Politics

മദ്രാസില്‍ നിന്നും പാണക്കാട്ടേക്ക്; 75ാം വയസ്സിലേക്കെത്തുമ്പോള്‍ ലീഗ് രാഷ്ട്രീയത്തിന് സംഭവിക്കുന്നത്

75ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അധികാരം കൂടുതല്‍ കൂടുതല്‍ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്ന വിമര്‍ശനം ഉയരുകയാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കി. ഉന്നതതല യോഗത്തിന് മുമ്പായി ചേര്‍ന്ന പാണക്കാട് കൊടപ്പനക്കല്‍ കുടുംബ യോഗം സാദിഖലി ശിഹാബ് തങ്ങളെ പുതിയ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചു. പിന്നീട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗവും ഉമര്‍ അലി തങ്ങളുടെ മകനുമായ റഷീദലി ശിഹാബ് തങ്ങള്‍ സാദിഖലി തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചു.

പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നതിന് മുമ്പായി കുടുംബയോഗം നടത്തി പ്രസിഡന്റിനെ തീരുമാനിക്കുന്ന പതിവ് മുസ്ലിംലീഗിനുണ്ടായിരുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മദ്രാസില്‍ പിറന്ന് കേരളത്തിലും ബംഗാളിലും പടരാന്‍ ശ്രമിച്ച മുസ്ലിം ലീഗിന് വേരാഴ്ത്താനായത് മലബാറിലാണ്. മലബാറിലേക്ക് ചുരുങ്ങിയതിനൊപ്പം കടിഞ്ഞാണ്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടുകാരുടെ കൈകളിലേക്ക് മാറി. ആദ്യ കാലത്ത് തലശ്ശേരിയും കൊയിലാണ്ടിയും പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നങ്കെില്‍ പതിയ അത് മലപ്പുറത്തേക്ക് മാറി. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതിയിലെ അന്തിമവാക്ക് പോലും പാണക്കാട്ടേതായി.

മുഹമ്മദലി ശിഹാബ് തങ്ങള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പിറവി

മുഹമ്മദലി ജിന്ന നേതൃത്വം നല്‍കി അഖിലേന്ത്യ മുസ്ലിംലീഗ് 1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ യോഗം ചേര്‍ന്ന് പിരിച്ചുവിട്ടു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ചുമതല മുഹമ്മദ് ഇസ്മയില്‍ സാഹിബിനായിരുന്നു. 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലെ രാജാജി ഹാളില്‍ മുഹമ്മദ് ഇസ്മ യില്‍ സാഹിബ് യോഗം വിളിച്ച് ചേര്‍ത്തു. ഇതിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പിറവി. മുഹമ്മദ് ഇസ്മയില്‍ ആയിരുന്നു ആദ്യ പ്രസിഡന്റ്. മെഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയായി.

1952 ലെ ആദ്യ പാര്‍ലമെന്റ് മുതല്‍ മുസ്ലിം ലീഗിന് പ്രാതിനിധ്യമുണ്ട്. മലപ്പുറം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.പോക്കറായിരുന്നു ആദ്യ അംഗം. രണ്ടാമത്തെ തെരഞ്ഞെടുപ്പിലും ബി.പോക്കര്‍ മഞ്ചേരിയില്‍ നിന്നും വിജയിച്ചു. മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ രണ്ടംഗങ്ങള്‍ മുസ്ലിംലീഗിനുണ്ടായി. കോഴിക്കോട് നിന്നും സി.എച്ച് മുഹമ്മദ് കോയയും മഞ്ചേരിയില്‍ നിന്ന് മുഹമ്മദ് ഇസ്മയിലും. രാമനാഥപുരത്ത് നിന്നുള്ള എസ്.എം മുഹമ്മദ് ശരീഥ് ആയിരുന്നു കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യപ്രതിനിധി. നാലാം ലോകസഭയിലായിരുന്നു ഇത്. അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ മഞ്ചേരിക്കും കോഴിക്കോടിനുമൊപ്പം തമിഴ്‌നാട്ടിലെ പെരിയാകുളം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളിലും മുസ്ലിം ലീഗ് വിജയിച്ചു. നിലവിലെ ലോക്‌സഭയില്‍ മൂന്നംഗങ്ങള്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ രണ്ട് സീറ്റിന് പുറമേ തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലവത്തിലും ലീഗാണ് വിജയിച്ചത്. 1952 മുതല്‍ രാജ്യസഭയിലും മുസ്ലിം ലീഗുണ്ട്. 1980ന് ശേഷം കേരളത്തില്‍ നിന്നുള്ള പ്രതിനിധി മാത്രമാണുള്ളത്. അതുവരെ തമിഴ്‌നാട്ടില്‍ നിന്നും അംഗമുണ്ടായിരുന്നു.

മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍

പ്രസിഡന്റ് സ്ഥാനം കൊടപ്പനക്കലിലേക്ക് കൊണ്ടുവന്ന സി.എച്ച്

അഖിലേന്ത്യ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മലയാളികളില്‍ കൂടുതലും മലബാറില്‍ നിന്നുള്ളവരായിരുന്നു. തലശ്ശേരിക്കാരനായ ബി.പോക്കര്‍ സാഹിബായിരുന്നു ഇതില്‍ പ്രമുഖന്‍. 1930ല്‍ നിയമസഭാംഗമായിരുന്നു. മദ്രാസ് നിയമസഭയിലേക്ക് 1923ല്‍ കെ.ഉപ്പിസാഹിബും ടി.എം മൊയ്തുവും മത്സരിച്ച് ജയിച്ചു. ഉപ്പി മദ്രാസ് അസംബ്ലിയിലേക്ക് 1926ലേക്കും 1930ല്‍ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കൊടുങ്ങല്ലൂര്‍ക്കാരനായ കെ.എം സീതി സാഹിബും കൊയിലാണ്ടിക്കാരനായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുമാണ് കേരളത്തില്‍ ലീഗ് രാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നാണ് കെ.എം സീതിസാഹിബ് മുസ്ലിം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1952ലെ പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ നയിച്ചത് ബാഫഖി തങ്ങളായിരുന്നു. അഞ്ച് അംഗങ്ങള്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്നപ്പോള്‍ മുസ്ലീംലീഗ് കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണച്ചു.

സി.എച്ച് മുഹമ്മദ് കോയ

കേരളം രൂപീകരിച്ചപ്പോള്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും കെ.എം സീതി സാഹിബ് ജനറല്‍ സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. മലബാറില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

1957ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനും മുന്നില്‍ നിന്നത് ബാഫഖി തങ്ങളാണ്. എട്ട് പേര്‍ വിജയിച്ചു. ഇ.എം.എസ് സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരത്തിലും മുസ്ലിം ലീഗ് മുന്നില്‍ നിന്നു.

ഇതിനിടെ ലീഗില്‍ ഭിന്നിപ്പുണ്ടായി. 1974ലായിരുന്നു മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പ് നടന്നത്. 1961ലെ പിളര്‍പ്പ് പാര്‍ട്ടിയെ കാര്യമായി ബാധിച്ചിരുന്നില്ല. സി.എച്ച് മുഹമ്മദ് കോയയ്ക്ക് പാര്‍ട്ടിയില്‍ അമിത പ്രാധാന്യം ലഭിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഒരുവിഭാഗം 1974ല്‍ പാര്‍ട്ടി പിളര്‍ത്തിയത്. പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയയും ഒരു ഭാഗത്ത്. എം.കെ ഹാജി, സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍, ബാവാ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍, ചെറിയ മമ്മുക്കോയി, പി.എം അബൂബക്കര്‍ എന്നിവര്‍ മറുഭാഗത്തും. മുഹമ്മദ് ഇസ്മയില്‍ മരിച്ചപ്പോള്‍ മഞ്ചേരി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും സി.എച്ച് മുഹമ്മദ് കോയയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം നിര്‍ദേശിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ ദേശീയ രാഷ്ട്രീയത്തിലേക്ക് അയച്ച് ഒതുക്കാനാണ് നീക്കമെന്ന് സംശയമുയര്‍ന്നു. സി.എച്ച് ഒഴിഞ്ഞ പദവിയിലേക്ക് ആരെന്ന് തീരുമാനിക്കാന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ ചുമതലപ്പെടുത്തി.

തീരുമാനമെടുക്കാതെ ഹജ്ജിന് പോയ ബാഫഖി തങ്ങള്‍ 1973 ജനുവരി 19ന് മക്കയില്‍ വെച്ച് മരിച്ചു. ഇതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ബാഫഖി തങ്ങളുടെ കൊയിലാണ്ടിയില്‍ നിന്നും പാണക്കാട്ടേക്കെത്തിച്ചു സി.എച്ച് മുഹമ്മദ് കോയ. ബാഫഖി തങ്ങളുടെ കുടുംബത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നതാണ് പാണക്കാട് കുടുംബത്തിലേക്ക് പ്രസിഡന്റ് സ്ഥാനം എത്തിയതിനുള്ള വാദം. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) ആ കുടുംബത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റായി.

മന്ത്രി സ്ഥാനം തീരുമാനിക്കാനുള്ള അധികാരം പൂക്കോയ തങ്ങളിലായി. ചാക്കീരി അഹമ്മദ്കുട്ടിയെ മന്ത്രി സ്ഥാനത്തേക്കും അബ്ദുള്ളക്കുട്ടി കുരുക്കളെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനും നിര്‍ദേശിച്ചു. ഭിന്നത രൂക്ഷമായി. മുസ്ലിം ലീഗ് പിളര്‍ന്നു.

