ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം എന്ന പേരുമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെട്ട അടല്‍ സേതുവില്‍ വിള്ളല്‍ കണ്ടെത്തിയെന്ന് കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയാണ് പാലത്തില്‍ പരിശോധന നടത്തി ദൃശ്യങ്ങള്‍ അടക്കം പുറത്തു വിട്ടത്. നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണും കോണ്‍ഗ്രസ് ഉന്നയിച്ചു. ഉദ്ഘാടനം നടത്തി മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാലം തകരാറിലായെന്നും നവി മുംബൈക്ക് സമീപം അര കിലോമീറ്ററോളം ഭാഗം ഒരടിയോളം താഴ്ന്നിട്ടുണ്ടെന്നും പട്ടോലെ പറഞ്ഞു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന അടല്‍ സേതുവിന്റെ നിര്‍മാണത്തിനായി സംസ്ഥാനം 18,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പട്ടോലെ വ്യക്തമാക്കി.
പട്ടോലെ പരിശോധന നടത്തുന്നതിന്റെയും പാലത്തില്‍ പ്രത്യക്ഷപ്പെട്ട വിള്ളലുകളുടെയും വീഡിയോ മാധ്യമങ്ങള്‍ പുറത്തു വിട്ടു. അതേസമയം വിള്ളല്‍ കണ്ടത് പാലത്തിലല്ലെന്നാണ് ബിജെപിയും പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ മുംബൈ മെട്രോപോളിറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയും വിശദീകരിക്കുന്നത്. അപ്രോച്ച് റോഡിലാണ് വിള്ളലുണ്ടായതെന്ന് ബിജെപി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അടല്‍ സേതുവില്‍ വിള്ളലുകളൊന്നും ഇല്ലെന്നും പാലത്തിന് അപകടാവസ്ഥയില്ലെന്നുമാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെടുന്നത്.
21.8 കിലോമീറ്റര്‍ നീളമുള്ള അടല്‍ സേതുവിന്റെ 16.5 കിലോമീറ്ററും കടലിനു മുകളിലൂടെയാണ് കടന്നു പോകുന്നത്. 17,840 കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവായത്.