് 57 സീറ്റ് അധികം നേടാന്‍ കഴിഞ്ഞത് 5% വോട്ട് കൂടുതല്‍ നേടിക്കൊണ്ടാണ്. ബിജെപിയുടെ വോട്ട് ഷെയറില്‍ വലിയ മാറ്റം ഇല്ലാതെ, ജെ.ഡി.എസിനെ ക്ഷയിപ്പിച്ചാണ് കോണ്‍ഗ്രസ് വളര്‍ന്നത്. വൊക്കലിംഗ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണു.
3. ജഗദീഷ് ഷട്ടര്‍ തോറ്റു എങ്കിലും ലിംഗായത് വോട്ടുബാങ്ക് ബിജെപിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സ്ഥിതി മാറി. അവസാനഘട്ടത്തില്‍ ലിംഗായത് സമിതി നല്‍കിയ പിന്തുണ നിര്‍ണായകമായി.
4. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ബജരംഗ് ബലി ഉയര്‍ത്തി നരേന്ദ്രമോഡി നടത്തിയ പ്രചാരണം വിലപ്പോയില്ല. അവസാന ഘട്ടങ്ങളില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയത് ധ്രുവീകരണത്തിനാണ് എന്ന പ്രതീതി സൃഷ്ടിച്ചു. ഹനുമാന്‍ ക്ഷേത്രം പ്രഖ്യാപിച്ച് ഡി. കെ ശിവകുമാര്‍ അതിനെ പ്രതിരോധിച്ചു.
5. കടുത്ത പ്രാദേശിക സ്വത്വബോധമുള്ള കര്‍ണാടകയില്‍ നരേന്ദ്രമോഡി എന്ന ഉത്തരേന്ത്യക്കാരനെ കൊണ്ടുവന്ന് ബിജെപി നടത്തിയ പ്രചാരണം ഏശിയില്ല. എനിക്കൊരു വോട്ട് എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനം കര്‍ണാടകയുടെ പ്രാദേശിക സാഹചര്യത്തില്‍ വിലപ്പോയില്ല.
6. ബജരംഗ് ദളിനെ നിരോധിക്കും എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ബിജെപി വലിയതോതില്‍ ആളിക്കത്തിച്ചെങ്കിലും മുസ്ലിം വോട്ട് ബാങ്കില്‍ അത് ചലനം ഉണ്ടാക്കി. 13% ത്തോളം വരുന്ന മുസ്ലിം വോട്ട് ബാങ്ക് ജെഡിഎസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഷിഫ്റ്റ് ചെയ്തു.
7. കോണ്‍ഗ്രസിന്റെ വികസന കേന്ദ്രീകൃതമായ പ്രകടനപത്രിക ഗ്രാമീണ മേഖലയില്‍ സ്വാധീനം ഉണ്ടാക്കി. സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന, യുവാക്കള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്ന വാഗ്ദാനങ്ങള്‍ നേട്ടമായി.
8. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ബിജെപിയെ തോല്‍പ്പിക്കുക എന്ന ഏക അജണ്ടയിലേക്ക് കേന്ദ്രീകരിച്ച്, ഡികെ ശിവ കുമാറും സിദ്ധരാമയയും ഐക്യത്തോടെ പ്രവര്‍ത്തിച്ചത് പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു.
9. തെരഞ്ഞെടുപ്പിന് ഏറെ മുമ്പേ തന്നെ രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് സംഘടനാപരമായി ഉണര്‍വ്വായി. രാഹുല്‍ വന്ന മണ്ഡലങ്ങളില്‍ വിജയനിരക്ക് 73% ആണ്. നരേന്ദ്രമോഡി വന്ന മണ്ഡലങ്ങളിലെ വിജയനിരക്ക് 45% മാത്രവും.
10. മികച്ച പ്രാദേശിക നേതാക്കളുടെ അഭാവം ബിജെപിക്ക് വിനയായി. ബസവരാജ ബൊമ്മ ഒരു തരത്തിലും യെദ്യൂരപ്പയ്ക്ക് പകരക്കാരനായില്ല. കെ എസ് ഈശ്വരപ്പാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടതും പ്രതിബന്ധമായി. ഷട്ടാറും സാവദും പോയത് ബിജെപിക്ക് മോശം പ്രതിച്ഛായ സൃഷ്ടിച്ചു.