മുസ്ലിം ലീഗിന്റെ ഏറനാട് താലൂക്ക് പ്രസിഡന്റായിട്ടായിരുന്നു പൂക്കോയ തങ്ങളുടെ തുടക്കം. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മലപ്പുറം രൂപീകരിച്ചതിന് ശേഷം പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായി. ബാഫഖി തങ്ങളുടെ മരണത്തെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. പൂക്കോയ തങ്ങള്‍ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ആത്മീയ നേതാവായിരുന്നു. സുന്നികള്‍ക്കിടയില്‍ സ്വാധീനമുള്ള കുടുംബമായിരുന്നു പാണക്കാട്ടേത്. പ്രവാചക കുടുംബത്തിന്റെ പരമ്പരയ്ക്ക് സുന്നികള്‍ക്കിടയില്‍ ലഭിക്കുന്ന പ്രാധാന്യം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കും ഗുണം ചെയ്തു.

1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ മരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ പിന്‍ഗാമിയായി. 1975 സെപ്റ്റംബര്‍ 1 ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് 39 വയസ്സായിരുന്നു. പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെയുള്ള വ്യക്തി ലീഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ മാത്രമേ നേതൃത്വത്തിന് മുകളിലുള്ള ആധിപത്യം നിലനിര്‍ത്താനാകുകയുള്ളുവെന്ന കണക്കുകൂട്ടലിലായിരുന്നു സി.എച്ച് മുഹമ്മദ് കോയ. യോഗത്തില്‍ അദ്ദേഹം തന്നെ നാമനിര്‍ദ്ദേശം ചെയ്ത് വീണ്ടും പാണക്കാട് കുടുംബാംഗത്തിനെ പ്രസിഡന്റാക്കി. 34 വര്‍ഷം മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ആ സ്ഥാനത്ത്. ആത്മീയ നേതാവും എഴുത്തുകാരനും കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍.

2009 ഓഗസ്ത് ഒന്നിനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം. പിന്നാലെ സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി. 18 വര്‍ഷം മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. ഫൈസി ബിരുദം നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസിയായിരുന്നു. മതപണ്ഡിതന്‍ എന്ന നിലയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയില്‍ പ്രധാന്യം ലഭിച്ചത്.

അടുത്ത തലമുറയിലേക്കും അധികാരം

പൂക്കോയ തങ്ങള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു. അതില്‍ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും ആദ്യഭാര്യയുടെ മക്കളാണ്. നിലവിലെ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, കുഞ്ഞിബീവി എന്നിവരാണ് മറ്റ് മക്കള്‍.

ഹൈദരലി ശിഹാബ് തങ്ങളും മുഈനലി ശിഹാബ് തങ്ങളും

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‌റ് സ്ഥാനത്ത് മാത്രമല്ല മലപ്പുറം ജില്ലാ അധ്യക്ഷ പദവി, മണ്ഡലം പ്രസിഡന്റ്, മുനിസിപ്പല്‍ പ്രസിഡന്റ് പദവി എന്നിവയും ഇപ്പോള്‍ പാണക്കാട് തങ്ങള്‍മാര്‍ക്കാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാണക്കാട് കുടുംബത്തിന്റെ കൈകളിലേക്ക് മാറുകയാണെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്. ആ പദവിയിലും ഇപ്പോളുള്ളത് മുനവറലി ശിഹാബ് തങ്ങളാണ്. അദ്ദേഹം സ്ഥാനം ഒഴിയുമ്പോള്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ ആ പദവിയിലെത്താനാണ് സാധ്യത. ഹൈദരി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ പേരും ഉയര്‍ന്നേക്കും. നേരത്തെ പി.കെ.കെ ബാവ, എം.കെ മുനീര്‍, കെ.എം.ഷാജി, പി.എം സാദിഖലി എന്നിവര്‍ യൂത്ത് ലീഗ് പ്രസിഡന്റുമാരായിട്ടുണ്ട്. 2000 മുതല്‍ 2007 വരെ സാദിഖലി ശിഹാബ് തങ്ങളും പ്രസിഡന്റായിരുന്നു.

മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആള്‍ അടുത്ത സംസ്ഥാന പ്രസിഡന്റാകുമെന്ന കീഴ് വഴക്കമാണ് ലീഗിലുള്ളത്. അത് കൊണ്ട് ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നത് നിര്‍ണായകമാണ്.

മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവറലി തങ്ങളുടെയും സാദിഖലി തങ്ങളുടെ സഹോദരനും മണ്ഡലം പ്രസിഡന്റുമായ അബ്ബാസലി തങ്ങളുടെയും ഉമറലി തങ്ങളുടെ മകനും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ റഷീദലി ശിഹാബ് തങ്ങളുടെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയരുന്നത്. സഹോദരനായ അബ്ബാസലിയെ പ്രസിഡന്റാക്കാനാണ് സാദിഖലി തങ്ങള്‍ക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുനവറലി തങ്ങള്‍ക്ക് അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് റഷീദലി തങ്ങള്‍. ഇതില്‍ ആര് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമെന്നതാണ് സാദിഖലി തങ്ങളും ലീഗ് നേതൃത്വവും ഇപ്പോള്‍ നേരിടുന്ന ചോദ്യം.

മുനവറലി തങ്ങള്‍

ഉയരുന്ന വിമര്‍ശനങ്ങള്‍; ഉള്ളിലെ അസംതൃപ്തികള്‍

പാര്‍ട്ടിയുടെ നിയന്ത്രണം പാണക്കാട് കുടുംബത്തിലേക്ക് ഒതുങ്ങുന്നതില്‍ മുസ്ലിംലീഗിനുള്ളില്‍ അസംതൃപ്തിയുണ്ട്. സാദിഖലി തങ്ങളെ പ്രസിഡന്റാക്കാന്‍ കുടുംബം തീരുമാനിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പാണക്കാട് നിന്ന് ആരെ നിയമിക്കണമെന്ന് കുടുംബം തീരുമാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബം തീരുമാനിക്കുന്നവരെ ലീഗ് ഏറ്റെടുക്കേണ്ട സാഹചര്യം കടുത്ത വിമര്‍ശനത്തിനിടയാക്കുന്നു. കുടുംബ പാരമ്പര്യമായി പ്രസിഡന്റ് സ്ഥാനം കൈമാറുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുന്ന വ്യക്തി പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന ആളാണോയെന്ന് പോലും പരിഗണിക്കുന്നില്ലെന്നാണ് ലീഗ് നേതൃത്വത്തിനെതിരെയുമുള്ള ആക്ഷേപം.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ലെന്നതാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം. രാഷ്ട്രീയ പ്രതിസന്ധികളിലേക്ക് എം.എസ്.എഫിനെയും ഹരിതയെയും തള്ളിയിട്ടത് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലുകളാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും ഹൈദരലി ശിഹാബ് തങ്ങള്‍ക്കും സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളില്‍ ലഭിച്ച പ്രാധാന്യം സാദിഖലി തങ്ങള്‍ക്ക് ലഭിക്കുമോയെന്ന ആശങ്കയും ലീഗിനുള്ളിലുണ്ട്. മുസ്ലിം ലീഗിന്റെ മതസംഘടനയായി നില്‍ക്കുന്നതില്‍ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായതിന് പിന്നാലെ പാര്‍ട്ടിയുടെ ചുമതല സാദിഖലി തങ്ങള്‍ക്കായിരുന്നു. ഈ സമയത്താണ് വഖഫ് വിഷയത്തില്‍ പള്ളികളെ പ്രതിഷേധത്തിനുള്ള വേദിയാക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രതിഷേധ റാലിയില്‍ നേതാക്കള്‍ ലീഗിന്റെ പതിവ് ശൈലി വിട്ട് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അധിക്ഷേപിച്ചപ്പോഴും സാദിഖലി തങ്ങളുള്‍പ്പെടുന്ന നേതൃത്വം മൗനത്തിലായിരുന്നതും വിമര്‍ശനത്തിനിടയാക്കി. ഹാഗിയ സോഫിയ വിഷയത്തില്‍ ചന്ദ്രികയിലെഴുതിയ ലേഖനം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ സാദിഖലി തങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ എന്ത് നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നത് നിര്‍ണായകമായിരിക്കും.

ഉള്‍പ്പാര്‍ട്ടി വിഷയങ്ങള്‍ക്കൊപ്പം യു.ഡി.എഫിന്റെ തിരിച്ചുവരവും കോണ്‍ഗ്രസിനൊപ്പം ലീഗിന്റെ കൂടി ചുമലിലാണ്. അതില്‍ തോളോട് തോള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ അല്ലെങ്കില്‍ മറുവഴി തേടുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്ന ചോദ്യം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്ക് പുറത്ത് നിര്‍ത്തിയത് നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. ബി.ജെ.പി നേടിയ വിജയവും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പതനവും ലീഗിന് മുന്നിലുണ്ട്. ലീഗിന്റെ ഭാവിയില്‍ പാണക്കാട്ടെ രാഷ്ട്രീയ നേതാവായ സാദിഖലി ശിഹാബ് തങ്ങള്‍ എന്ത് തീരുമാനം എടുക്കുമെന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT