രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 
Politics

‘പാലായില്‍ നിന്ന് പഠിക്കേണ്ടതായിരുന്നു’; നേതൃത്വത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ‘ഒറ്റക്കെട്ടായില്ലെങ്കില്‍ വോട്ട് കിട്ടില്ല’

THE CUE

കോന്നിയിലും വട്ടിയൂര്‍ക്കാവിലും യുഡിഎഫ് പരാജയത്തിലേക്ക് നീങ്ങവെ കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെതിരെ ഒളിയമ്പെയ്തും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ചും രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വിജയിക്കാമായിരുന്നെന്ന് കാസര്‍കോട് എംപി പ്രതികരിച്ചു. പാലായില്‍ കണ്ടതില്‍ നിന്നും പാഠം പഠിക്കേണ്ടതായിരുന്നു. എവിടൊക്കെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നിട്ടുണ്ടോ അവിടെല്ലാം യുഡിഎഫ് ജയിച്ചിട്ടുണ്ട്. എവിടെയൊക്കെ മുന്നണിയിലും പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസവും ഒണ്ടോ അവിടൊക്കെ ജനങ്ങള്‍ യുഡിഎഫിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.

നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെങ്കില്‍ വോട്ടുതരില്ലെന്ന സന്ദേശം ജനങ്ങള്‍ നല്‍കുന്നുണ്ട്. അത് കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും ചെവിക്കൊള്ളണം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വരുമ്പോള്‍ പ്രഖ്യാപനം കഴിഞ്ഞാല്‍ പിന്നെ അപശബ്ദങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അതുണ്ടായി. അത് യുഡിഎഫില്‍ ഇനിയും അനുവദിക്കാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെ പിന്തള്ളി എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ മുന്നേറ്റം തുടരുകയാണ്.

23 വര്‍ഷം കോന്നി എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായിരുന്നു അടൂര്‍ പ്രകാശിന് താല്‍പര്യം. ഇതിനെ മറികടന്നാണ് മുന്‍ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ പി മോഹന്‍രാജിനെ മത്സരിപ്പിച്ചത്. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ അടൂര്‍ പ്രകാശ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ബഹിഷ്‌കരിക്കാനൊരുങ്ങിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുയായിരുന്നു. കോന്നിയില്‍ വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് വിട്ടുനിന്നിരുന്നത് വാര്‍ത്തയായിരുന്നു. പാര്‍ലമെന്ററി സമിതി യോഗം നടക്കുന്നതിനാല്‍ ദില്ലിയിലാണെന്നാണ് അടൂര്‍ പ്രകാശ് കാരണമായി പറഞ്ഞത്. കൊട്ടിക്കലാശത്തിനും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നില്ല.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വിജയമുറപ്പിച്ചു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലും വന്‍ മുന്നേറ്റമാണ് പ്രശാന്ത് നടത്തിയത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനമികവാണ് മുന്നേറ്റത്തിന് പിന്നിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു.

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

SCROLL FOR NEXT