നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. 170-ാം നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് ചെലവ് കുറയ്ക്കാനുള്ള നീക്കമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. ആദ്യ ഘട്ടത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. അങ്ങനെ നടത്തേണ്ടി വരുമ്പോള്‍ നിലവില്‍ വ്യത്യസ്ത കാലയളവുകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിയമ നിര്‍മാണ സഭകളുടെ കാലാവധി എങ്ങനെ ഒരുപോലെ അവസാനിപ്പിക്കുമെന്നതടക്കമുള്ള ചോദ്യങ്ങള്‍ ബാക്കിയാണ്. ചെലവു കുറയ്ക്കല്‍ മാത്രമാണോ ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന സംശയം ഈ ആശയം അവതരിപ്പിച്ചപ്പോള്‍ മുതല്‍ പലരും ഉന്നയിക്കുന്നുണ്ട്. ഒട്ടും പ്രായോഗികമല്ലാത്ത ആശയമാണ് ഇതെന്നാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അവതരിപ്പിക്കപ്പെട്ട ഈ ആശയത്തെക്കുറിച്ച് പഠിക്കുന്നതിനായി രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചത്. കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇനി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി?
അടിസ്ഥാനപരമായി രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകള്‍ ചുരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യ പുരോഗതിക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രിമാര്‍ അടക്കം വിശദീകരിക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്.
1951-52 മുതല്‍ 1967 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് ഒരേ സമയത്തായിരുന്നു നടത്തി വന്നിരുന്നത്. അതിന് ശേഷം ആ രീതി തകരുകയും തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് എല്ലാ വര്‍ഷവും നടത്തേണ്ടി വരികയോ ഒരു വര്‍ഷത്തില്‍ വ്യത്യസ്ത സമയങ്ങളിലായി നടത്തേണ്ടതായോ വന്നു. ഇത് സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കുന്ന ഒന്നായി മാറി. സുരക്ഷാ സൈന്യങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ പ്രാഥമിക ചുമതലകളില്‍ നിന്ന് മാറ്റി ദീര്‍ഘകാലത്തേക്ക് തെരഞ്ഞെടുപ്പും അനുബന്ധ ജോലികളിലേക്കും നിയോഗിക്കേണ്ടതായും വന്നു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസം നേരിടുന്ന സാഹചര്യമുണ്ടായി.
എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പുകള്‍ വരുന്ന സമ്പ്രദായത്തിന് അറുതി വേണമെന്നും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്ന കാലത്തേക്ക് മടങ്ങണമെന്നും നിയമ കമ്മീഷന്റെ 170-ാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള ഭാഗത്ത് നിരീക്ഷിക്കുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് മുന്‍കൂട്ടി പറയാനാവില്ല. എങ്കിലും മറ്റ് സാഹചര്യങ്ങളില്‍ നിയമസഭകളിലേക്ക് വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായി കാണണം. നിയമമെന്നത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാകണം.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2015 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് പഠിക്കുകയും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. പദ്ധതി നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാംനാഥ് കോവിന്ദ് കമ്മിറ്റി പറഞ്ഞത്
32 ദേശീയ പാര്‍ട്ടികളും മുന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും അടക്കമുള്ളവര്‍ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കമ്മിറ്റി പറയുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ക്ക് കുറേക്കൂടി എളുപ്പമാകുന്നുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പോലും സ്വാധീനിക്കുമെന്നൊക്കെയാണ് സമിതിയുടെ കണ്ടെത്തലുകള്‍. തെരഞ്ഞെടുപ്പുകള്‍ ഒറ്റ റൗണ്ടില്‍ നടക്കുന്നത് നയം മാറ്റങ്ങളെക്കുറിച്ച് കോര്‍പറേറ്റുകള്‍ക്കും ബിസിനസുകള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന നിരീക്ഷണവും കമ്മിറ്റി നടത്തുന്നുണ്ട്.
സര്‍ക്കാര്‍ പറയുന്നത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാന്‍ അര്‍ഹരായ വോട്ടര്‍മാരുടെ ഒരു പട്ടിക തയ്യാറാക്കിക്കൊണ്ട് നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ നടപ്പാക്കാനാകും?
നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്ന വളരെ കുറച്ച് സംസ്ഥാനങ്ങളേയുള്ളു. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ ഒരേസമയം തെരഞ്ഞെടുപ്പ് നടന്നത്. ഇരു തെരഞ്ഞെടുപ്പുകളും ഒരേ വര്‍ഷം നടക്കുന്നതും ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം. ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഇനി 2028ല്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മതിയാകും. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മറ്റ് തെരഞ്ഞെടുപ്പുകളും നടത്താനാണ് പദ്ധതിയെങ്കില്‍ നിയമ സഭകളുടെ കാലാവധി സംബന്ധിച്ച് എന്തു തീരുമാനമാകും സ്വീകരിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പ്രതിപക്ഷം പറയുന്നത്
32 പാര്‍ട്ടികള്‍ അനുകൂലിച്ചുവെന്നാണ് കോവിന്ദ് സമിതി പറയുന്നതെങ്കിലും കോണ്‍ഗ്രസ് അടക്കം 15 പാര്‍ട്ടികള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നു. ഈ പദ്ധതി പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം മാത്രമാണ് ഇത്. ഇത് വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ ഈ നീക്കത്തെ അംഗീകരിക്കില്ല, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ മറ്റു വിഷയങ്ങളൊന്നും ഉന്നയിക്കാനില്ലെങ്കില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബിജെപി ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിംഗ് നടക്കുന്ന ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഖാര്‍ഗേയുടെ വിമര്‍ശനം. നിലവിലുള്ള ഭരണഘടനയനുസരിച്ച് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും നിയമ വിദഗ്ദ്ധനുമായ പി.ചിദംബരം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.